
ബിഗ് ബോസ് മലയാളം സീസൺ 6ലൂടെ മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധനേടിയവരാണ് ആദിലയും നൂറയും. അതിന് മുൻപ് സോഷ്യൽ മീഡിയയിൽ തിളങ്ങിയവരായിരുന്നു ഇരുവരും. എന്നാൽ ലെസ്ബിയൻസ് കപ്പിൾസ് ആയതുകൊണ്ട് തന്നെ നിരവധി ആരോപണങ്ങളും വിമർശനങ്ങളും ഒഴിവാക്കലുകളും കളിയാക്കലുകളുമെല്ലാം ഇവർക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ബിഗ് ബോസിൽ എത്തിയതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. തങ്ങളിൽ ഒരാളെ പോലെയാണ് ആദിലയും നൂറയും എന്ന് മലയാളികളിൽ ഭരിഭാഗം പേർക്കും മനസിലായി. അവർക്ക് ഇപ്പോൾ ലഭിക്കുന്ന പിന്തുണകൾ തന്നെയാണ് അതിന് ഉദാഹരണവും.
ഷോയ്ക്ക് ശേഷം തങ്ങളുടേതായ മേഖലയിലെ വർക്കുകളും സോഷ്യൽ മീഡിയയിൽ സജീവവുമായി മുന്നോട്ട് പോകുകയാണ് ആദിലയും നൂറയും. ഇതിനിടയിൽ ഇവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുകയാണ്. ഓൺലൈൻ മാധ്യമങ്ങളോട് ക്ഷുഭിതയായി സംസാരിച്ച ആദിലയുടെ വീഡിയോ ആണിത്. കഴിഞ്ഞ ദിവസം ഒരു ഷോപ്പ് ഉദ്ഘാടത്തിന് എത്തിയതായിരുന്നു ആദിലയും നൂറയും. പതിവ് പോലെ ഇവരുടെ ബൈറ്റ് എടുക്കാനായി ഓൺലൈൻ മാധ്യമങ്ങളും എത്തി.
ബൈറ്റ് എടുക്കാൻ തിക്കും തിരക്കും കൂട്ടിയ ഇവർ ആദിലയുടെയും നൂറയുടേയും ഏറ്റവും അടുത്തായിരുന്നു നിന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ആദില, 'എന്നാൽ പിന്നെ എന്റെ തോളത്ത് കയറി ഇരിക്ക് എല്ലാവരും', എന്നാണ് ക്ഷുഭിതയായി പറഞ്ഞത്. ദേഷ്യം വന്നാണ് പറഞ്ഞതെങ്കിലും പിന്നീട് ചിരിച്ച് കൊണ്ട് അവിടെ നിന്നും പോകുകയും ചെയ്യുന്നുണ്ട്. ഇത് കണ്ട് ചിരിക്കുക മാത്രമാണ് നൂറ ചെയ്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ആദിലയുടെ പ്രതികരണത്തെ പിന്തുണച്ച് കൊണ്ടുള്ളതാണ് ഭൂരിഭാഗം കമന്റുകളും. 'കിട്ടിയോ ഇല്ല. ചോദിച്ച് വാങ്ങി, ഇങ്ങനെ തന്നെ ഇവരൊടൊക്കെ പ്രതികരിക്കണം. ഒരു വ്യകതിയുടെ അതിർവരമ്പും മറികടന്നാണ് ബൈറ്റുകൾ എടുക്കുന്നത്. ഇവർക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു', എന്നിങ്ങനെ പോകുന്നു കമന്റുകൾ.