വിജയ്ക്ക് 'ആദരാഞ്ജലി' നേര്‍ന്ന് ട്വിറ്ററില്‍ അജിത്ത് ആരാധകര്‍; അമ്പരന്ന് തമിഴ് സിനിമാലോകം

Published : Jul 29, 2019, 06:23 PM ISTUpdated : Jul 29, 2019, 08:04 PM IST
വിജയ്ക്ക് 'ആദരാഞ്ജലി' നേര്‍ന്ന് ട്വിറ്ററില്‍ അജിത്ത് ആരാധകര്‍; അമ്പരന്ന് തമിഴ് സിനിമാലോകം

Synopsis

മലയാളത്തിലെ മോഹന്‍ലാല്‍-മമ്മൂട്ടി ആരാധക പോരിന്റെ പലമടങ്ങ് ചെടിപ്പിക്കുന്ന വെര്‍ഷനാണ് തമിഴില്‍ അജിത്ത്കുമാര്‍-വിജയ് ആരാധകര്‍ തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തി പരസ്പരം ചെളി വാരിയെറിയാന്‍ ഹാഷ് ടാഗ് ക്യാംപെയ്‌നുകള്‍ പലവട്ടം നടത്തിയിട്ടുണ്ട് ഇക്കൂട്ടര്‍.  

സിനിമയിലെ വ്യത്യസ്ത താരാരാധക സംഘങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് പണ്ടേക്കുപണ്ടേ എല്ലാ ഇന്‍ഡസ്ട്രികളിലും ഉള്ളതാണ്. പക്ഷേ ഇന്റര്‍നെറ്റ് കാലത്തെ സോഷ്യല്‍ മീഡിയാ സാധ്യതകള്‍ അത്തരം ചേരിപ്പോരുകളെ പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നുവെന്ന് മാത്രം. മലയാളത്തിലെ മോഹന്‍ലാല്‍-മമ്മൂട്ടി ആരാധക പോരിന്റെ പലമടങ്ങ് ചെടിപ്പിക്കുന്ന വെര്‍ഷനാണ് തമിഴില്‍ അജിത്ത്കുമാര്‍-വിജയ് ആരാധകര്‍ തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തി പരസ്പരം ചെളി വാരിയെറിയാന്‍ ഹാഷ് ടാഗ് ക്യാംപെയ്‌നുകള്‍ പലവട്ടം നടത്തിയിട്ടുണ്ട് ഇക്കൂട്ടര്‍. ഇപ്പോഴിതാ തമിഴ് സിനിമാലോകത്തെ തന്നെ ലജ്ജിപ്പിക്കുന്ന ഒരു ഹാഷ് ടാഗ് ക്യാംപെയ്‌നിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ട്വിറ്റര്‍.

ഞെട്ടിക്കുന്ന രണ്ട് ട്രെന്റിംഗ് ഹാഷ് ടാഗുകള്‍ക്കാണ് ഇന്ന് രാവിലെ തമിഴ് സിനിമാ പ്രേമികളും വിജയ്‌യെ സ്‌നേഹിക്കുന്നവരും ട്വിറ്ററില്‍ സാക്ഷ്യം വഹിച്ചത്. #RipVIJAY, #RIPActorVijay എന്നിങ്ങനെയായിരുന്നു ഹാഷ് ടാഗുകള്‍. ഇത് ദേശീയ തലത്തില്‍ തന്നെ ട്രെന്റിംഗ് ആവുകയും ചെയ്തു. വിജയ് ഫാന്‍സ് അസോസിയേഷനിലെ പലരും വിജയ്‌യുടെ ഒപ്പമുള്ള സംഘത്തെ ബന്ധപ്പെട്ട് ഈ ഹാഷ്ടാഗിന്റെ നിജസ്ഥിതി അന്വേഷിച്ചു. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ വിജയ് സൗഖ്യത്തോടെയിരിക്കുന്നുവെന്ന മറുപടിയാണ് അവര്‍ക്കൊക്കെ ലഭിച്ചത്. മാധ്യമപ്രവര്‍ത്തകരും ഇത്തരമൊരു വ്യാജപ്രചരണത്തിന്റെ ഉറവിടം തേടുന്നുണ്ടായിരുന്നു. പിന്നാലെയാണ് ഇത്തരമൊരു ക്യാംപെയ്‌നിന് പിന്നില്‍ അജിത്ത് കുമാര്‍ ആരാധകരാണെന്ന വിവരം പുറത്തുവരുന്നത്.

ഉച്ചയോടെ അജിത്ത് ആരാധകര്‍ സൃഷ്ടിച്ച വ്യാജ ക്യാംപെയ്‌നിന് ബദല്‍ ഹാഷ് ടാഗുമായി വിജയ് ആരാധകരും ട്വിറ്ററില്‍ സംഘടിച്ചെത്തി. #LongLiveActorVIJAY എന്നായിരുന്നു ആ ഹാഷ് ടാഗ്. ആ ടാഗും ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്റിംഗ് ആണ്.

ഇക്കഴിഞ്ഞ വിജയ്‌യുടെ പിറന്നാള്‍ ദിനത്തിലും അജിത്ത് ആരാധകര്‍ ട്വിറ്ററില്‍ തങ്ങളുടെ പ്രിയതാരത്തിന്റെ പേരില്‍ ക്യാംപെയ്‌നുമായി എത്തിയിരുന്നു. വിജയ്‌യുടെ പുതിയ ചിത്രം 'ബിജിലി'ന് ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു പിറന്നാള്‍ ദിനമായ 22ന് വിജയ് ആരാധകര്‍ ട്വിറ്ററില്‍ ക്യാംപെയ്‌നുമായി രംഗത്തെത്തിയത്. എന്നാല്‍ #EntrumThalaAjith എന്ന ക്യാംപെയ്‌നുമായി അജിത്ത് ആരാധകര്‍ പിന്നാലെയെത്തി. വിജയ് ആരാധകരുടെ പിറന്നാള്‍ ദിനാശംസകള്‍ക്ക് ട്വിറ്ററില്‍ ബദല്‍ സൃഷ്ടിക്കുകയായിരുന്നു ഉദ്ദേശം. 

എന്നാല്‍ തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷനെ പിരിച്ചുവിടുന്നതായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചയാളാണ് അജിത്ത്. പിന്നീട് പല ഘട്ടത്തിലും അദ്ദേഹം ഇക്കാര്യം പരസ്യമാക്കിയിട്ടുമുണ്ട്.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്