രൺബീർ-ദീപിക സൗഹൃദം തന്നെ അസ്വസ്ഥനാക്കുന്നില്ല; വെളിപ്പെടുത്തലുമായി രൺവീർ സിംഗ്

By Web TeamFirst Published Mar 3, 2019, 11:22 PM IST
Highlights

ദീപികയും രൺബീർ കപൂറും ഒരുമിച്ച് അഭിനയിക്കുന്നത് തന്നെ അസ്വസ്ഥനാക്കുന്നില്ലെന്ന് രൺവീർ പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയാണ് രൺവീർ സിംഗിന്റെ പ്രതികരണം. 

ദില്ലി: നടിയും ഭാര്യയുമായ ദീപിക പദുക്കോണും നടനും ദീപികയുടെ മുൻ കാമുകനുമായ രൺബീർ കപൂറിനെയും കുറിച്ച് തുറന്ന് പറഞ്ഞ് രൺവീർ സിം​ഗ്. ദീപികയും രൺബീർ കപൂറും ഒരുമിച്ച് അഭിനയിക്കുന്നത് തന്നെ അസ്വസ്ഥനാക്കുന്നില്ലെന്ന് രൺവീർ പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയാണ് രൺവീർ സിംഗിന്റെ പ്രതികരണം.

ദീപിക മുൻ കാമുകനായ രൺബീർ കപൂറിനൊപ്പം വർക്ക് ചെയ്യുന്നത് താങ്കളെ അസ്വസ്ഥനാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് രൺവീറിന്റെ പ്രതികരണം. ഞാനൊരിക്കലും അരക്ഷിതാവസ്ഥയുള്ള വ്യക്തിയല്ല. ഞാനെന്താണ്, ഞാനാരാണ് എന്നതിനെക്കുറിച്ച് തനിക്ക് പൂർണ ബോധ്യമുണ്ട്. താൻ സ്നേഹിക്കുന്നത് പോലെ ദീപികയെ മറ്റൊരാൾക്കും സ്നേഹിക്കാൻ കഴിയില്ലെന്ന ഉറപ്പുണ്ട്. ദീപികയെ ഭാര്യയാക്കാൻ സാധിച്ചു എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും രൺവീർ സിംഗ് പറഞ്ഞു.

രൺബീർ കപൂറിനൊപ്പം വർക്ക് ചെയ്യാനുള്ള ആഗ്രഹവും രൺവീർ പ്രകടിപ്പിച്ചു. ഞങ്ങൾക്ക് ഒന്നിച്ചു വർക്ക് ചെയ്യാനുള്ള അവസരങ്ങൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും സാധിച്ചില്ല. എന്നാൽ അടുത്ത് തന്നെ അത് സംഭവിക്കുമെന്നാണ് തോന്നുന്നത്. എനിക്കറിയാം അദ്ദേഹത്തിനും എന്റെയൊപ്പം അഭിനയിക്കണമെന്ന ആഗ്രഹമുണ്ട്. അതിനാൽ അത് നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും രൺവീർ കൂട്ടിച്ചേർത്തു.

ബ്രേക്കപ്പിനു ശേഷവും നല്ലൊരു സൗഹൃദം സൂക്ഷിക്കുന്ന ദീപികയും രൺബീർ കപൂറും അടുത്തിടെ ഒരു പരസ്യചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ പരസ്യചിത്രത്തിന്റെ ഫോട്ടോകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.  

click me!