
ബിഗ് ബോസ് (Bigg Boss) മലയാളം നാലാം സീസൺ സംഭവബഹുലമായാണ് മുന്നോട്ട് പോകുന്നത്. ഏറെ ഗ്രൗണ്ട് ലെവലിലുള്ള മത്സരങ്ങളും അതിന്റെ ആവേശവുമെല്ലാം ഷോ കൂടുതൽ ആകർഷകമായി മാറ്റുന്നുണ്ട്. എന്നാൽ ചില വലിയ സംഭവവികാസങ്ങളും ബിഗ് ബോസ് വീട്ടിൽ ഉണ്ടായി. ഏറെ ആരാധകരുള്ള മത്സരാർത്ഥിയായിട്ട് പോലും സഹ മത്സരാർഥിയെ ശാരീരികമായി ആക്രമിച്ചെന്ന് കാണിച്ച് എലിമിനേറ്റ് ചെയ്യപ്പെട്ട താരമാണ് റോബിൻ. റോബിന്റെ പുറത്താകൽ ഷോയെ സംബന്ധിച്ച് അനിവാര്യമായിരുന്നെങ്കിലും ആരാധകർ വലിയ സങ്കടത്തിലാണ്. സോഷ്യൽ മീഡിയയിലടക്കം അതിന്റെ പ്രതിഫലനങ്ങളും കാണാമായിരുന്നു.
ബിഗ് ബോസ് വീട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ റോബിന് വലിയ സ്വീകരണം നൽകിയിരുന്നു ആരാധകർ. ഈ സ്വീകരണത്തിനിടെ ഒരു പെൺകുട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് ചതിച്ചതാ ഡോക്ടറെ.. എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന പെൺകുട്ടിയായിരുന്നു ദൃശ്യങ്ങളിൽ. തനിക്ക് വേണ്ടി കരഞ്ഞ് വാദിച്ച പെൺകുട്ടിയെ തേടി എത്തിയിരിക്കുകയാണ് റോബിനിപ്പോൾ. റോബിൻ തന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലാണ് ഈ കണ്ടുമുട്ടലിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത് അമ്മുവാണ്, അവര് സ്‍നേഹം കൊണ്ടാണ് എന്നെ കാണാൻ വന്നത്. സൈബർ അറ്റാക്ക് നടത്തരുതെന്നാണ് അമ്മുവിന് വേണ്ടി റോബിൻ ആവശ്യപ്പെടുന്നത്. വലിയ ഇഷ്‍ടം കൊണ്ടാണ് അവരെല്ലാം കാണാനെത്തിയത്. അതിന് അവരെ ഉപദ്രവിക്കരുതെന്നും രാവിലെ കാണാൻ തന്നെ വന്നതാണ് എന്നുമാണ് വീഡിയോയിൽ റോബിൻ പറയുന്നത്.
ബിഗ് ബോസ് സീസൺ നാലിന്റെ എൺപത് എപ്പിസോഡുകളും കടന്ന് ഷോ മുന്നോട്ടു പോവുകയാണ്. ഷോ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ നേരിട്ട് ഫൈനലിൽ എത്തുന്നതാരെന്ന് കണ്ടത്താനുള്ള ടിക്കറ്റ് ടു ഫിനാലെയും ബിഗ് ബോസിൽ ഉണ്ടാകും. ഓരോ മത്സരാർത്ഥികളും വാശിയോടെയാണ് മത്സരം കാഴ്‍ചവയ്ക്കുന്നത്.