
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ശ്രദ്ധിക്കപ്പെട്ട താരമാണ് സിജോ ജോൺ. ഏറെ നാളായി പ്രണയിനിയായിരുന്ന ലിനുവിനെ അടുത്തിടെയാണ് സിജോ വിവാഹം ചെയ്തത്. പ്രണയകാലം മുതല്‍ വിവാഹം വരെയുള്ള വിശേഷങ്ങള്‍ ഇരുവരും വ്‌ളോഗിലൂടെ പങ്കിടുന്നുണ്ടായിരുന്നു. ഇരുവരുടെയും വിവാഹ റിസപ്ഷനിടെ, ബിഗ് ബോസിൽ സിജോയുടെ സഹമൽസരാർഥിയായിരുന്ന നോറ സിജോയുടെ മുഖത്ത് കേക്ക് തേച്ചതും ഇതേക്കുറിച്ച് ദിയ കൃഷ്ണ പ്രതികരിച്ചതുമൊക്കെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതേക്കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിജോ. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
നോറ ചെയ്ത പ്രവൃത്തിയ ന്യായീകരിക്കുന്നില്ല. അത് താൻ ചെയ്താലും തെറ്റാണ്. എന്നാൽ തനിക്കോ ലിനുവിനോ അതിൽ യാതൊരു പ്രശ്നവുമില്ലാത്ത സ്ഥിതിക്ക് മറ്റൊരാൾ ഈ വിധത്തിൽ അതേക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും സിജോ അഭിമുഖത്തിൽ പറഞ്ഞു. ''ആർക്കും അഭിപ്രായം പറയാം. പക്ഷേ, പറഞ്ഞ രീതിയാണ് എനിക്ക് ഇഷ്ടപ്പെടാത്തത്. എന്റെ ഭർത്താവിന്റെ മുഖത്തായിരുന്നു കേക്ക് തേച്ചതെങ്കിൽ അയാൾ പിന്നെ ഉണ്ടാകില്ല എന്നു പറഞ്ഞാൽ എന്താണ് അർത്ഥം? അവർ കൊന്നുകളയുമോ? ഈ സംഭവത്തിനു ശേഷം നോറ നല്ല വിഷമത്തിലായിരുന്നു. അപ്പോൾ അവൾക്കൊപ്പം നിൽക്കേണ്ടതും ഈ വിഷയത്തിൽ ഒരു ക്ലാരിറ്റി നൽകേണ്ടതും ഒരു സുഹൃത്ത് എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്'', സിജോ കൂട്ടിച്ചേർത്തു.
"ശരിക്കും ഇവർ ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷേ, നമ്മുടെ ഏറ്റവും സ്‌പെഷ്യൽ ആയ ദിവസം ആരെങ്കിലും എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവൻ അല്ലെങ്കിൽ അവൾ പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ല," എന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം.
സിജോയുടെ വിവാഹത്തിനെത്തിയ ബിഗ് ബോസ് താരങ്ങളുടെ കളിതമാശകളുടെ റീലുകളെല്ലാം വൈറലായിരുന്നു. ഇതിനിടെയാണ് സിജോയുടെ മുഖത്ത് കേക്ക് വാരിത്തേക്കുന്ന നോറയുടെ വിഡിയോയും വൈറലായത്.