
സമീപകാലത്തായി ടിവികെയ്ക്ക് എതിരെയും വിജയ്ക്ക് എതിരെയും വീഡിയോകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് മുൻ തമിഴ് ബിഗ് ബോസ് താരവും നടിയുമായ മരിയ ജൂലിയാന. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് സമയത്തും തൃഷയുമായി ബന്ധപ്പെടുത്തിയുമെല്ലാം നിരവധി ആരോപണങ്ങൾ ഡിഎംകെ അനുഭാവി കൂടിയായ ജൂലി ഉയർത്തിയിരുന്നു. വിജയ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷവും ജൂലി ഇത് ആവർത്തിച്ചു. ഇപ്പോഴിതാ വിജയ്ക്കും ടിവികെയ്ക്കും അനുയായികൾക്കും എതിരെ അതീവ ഗുരുതരമായ ആരോപണവുമായി ജൂലി രംഗത്ത് എത്തിയിരിക്കുകയാണ്.
തന്റെ ആദ്യ ഗർഭം അലസിയെന്നും അതിന് കാരണം ടിവികെ പ്രവർത്തകരുടേയും വിജയ് ആരാധകരുടേയും കടുത്ത സൈബർ ആക്രമണവും മാനസിക പീഡനവുമാണെന്നാണ് ജൂലി ആരോപിക്കുന്നത്. ഇതിന് ഉത്തരവാദി 'വിജയ് അണ്ണൻ' ആണെന്നും ജൂലി പറഞ്ഞു. തനിക്കെതിരെ വന്ന 15 ലക്ഷം രൂപയുടെ കിഡ്നി തട്ടിപ്പ് കേസ് ആരോപണത്തിന് പിന്നിലും ടിവികെ പ്രവർത്തകരാണെന്നും ജൂലി ആരോപിക്കുന്നു. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന അപകീർത്തിപരമായ ആരോപണങ്ങൾക്കും ട്രോളുകൾക്കും എതിരെ കഴിഞ്ഞ മാസം ജൂലി പൊലീസിൽ പരാതി നൽകിയിരുന്നു. എട്ട് പേർക്കെതിരെ ആയിരുന്നു ജൂലിയുടെ പരാതി. മാനനഷ്ടകേസ് ആണ് ഇവർക്കെതിരെ ഫയൽ ചെയ്തിരിക്കുന്നതാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
"ഒരു ടിവികെ അനുഭാവിയും അഭിഭാഷകനുമാണ് എനിക്കെതിരെ വന്ന കേസുകൾക്ക് പിന്നിൽ. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു എന്റെ വിവാഹം. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടമായി. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ടമായി. ഓൺലൈനിൽ ഉയർന്ന സൈബർ ബുള്ളിയിംഗ് കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഞാൻ. അത് കാരണമാണ് എൻ്റെ കുഞ്ഞ് മരിച്ചത്. എനിക്ക് വേണമെങ്കിൽ ഇക്കാര്യം സഹതാപത്തിനായി ഉപയോഗിക്കാം. പക്ഷേ അത് ഞാൻ ചെയ്യില്ല. എന്നെയും കുടുംബത്തെ അപകീർത്തിപ്പെടുത്ത കാര്യങ്ങളാണ് അവർ നടത്തുന്നത്. അത് കാരണം ഒരു സ്ത്രീ ടിവികെയ്ക്ക് എതിരെ സംസാരിച്ചത് കൊണ്ടാണ്. ഒരു മനസാക്ഷിയും ഇല്ലാതെ നിങ്ങൾ(ടിവികെ) അവളുടെ(ജൂലി) പേരിനെ ഇല്ലാതാക്കി", എന്ന് മാധ്യമങ്ങളോട് ജൂലി പറഞ്ഞു.
"എൻ്റെ കുട്ടി നഷ്ടപ്പെട്ടതിന് ഉത്തരവാദി വിജയ് അണ്ണനാണ്. അദ്ദേഹം അത് നേരിട്ട് ചെയ്യില്ല ! പക്ഷേ അദ്ദേഹം അവരോട് ഒന്ന് പിന്മാറാൻ പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. എനിക്ക് നഷ്ടമായത് ഒരിക്കലും നഷ്ടമാകില്ലായിരുന്നു", എന്ന് പറഞ്ഞ് ജൂലി മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുകയും ചെയ്തു.