ഓട്ടോറിക്ഷയില്‍ വിക്രത്തിന്‍റെ അപ്രതീക്ഷിത എന്‍ട്രി; 'കോബ്ര' കാണാന്‍ പുലര്‍ച്ചെ ആരാധകര്‍ക്കൊപ്പം

By Web TeamFirst Published Aug 31, 2022, 10:44 AM IST
Highlights

ചെന്നൈ രോഹിണി സില്‍വര്‍സ്ക്രീന്‍സിലാണ് പുലര്‍ച്ചെയുള്ള പ്രദര്‍ശനം കാണാന്‍ വിക്രം എത്തിയത്

വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കോബ്ര. മൂന്ന് വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന വിക്രം ചിത്രം എന്നതും പ്രേക്ഷകാവേശം ഉയര്‍ത്തിയ ഘടകമാണ്. മികച്ച തുകയാണ് ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ തമിഴ്നാട്ടില്‍ നിന്ന് നേടിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയുള്ള കണക്ക് അനുസരിച്ച് ചിത്രം നേടിയത് 5.3 കോടി ആയിരുന്നു. ആരാധകരുടെ ഈ ആവേശത്തിനൊപ്പം ചേരാന്‍ വിക്രം നേരിട്ട് തിയറ്ററിലെത്തി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. മകന്‍ ധ്രുവ് വിക്രവും പ്രദര്‍ശനത്തിന് എത്തിയിരുന്നു.

ചെന്നൈ രോഹിണി സില്‍വര്‍സ്ക്രീന്‍സിലാണ് പുലര്‍ച്ചെയുള്ള പ്രദര്‍ശനം കാണാന്‍ വിക്രം എത്തിയത്. വിക്രം ഈ തിയറ്ററിലാണ് എത്തുകയെന്ന് നേരത്തെ വിവരം പരന്നതിനാല്‍ വലിയ ആരാധകസംഘം തിയറ്ററിലേക്കുള്ള വഴികളില്‍ തന്നെ തടിച്ചുകൂടിയിരുന്നു. തിരക്ക് കാരണം കാര്‍ മുന്നോട്ടെടുക്കാന്‍ കഴിയാതിരുന്നതോടെ ബാക്കിയുള്ള ദൂരം ഒരു ഓട്ടോറിക്ഷയിലാണ് വിക്രം സഞ്ചരിച്ചത്. വിക്രം എത്തുമെന്ന് അറിയുമായിരുന്നെങ്കിലും ഓട്ടോറിക്ഷയില്‍ പ്രിയതാരത്തിന്‍റെ എന്‍ട്രി ആരാധകര്‍ക്ക് കൌതുകം പകര്‍ന്നു. അതിനകം ഹൌസ്ഫുള്‍ ആയിരുന്ന തിയറ്ററിലേക്ക് വിക്രം എത്തിയതോടെ വന്‍ കരഘോഷമുയര്‍ന്നു. വൈകാതെ സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുകയും ചെയ്തു. വിക്രം എത്തിയതിനു പിന്നാലെ മറ്റൊരു വാഹനത്തില്‍ മകന്‍ ധ്രുവ് വിക്രവും എത്തി. ആദ്യദിന പ്രദര്‍ശനങ്ങള്‍ക്ക് താരങ്ങള്‍ പലപ്പോഴും എത്താറുള്ള തിയറ്റര്‍ ആണ് രോഹിണി സില്‍വര്‍സ്ക്രീന്‍സ്. വിക്രം ആദ്യദിന പ്രദര്‍ശനം കാണാന്‍ കമല്‍ ഹാസനും ഇവിടെയാണ് എത്തിയത്. 

അതേസമയം ചിത്രത്തെക്കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളാണ് പുലര്‍ച്ചെ നടന്ന ആദ്യ പ്രദര്‍ശനങ്ങള്‍ക്കുശേഷം ലഭിക്കുന്നത്. വിക്രത്തിന്‍റെ സ്ക്രീന്‍ പ്രസന്‍സും പ്രകടനവും അജയ് ജ്ഞാനമുത്തുവിന്‍റെ സംവിധാന മികവുമെല്ലാം പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്. നെഗറ്റീവ് അഭിപ്രായങ്ങള്‍ ട്വിറ്ററില്‍ വളരെ കുറവാണ്. ചിത്രത്തിന്‍റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യം ഒരു പോരായ്മായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം ചിത്രം വിക്രത്തിന് അടുത്ത ബോക്സ് ഓഫീസ് വിജയം നേടിക്കൊടുക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

- along with celebrating with fans at

Team ending the promotional tour in a best way possible at pic.twitter.com/5WLHkNWdUE

— Rohini SilverScreens (@RohiniSilverScr)

കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ഇര്‍ഫാന്‍ പത്താന്‍, കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ.

ALSO READ : വിക്രത്തിന്‍റെ തിരിച്ചുവരവ്? 'കോബ്ര' ആദ്യദിന പ്രതികരണങ്ങള്‍

click me!