Asianet News MalayalamAsianet News Malayalam

വിക്രത്തിന്‍റെ തിരിച്ചുവരവ്? 'കോബ്ര' ആദ്യദിന പ്രതികരണങ്ങള്‍

തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗിന് വന്‍ പ്രതികരണമാണ് ലഭിച്ചത്

cobra fdfs audience reviews twitter chiyaan vikram R Ajay Gnanamuthu a r rahman
Author
First Published Aug 31, 2022, 9:17 AM IST

വിക്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുന്ന ആദ്യ ചിത്രം അന്ന്യന്‍ ആയിരിക്കും. അതിനു മുന്‍പും ശേഷവും വിക്രത്തിന് അത്രത്തോളം ബ്രേക്ക് നല്‍കിയ മറ്റൊരു ചിത്രമില്ല. 10 വര്‍ഷത്തിനു ശേഷം എത്തിയ ഷങ്കറിന്‍റെ തന്നെ ഐ ബോക്സ് ഓഫീസ് വിജയം ആയിരുന്നെങ്കിലും അന്ന്യന്‍ നേടിയ ജനപ്രീതിയുടെ അടുത്തെത്താനായില്ല. ഈ വിജയങ്ങള്‍ക്കൊപ്പം എത്താവുന്നവയൊന്നും സമീപകാലത്ത് വിക്രത്തില്‍ നിന്നും ഉണ്ടായിട്ടില്ല എന്നത് അദ്ദേഹത്തിന്‍റെ ആരാധകരെ നിരാശരാക്കുന്ന ഒന്നാണ്. ഓരോ വിക്രം ചിത്രം വരുമ്പോഴും അവര്‍ അത്തരത്തിലൊന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അജയ് ജ്ഞാനമുത്തുവിന്‍റെ സംവിധാനത്തില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന കോബ്ര ഇന്ന് തിയറ്ററുകളില്‍ എത്തുമ്പോഴും ഒരു ബ്ലോക്ക്ബസ്റ്റര്‍ ആണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷമുള്ള പ്രതികരണങ്ങള്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്.

പൊതുവെ പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം ലഭിക്കുന്നത്. ഫസ്റ്റ് ഹാഫ് ഏറെ ത്രില്ലിം​ഗ് ആണെന്നും രണ്ടാം പകുതി വിക്രത്തിന്‍റെ ചില മാസ് രം​ഗങ്ങളും ട്വിസ്റ്റും ചേര്‍ന്നതാണെന്നും വിക്രത്തിന്‍റെ ഒരു തിരിച്ചുവരവ് ആയിരിക്കും ഇതെന്നും രാജ് എന്ന പ്രേക്ഷകന്‍ കുറിക്കുന്നു. വിക്രവും അജയ് ‍ജ്ഞാനമുത്തുവും സം​ഗീതം പകര്‍ന്ന എ ആര്‍ റഹ്‍മാനും ഒരേപോലെ കൈയടി അര്‍ഹിക്കുന്നുണ്ടെന്നും അവരുടെ മൂന്ന് വര്‍ഷത്തെ കഠിനാധ്വാനത്തിന്‍റെ പ്രതിഫലമാണ് ഇതെന്നും വിഷ്ണു എന്ന പ്രേക്ഷകന്‍ കുറിക്കുന്നു. ചിത്രത്തിന്‍റെ ഇന്‍റര്‍വെല്‍ ട്വിസ്റ്റിനെക്കുറിച്ചും നല്ല അഭിപ്രായമാണ് പ്രേക്ഷകര്‍ക്ക്. വിക്രത്തിന്‍റെ സ്ക്രീന്‍ പ്രസന്‍സിനെക്കുറിച്ചും പോസിറ്റീവ് അഭിപ്രായങ്ങളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. നായിക ശ്രീനിധി, ഇര്‍ഫാന്‍ ഖാന്‍, പശ്ചാത്തല സം​ഗീതം, ഛായാ​ഗ്രഹണം എന്നിവയെല്ലാം മികച്ചതാണെന്ന് സികെ റിവ്യൂസ് എന്ന ഹാന്‍ഡില്‍ കുറിക്കുന്നു. ​മികച്ചത് എന്നതിനൊപ്പം എബോ ആവറേജ് അഭിപ്രായങ്ങളും കിട്ടുന്നുണ്ട് ചിത്രത്തിന്. അതേസമയം പൂര്‍ണ്ണമായും നെ​ഗറ്റീവ് പ്രതികരണങ്ങളൊന്നും വരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്‍റെ ദൈര്‍ഘ്യം ഒരു പ്രശ്നമായി പ്രേക്ഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 3 മണിക്കൂര്‍ 3 മിനിറ്റ് ആണ് കോബ്രയുടെ റണ്ണിം​ഗ് ടൈം. അല്‍പസ്വല്‍പം ട്രിമ്മിം​ഗിലൂടെ ഇടയ്ക്ക് തോന്നുന്ന ലാ​ഗ് പരിഹരിക്കാമെന്നും അങ്ങനെയെങ്കില്‍ മികച്ച ബോക്സ് ഓഫീസ് വിജയമാണ് ചിത്രത്തെ കാത്തിരിക്കുന്നതെന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്.

തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗിന് വന്‍ പ്രതികരണമാണ് ലഭിച്ചിരുന്നത്. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം തമിഴ്നാട്ടില്‍ നിന്നു മാത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതുവരെ നേടിയത് 5.3 കോടിയാണ്. 307 തിയറ്ററുകളിലെ 2070 ഷോകള്‍ ട്രാക്ക് ചെയ്‍തതില്‍ നിന്നുള്ള സംഖ്യയാണ് ഇത്. വൈകിട്ട് 3 മണി വരെയുള്ള ട്രാക്കിംഗ് അനുസരിച്ചുള്ള തുകയാണ് ഇതെന്ന് സിനിട്രാക്ക് അറിയിച്ചിരുന്നു. മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍ മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാന്‍ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു. 

കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ.

ALSO READ : തമിഴ്നാട് അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ കുതിപ്പ്; റിലീസിനു മുന്‍പേ 'കോബ്ര' നേടിയത്

Follow Us:
Download App:
  • android
  • ios