
കാലങ്ങളായി സിനിമയിലും സീരിയലിലും സ്റ്റേജ് ഷോകളിലുമെല്ലാം നിറ സാന്നിധ്യമായി നിൽക്കുന്ന ആളാണ് ധന്യ മേരി വർഗീസ്. ബിഗ് ബോസിലും എത്തി മികച്ച പ്രകടനം കാഴ്ചവച്ച് ഫൈനലിസ്റ്റുവരെ ആകാൻ ധന്യയ്ക്ക് സാധിച്ചിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് കൃപാസനത്തിൽ പോയി സാക്ഷ്യം പറഞ്ഞ ധന്യയുടെ വീഡിയോ പുറത്തുവന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് നിരവധി പരിഹാസവും ധന്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ധന്യ.
'കൃപാസനത്തിൽ ചെല്ലുമ്പോൾ തന്നെ അത്ഭുതം സംഭവിക്കുമെന്നല്ല. അവിടെ ചെല്ലുമ്പോൾ ഉടമ്പടി ഉണ്ടാകും. അതായത് നമ്മുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തണം. നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ വച്ച് ദിവസേന പ്രാർത്ഥിക്കണം. ആളുകളെ സഹായിക്കുക, സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുക അങ്ങനെ ഒക്കെ. അത്ഭുതങ്ങൾ എന്നതിനെക്കാൾ ഉപരി, നമ്മൾ ബെറ്ററാകുമ്പോൾ കിട്ടുന്ന കുറേ അനുഗ്രഹങ്ങൾ ഇല്ലേ. അതാണ്. എനിക്ക് അങ്ങനെയാണ് തോന്നിയത്. നമ്മുടെ മനസിലെ ഒരു വിഷമം ചിലപ്പോൾ പ്രാർത്ഥിക്കുമ്പോൾ, എവിടെന്നായാലും ദൈവം കാണുമെന്നില്ലേ. അതാണ്. അതിനൊരു മീഡിയം വേണമല്ലോ. മാതാവിനെ ഒരു മീഡിയേറ്ററായിട്ടാണ് കാണുന്നത്. നമ്മൾ ആഗ്രഹിക്കുന്ന കാര്യത്തിലേക്കുള്ളൊരു വഴി. അങ്ങനെ ഒരു വിശ്വാസമാണെനിക്ക്. എന്റെ ആഗ്രങ്ങൾ വാങ്ങിയെടുക്കുന്നതിനെക്കാൾ ഉപരി, എന്റെ വിഷമങ്ങൾ പറയാനുള്ള മീഡിയേറ്ററാണ്. എന്റെ ആവശ്യമനുസരിച്ച് അവ മാറ്റിത്തരുന്നൊരു പവറുണ്ട്. അതാണ് എന്റെ വിശ്വാസം. വിശ്വസിച്ചാൽ എന്തും കിട്ടുമെന്ന് പറയില്ലേ. ഇത്രയും ദിവസം വന്ന് പ്രാർത്ഥിക്കുകൾ നമുക്കത് കിട്ടുമെന്ന വിശ്വാസമാണ് നേടി തരുന്നത്. വലിയ അത്ഭുതം എന്നൊക്കെ പറയാറുണ്ട്. അങ്ങനെയല്ല കാണേണ്ടതെന്നാണ് എന്റെ വിശ്വാസം. നമുടെ ഉറച്ച വിശ്വാസമാണ്. ചോദിക്കുവിൻ കിട്ടും എന്ന വിശ്വാസം', എന്ന് ധന്യ പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
'എന്റെ കൂടി വർക്ക് ചെയ്താളുടെ ഭാര്യയാണ് കൃപാസനത്തെ കുറിച്ച് എന്നോട് പറഞ്ഞതെന്ന് തോന്നുന്നു. അവരവിടെ സ്ഥിരം പോകുന്ന ആളാണ്. ആറ് വർഷം മുൻപാണ്. ഇക്കാര്യം എന്റെ മനസിൽ കിടക്കുകയായിരുന്നു. ഒരു പ്രധാന ആവശ്യം എനിക്ക് വന്നു. മമ്മിക്ക് വേണ്ടി. ദൈവത്തിൽ മാത്രമാണ് അഭയം എന്ന് തോന്നുന്ന സമയമില്ലേ. അങ്ങനെ പോയതാണ്. ഞാൻ ആവശ്യപ്പെട്ട് പ്രാർത്ഥിച്ച ഒന്ന് രണ്ട് കാര്യങ്ങൾക്ക് ഉത്തരം കിട്ടി. അത് സാക്ഷ്യം പറയണമെന്നും തോന്നി', എന്നും ധന്യ കൂട്ടിച്ചേർത്തു.