
മലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടനും ബിജെപി പ്രവർത്തകനുമായ നടൻ കൃഷ്ണ കുമാറിന്റേത്. നാല് പെൺമക്കളും ഭാര്യ സിന്ധുവും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. മകൾ ദിയ കൃഷ്ണ വിവാഹിതയായതോടെ ഭർത്താവ് അശ്വിന്‍ ഗണേഷും കുടുംബത്തിന്‍റെ ഭാഗമാണ്. ഇവര്‍ക്ക് നിയോം എന്ന പേരില്‍ ഒരു മകനുമുണ്ട്. ഓമി എന്നാണ് നിയോമിനെ ഇവര്‍ വിളിക്കുന്നത്. വീട്ടിലെ എല്ലാവരേയും പോലെ തന്നെ ഓമിക്കും ആരാധകർ ഏറെയാണ്. ഇൻസ്റ്റാഗ്രാമിൽ ഓമിക്കായി പ്രത്യേകം പേജും ദിയ കൃഷ്ണ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൃഷ്ണ കുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോയിരുന്നു. ഇതിന്റെ ഫോട്ടോകൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തു. എന്നാൽ ഓമി ഇപ്പോൾ നാഷണൽ മീഡിയകളുടെ ഹെഡ് ലൈനിൽ ഇടംപിടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഓമിക്കുട്ടനൊപ്പമുള്ള ഫോട്ടോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചതാണ് ഇതിന് കാരണം. 'യുവ സുഹൃത്തിനൊപ്പം(യങ് ഫ്രണ്ട്)' എന്ന് കുറിച്ചാണ് മോദി ഫോട്ടോ പങ്കിട്ടത്.
പിന്നാലെ ആരാണ് ഈ കുഞ്ഞെന്ന അന്വേഷണത്തിലായിരുന്നു ഇതര ഭാഷക്കാർ. ഒടുവിൽ ചില മലയാളികൾ ഇത് ദിയ കൃഷ്ണയുടെ മകൻ നിയോം ആണെന്ന് മറുപടിയും നൽകിയിരുന്നു. ഇതേ ചോദ്യം ആണ് ഇപ്പോൾ നാഷണൽ മീഡിയകളുടെ തലക്കെട്ടും. ആരാണ് പിഎമ്മിന്റെ യങ് ഫ്രണ്ട് എന്നാണ് ഹെഡ് ലൈന്‍. എൻഡി ടിവി, ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് നൗ, ഇന്ത്യ ടുഡേ തുടങ്ങി നിരവധി മാധ്യമങ്ങൾ വാർത്ത ചെയ്തിട്ടുണ്ട്.
ഓമി എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന നിയോം അശ്വിൻ കൃഷ്ണയാണ് ഈ വൈറൽ ഫോട്ടോയിലെ കുട്ടി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ മകനും ബിജെപി പ്രവർത്തകനും നടനുമായ കൃഷ്ണകുമാറിൻ്റെ ചെറുമകനുമാണ്. ഭാര്യ സിന്ധു കൃഷ്ണകുമാർ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും മരുമകൻ അശ്വിനും ഉൾപ്പെടെയുള്ള കുടുംബം ഒരു മണിക്കൂറോളം പ്രധാനമന്ത്രിക്കൊപ്പം സമയം ചെലവഴിച്ചിരുന്നു. ഇവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോകൾ പങ്കിട്ടിട്ടുണ്ട്.