
ചില സിനിമകൾ അങ്ങനെയാണ്, തിയറ്ററിൽ പരാജയമായാലും പിന്നീട് ഒടിടിയിലോ ടിവിയിലോ എത്തുമ്പോൾ പ്രേക്ഷക പ്രശംസ നേടും. അത്തരത്തിലൊരു സിനിമയായിരുന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട്. ഈ ജനപ്രീയതയാണ് പിന്നീട് രണ്ടാം ഭാഗത്തിലേക്ക് സംവിധായകനേയും നിർമാതാവ് വിജയ് ബാബുവിനെയും കൊണ്ടേത്തിച്ചത്. പ്രതീക്ഷിച്ചത് പോലെ ആട് 2 വിജയമായി മാറി. ശേഷം ആട് 3യും എത്തി. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ആട് 3 പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയതോടൊപ്പം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ്.
ആട് 3യുടെ റിലീസിന് പിന്നാലെ സിനിമയിലെ രംഗങ്ങൾ അനുകരിച്ചും റീലുകൾ ചെയ്തും നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്ത് എത്തുന്നുണ്ട്. അക്കൂട്ടത്തിലൊരു സ്പൂഫ് വീഡിയോ ഇപ്പോൾ ശ്രദ്ധനേടുകയാണ്. തിരുവനന്തപുരം സ്വദേശിനിയായ അനുപമ എന്ന കണ്ടന്റ് ക്രിയേറ്ററുടെ പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. അനുപമയുടെ മക്കളും സുഹൃത്തുക്കളും ഗീതു എന്ന സഹോദരിയും ആണ് ഈ രസകരമായ വീഡിയോയ്ക്ക് പിറകിൽ.
ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പൻ എന്ന കഥാപാത്രമായി അനുപമയാണ് എത്തുന്നത്. കാണികളെ രസിപ്പിക്കുന്നതിനൊപ്പം കൗതുകം നിറച്ചും നിർമിച്ച വീഡിയോ ഫോളോവേഴ്സ് ഏറ്റെടുത്തു കഴിഞ്ഞു. ഇതിനകം മൂന്ന് മില്യണിലധികം കാഴ്ചക്കാരെ വീഡിയോ സ്വന്തമാക്കി കഴിഞ്ഞു. 'ഷാജി പാപ്പന്റെ ചെരുപ്പാണ് ഹൈലൈറ്റ്' എന്നാണ് ഇവരുടെ കമന്റുകൾ. 'ആട് 3യ്ക്ക് ഇതിലും വലിയ പ്രൊമോഷൻ വേറെ ഇല്ല, ചിരിപ്പിച്ചു കൊല്ലാനാണോ പ്ലാൻ, ചിരിച്ചു ചത്താൽ നിങ്ങളാണ് ഉത്തരവാദികൾ', എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും ധാരാളമാണ്. ഈ വീഡിയോ എടുത്ത ക്യാമറമാനെയും എഡിറ്ററെയും പ്രശംസിക്കുന്നവർ ധാരാളമാണ്. അനുപമ-ഗീതു ഗ്യാങ്ങിന്റെ അരുന്ധതി എന്ന സിനിമയുടെ സ്പൂഫ് വീഡിയോയും ഏറെ ശ്രദ്ധേയമാണ്.
മാർച്ച് 19ന് ആയിരുന്നു ആട് 3 തിയറ്ററുകളിൽ എത്തിയത്. ഷാജി പാപ്പനും പിള്ളേരും വീണ്ടും ബിഗ് സ്ക്രീനിലെത്തിയ ആവേശത്തിലാണ് പ്രേക്ഷകരും. ഫാന്റസി കോമഡി വിഭാഗത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച ബുക്കിങ്ങാണ് എമ്പാടും നടക്കുന്നത്. രണ്ട് ദിവസം കൊണ്ട് 48 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.