കുട്ടി മായയില്‍ നിന്ന് കവയിത്രിയിലേക്ക്, വിസ്മയ മോഹൻലാലിന് ‘ചാലുച്ചേട്ടന്റെ‘ ആശംസകള്‍

By Web TeamFirst Published Feb 17, 2021, 6:11 PM IST
Highlights

‘പ്രിയപ്പെട്ട ചാലു ചേട്ടന്, ഈ പുസ്തകം ഇഷ്ടപ്പെടുമെന്ന് കരുതുന്നു. സ്‌നേഹത്തോടെ മായ’ എന്നെഴുതിയ വിസ്മയയുടെ കുറിപ്പും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്.

സിനിമകളിൽ സജീവമല്ലെങ്കിൽ കൂടി ഏറെ ആരാധകരുള്ള താരപുത്രിയാണ് നടൻ മോഹൻലാലിന്‍റെ മകള്‍ വിസ്മയ. ചിത്രങ്ങളുടേയും എഴുത്തിന്‍റേയും ലോകത്താണ് വിസ്മയ. ഇൻസ്റ്റയിൽ സജീവമായ വിസ്മയയ്ക്ക് നിരവധി ഫോളോവേഴ്സുണ്ട്. താൻ വരച്ച ചിത്രങ്ങളും തന്‍റെ മാര്‍ഷൽ ആര്‍ട്സ് പരിശീലന വീഡിയോകളുമൊക്കെ ഇടയ്ക്കിടയ്ക്ക് വിസ്മയ പങ്കുവയ്ക്കാറുണ്ട്. ഫെബ്രുവരി 14നാണ് വിസ്മയുടെ കവിത സമാഹാരം പുറത്തിറങ്ങിയത്. ഇപ്പോഴിതാ താരപുത്രിയുടെ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്‘ എന്ന കവിത പങ്കുവയ്ക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. 

തന്റെ കുഞ്ഞനുജത്തി ഇത്ര ചെറുപ്രായത്തില്‍ തന്നെ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍. വിസ്മയയെ കുറിച്ചുള്ള രസകരമായൊരു ഓര്‍മ്മയും പുസ്തകത്തിന്റെ ചിത്രത്തിനൊപ്പം താരം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്

മായയെ കുറിച്ചുള്ള എന്റെ ഏറ്റവും പഴയതും, പ്രിയപ്പെട്ടതുമായ ഓര്‍മ്മ അവളുടെ ഒന്നാം പിറന്നാളിന്റേതാണ്. ചെന്നൈയിലെ താജ് ഹോട്ടലില്‍ വച്ച് വലിയ ആഘോഷം തന്നെയാണ് മാതാപിതാക്കൾ അവള്‍ക്ക് വേണ്ടി ഒരുക്കിയത്. സ്വര്‍ണ്ണ നിറത്തിലുള്ള ഉടുപ്പിട്ട കുഞ്ഞു മായയെ എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. രാത്രി കുറച്ചു കഴിഞ്ഞപ്പോള്‍ പിറന്നാള്‍കാരിയെ എവിടെയും കാണാനില്ല. മായ ഉറങ്ങിയെന്ന് അവളുടെ അമ്മ ഞങ്ങളോട് പറഞ്ഞു. ആ വലിയ ആഘോഷത്തെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നത്, പിറന്നാളുകാരി നേരത്തെ ഉറങ്ങിപ്പോയ പിറന്നാള്‍ ആഘോഷമായാണ്.

ഇപ്പോള്‍ എല്ലാവരും വലുതായി. അവള്‍ അവളുടെ വഴിയിലൂടെ സഞ്ചരിക്കുകയാണ്. വളരെ ചെറുപ്രായത്തില്‍ തന്നെ മായ ഒരു എഴുത്തുകാരിയാണ്. അവളുടെ കവിതയും, വരയും, കലയുമെല്ലാം ഇനിയും ഒരുപാട് വര്‍ഷം മുന്നോട്ട് പോകട്ടെ. അവളുടെ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ഈ പുസ്തകം പറഞ്ഞുതരും. ഈ പുസ്തകത്തില്‍ നിന്ന് എനിക്ക് പ്രിയപ്പെട്ട ഒരു ഭാഗം ഞാന്‍ പങ്കുവെച്ചിട്ടുണ്ട്. നിനക്ക് എല്ലാ ആശംസകളും മായ. നിന്റെ മാതാപിതാക്കളും, നിന്നെ അറിയുന്ന എല്ലാവരും അഭിമാനിക്കുന്നുണ്ടാവും.

സ്‌നേഹത്തോടെ ചാലു ചേട്ടന്‍

പിന്നെ ഈ പുസ്തകത്തിന്റെ സക്‌സസ് പാര്‍ട്ടിക്ക് നേരത്തെ ഉറങ്ങല്ലെ…!

വിസ്മയ തന്നെയാണ് ദുല്‍ഖറിന് തന്റെ പുസ്തകം അയച്ചുകൊടുത്തത്. ‘പ്രിയപ്പെട്ട ചാലു ചേട്ടന്, ഈ പുസ്തകം ഇഷ്ടപ്പെടുമെന്ന് കരുതുന്നു. സ്‌നേഹത്തോടെ മായ’ എന്നെഴുതിയ വിസ്മയയുടെ കുറിപ്പും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്.

click me!