മൂന്ന് മാസം കൊണ്ട് കുറച്ചത് 18 കിലോ; 'ഫാറ്റ് ടു ഫിറ്റ്' വീഡിയോയുമായി ഉണ്ണി മുകുന്ദന്‍

By Web TeamFirst Published Oct 5, 2021, 6:51 PM IST
Highlights

ഫാറ്റ് കൂടി, സ്റ്റാമിന പോയ അവസ്ഥയില്‍ നിന്ന് ആരോഗ്യത്തിന്‍റെ വഴിയിലേക്ക് നടന്നുതുടങ്ങിയത് കളരിയിലൂടെയാണെന്ന് ഉണ്ണി മുകുന്ദന്‍

ശരീര സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ കൊടുക്കുന്ന മലയാള സിനിമാ താരങ്ങളില്‍ പ്രധാനിയാണ് ഉണ്ണി മുകുന്ദന്‍ (Unni Mukundan). കൗമാരകാലം മുതല്‍ ചിട്ടയായ വ്യായാമം തന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്ന് ഉണ്ണി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു സിനിമയ്ക്കുവേണ്ടി ശരീരഭാരം കൂട്ടേണ്ടിവന്ന താന്‍ തിരികെ പഴയപടിയിലേക്ക് എത്താന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് സവിസ്‍തരം പ്രതിപാദിക്കുകയാണ് ഉണ്ണി മുകുന്ദന്‍. നായകനായെത്തുന്ന 'മേപ്പടിയാന്‍' (Meppadiyan) എന്ന ചിത്രത്തിനുവേണ്ടിയാണ് ഉണ്ണി ശരീരഭാരം ഉയര്‍ത്തിയത്. 93 കിലോയായിരുന്നു കഥാപാത്രത്തിനുവേണ്ടി ആര്‍ജ്ജിച്ച പരമാവധി ഭാരം. ആ ഘട്ടമെത്തിയപ്പോഴേക്ക് ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങിയെന്ന് പറയുന്നു ഉണ്ണി. തിരിച്ച് പഴയ അവസ്ഥയിലേക്ക് വരാന്‍ എന്തു ചെയ്യണമെന്ന ചിന്തയില്‍ നില്‍ക്കെ കളരിപ്പയറ്റിനെക്കുറിച്ച് ഒരു സുഹൃത്ത് ഓര്‍മ്മിപ്പിച്ചെന്നും ഉണ്ണി പറയുന്നു.

ഫാറ്റ് കൂടി, സ്റ്റാമിന പോയ അവസ്ഥയില്‍ നിന്ന് ആരോഗ്യത്തിന്‍റെ വഴിയിലേക്ക് നടന്നുതുടങ്ങിയത് കളരിയിലൂടെയാണെന്ന് ഉണ്ണി മുകുന്ദന്‍. എന്നാല്‍ അവിടംകൊണ്ട് നിര്‍ത്താന്‍ തനിക്ക് ആവുമായിരുന്നില്ലെന്നും ജിം എന്ന, എക്കാലവും ആവേശം പകര്‍ന്ന ഇടത്തിലേത്ത് തിരിച്ചുചെന്നെന്നും മലയാളികളുടെ പ്രിയപ്പെട്ട 'മസിലളിയന്‍' പറയുന്നു. തുടര്‍ന്ന് മൂന്ന് മാസത്തെ പരിശ്രമം കൊണ്ട് 28 കിലോ ശരീരഭാരമാണ് ഉണ്ണി മുകുന്ദന്‍ കുറച്ചത്. ക്രിസ്റ്റോ വി വി, ശ്യാംകുമാര്‍ കെ എം എന്നിവരായിരുന്നു ഉണ്ണിയുടെ കളരിപ്പയറ്റ് പരിശീലകര്‍. പ്രവീണ്‍ എം യു ആയിരുന്നു ജിം പരിശീലകന്‍. 

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണ് 'മേപ്പടിയാന്‍'. നവാഗതനായ വിഷ്‍ണു മോഹന്‍ ആണ് ഇതിന്‍റെ രചനയും സംവിധാനവും. പൃഥ്വിരാജ് ചിത്രം ഭ്രമം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി, ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 12ത്ത് മാന്‍ എന്നിവയിലൊക്കെ ഉണ്ണി മുകുന്ദന് വേഷമുണ്ട്.

click me!