
ഹൈദരാബാദ്: സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് 2010-ൽ മഹേഷ് ബാബു നായകനായി അഭിനയിച്ച ഖലേജ മെയ് 30-ന് 4കെയിൽ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തിരുന്നു. റീ റിലീസിന് ഒരു ദിവസം മുമ്പ് തിരഞ്ഞെടുത്ത തിയേറ്ററുകളിൽ പ്രത്യേക പ്രീമിയറുകൾ നടന്നിരുന്നു.
എന്നാല്‍ ചിത്രം റീ റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിലെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ വിട്ടുപോയി എന്നാണ് ഇപ്പോള്‍ മഹേഷ് ബാബു ആരാധകര്‍ ആരോപിക്കുന്നത്. ഒരുകൂട്ടം ആരാധകർ തിയേറ്റർ മാനേജ്‌മെന്റുമായി ഇതിന്‍റെ പേരില്‍ വഴക്കിടുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുകയാണ്.
ചിത്രത്തിലെ ചില ഗാനങ്ങളും, ഡയലോഗുകളും റീ റിലീസില്‍ ഇല്ലെന്നാണ് പ്രധാന പരാതി. ഇതിന്‍റെ പേരിലാണ് പ്രശ്നം ഉണ്ടായത് എന്നാണ് വിവരം. എക്സില്‍ ഇത് സംബന്ധിച്ച് മഹേഷ് ആരാധകരുടെ നിരവധി പോസ്റ്റുകള്‍ വന്നിട്ടുണ്ട്.
അനുഷ്ക ഷെട്ടി, പ്രകാശ് രാജ്, റാവു രമേശ്, ഷാഫി, സുനിൽ, അലി, സുബ്ബരാജു എന്നിവരും അഭിനയിച്ച ഖലേജ, നല്ല റിവ്യൂകള്‍ ഉണ്ടായിരുന്നിട്ടും റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നില്ല. എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് ഒരു കള്‍ട്ട് പദവി ലഭിച്ചതോടെയാണ് വീണ്ടും അണിയറക്കാര്‍ റീ റിലീസ് ചെയ്തത്.
അതേ സമയം പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ മാത്രം റീ റിലീസ് ചെയ്യുന്ന ചിത്രം ഒരു ദിവസം വിറ്റത് 62,000 ടിക്കറ്റുകളാണ്. തെന്നിന്ത്യന്‍ റീ റിലീസ് ചിത്രങ്ങളുടെ 24 മണിക്കൂര്‍ ബുക്കിംഗില്‍ ഇത് റെക്കോര്‍ഡ് ആണെന്ന് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്തത്. വിജയ് ചിത്രം ഗില്ലിയെ മറികടന്നാണ് ഖലീജയുടെ ഈ നേട്ടം. അതേസമയം ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് അടക്കമുള്ള പ്ലാറ്റ്‍ഫോമുകളിലെ വില്‍പന ചേര്‍ത്ത് 1,60,000 ടിക്കറ്റുകളും ചിത്രം ഇതിനകം വിറ്റിട്ടുണ്ട്. ഏതാണ്ട് 20.3 കോടി ആഗോള ഗ്രോസ് ചിത്രം നേടിയെന്നാണ് വിവരം.