
മുംബൈ: ഹോളിവുഡ് താരങ്ങളായ ജോൺ സീന, ഇദ്രിസ് എൽബ, പ്രിയങ്ക ചോപ്ര എന്നിവർ ഒന്നിക്കുന്ന 'ഹെഡ്സ് ഓഫ് സ്റ്റേറ്റ്' എന്ന ആക്ഷൻ-കോമഡി ചിത്രം പ്രൈം വീഡിയോയിൽ ജൂലൈ 2ന് റിലീസ് ചെയ്തു. ഇതിന് പിന്നാലെ ചിത്രം മികച്ച അഭിപ്രായം നേടുന്നുവെന്നാണ് ആദ്യ സോഷ്യല്‍ മീഡിയ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. ആക്ഷനും കോമഡിയും സമന്വയിപ്പിച്ച് പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയത് എന്നാണ് അഭിപ്രായം വരുന്നത്. പ്രിയങ്ക ചോപ്രയുടെ കിടിലൻ ആക്ഷൻ രംഗങ്ങളും ജോൺ സീനയും ഇദ്രിസ് എൽബയും തമ്മിലുള്ള കെമിസ്ട്രിയുമാണ് ചിത്രത്തിന്‍റെ പ്രധാന ഭാഗം എന്നാണ് ആരാധകരുടെ അഭിപ്രായങ്ങള്‍ വരുന്നത്.
ഇല്യാ നൈഷുള്ളർ സംവിധാനം ചെയ്ത 'ഹെഡ്സ് ഓഫ് സ്റ്റേറ്റ്' ഒരു ആഗോള ഗൂഢാലോചനയെ തടയാൻ ഒന്നിക്കുന്ന രണ്ട് രാഷ്ട്ര തലവന്മാരുടെയും ഒരു എംഐ6 ഏജന്റിന്റെയും കഥ പറയുന്നു. ജോൺ സീന അവതരിപ്പിക്കുന്ന യുഎസ് പ്രസിഡന്‍റ് വിൽ ഡെറിഞ്ചറും ഇദ്രിസ് എൽബ അവതരിപ്പിക്കുന്ന യുകെ പ്രധാനമന്ത്രി സാം ക്ലാർക്കും പരസ്പരം ഏറ്റുമുട്ടുന്നതിനിടയിൽ, ഒരു റഷ്യൻ ആയുധ വ്യാപാരിയുടെ (പാഡി കോൺസിഡൈൻ) ആക്രമണത്തെ തുടർന്ന് ഒരു സ്ഥലത്ത് ഒറ്റപ്പെടുന്നു.
പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്ന എംഐ6 ഏജന്റ് നോയൽ ബിസെറ്റ്, ഇവരെ രക്ഷിക്കാനും ഗൂഢാലോചന തകർക്കാനും എത്തുന്നു. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളും, തമാശകൾ നിറഞ്ഞ സംഭാഷണങ്ങളും 90കളിലെ ബഡ്ഡി ആക്ഷൻ കോമഡികളുടെ നൊസ്റ്റാൾജിയ സമ്മാനിക്കുന്നുവെന്ന് ആരാധകർ അഭിപ്രായപ്പെടുന്നത്.
പ്രിയങ്ക ചോപ്രയുടെ നോയൽ ബിസെറ്റ് എന്ന കഥാപാത്രം ചിത്രത്തിന്‍റെ മര്‍മ്മ പ്രധാന കഥാപാത്രമാണെന്നാണ് പല കാഴ്ചക്കാരും പങ്കുവയ്ക്കുന്ന എക്സ് പോസ്റ്റുകളിലൂടെ മനസിലാകുന്നത്. "പ്രിയങ്ക ചോപ്ര ഈ ചിത്രത്തിൽ ശരിക്കും തിളങ്ങി. അവരുടെ ആക്ഷൻ രംഗങ്ങൾ അതിശക്തവും പ്രകടനം ഒന്നാംതരവുമാണ്" എന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ അഭിപ്രായം.
"പ്രിയങ്കയുടെ ആക്ഷൻ രംഗങ്ങൾ കിടിലനാണ്, ഈ സിനിമയിൽ അവർ ഒരുപാട് സ്ക്രീൻ ടൈം ലഭിക്കുന്നുണ്ട്" എന്ന് മറ്റൊരു ആരാധകൻ ട്വീറ്റ് ചെയ്തു. പ്രിയങ്കയുടെ ശക്തമായ സ്ക്രീൻ സാന്നിധ്യവും, ശാരീരികമായി തീവ്രമായ ആക്ഷൻ രംഗങ്ങളിലെ പ്രകടനവും സ്ത്രീ കഥാപാത്രങ്ങൾ പലപ്പോഴും ഒതുങ്ങിപ്പോകുന്ന ആക്ഷൻ ഴോണറിൽ ഒരു പുതിയ മാതൃക സൃഷ്ടിച്ചുവെന്നാണ് മറ്റൊരു ആരാധകന്‍റെ അഭിപ്രായം.
ജോൺ സീനയും ഇദ്രിസ് എൽബയും തമ്മിലുള്ള ബന്ധം ചിത്രത്തിന്റെ ഹാസ്യവും വൈകാരികതയും വർധിപ്പിക്കുന്നു. "ജോൺ സീനയും ഇദ്രിസ് എൽബയും തമ്മിലുള്ള കെമിസ്ട്രി അത്ഭുതകരമാണ്. അവരുടെ ബന്ധം ഒരു ബഡ്ഡി-കോപ്പ് ശൈലിയിലാണ്, പക്ഷേ അതിന് ഒരു പുതുമയുണ്ട്," എന്ന് ഫിലിംഫെയർ റിവ്യൂവിൽ പറയുന്നു.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി, ബോളിവുഡ് താരം ഹിമേഷ് റേഷമിയ 'റിവ്യൂസ്-ഇ-റേഷമിയ' എന്ന സെഗ്‌മെന്റിൽ 'ഹെഡ്സ് ഓഫ് സ്റ്റേറ്റ്'നെ 'ആക്ഷൻ മിക്സ്‌ടേപ്പ്' എന്ന് വിശേഷിപ്പിച്ചു. "ഈ ചിത്രത്തിൽ പഞ്ചുകൾ മാത്രമല്ല, പഞ്ച്‌ലൈനുകളും ഉണ്ട്. പ്രിയങ്ക ഒരു ഗ്ലോബൽ ചിത്രത്തിൽ ദേശി ടെച്ച് ചേർത്തിരിക്കുന്നു" എന്നും അവര്‍ തമാശയോടെ പറഞ്ഞു.
ചിത്രത്തിൽ പാഡി കോൺസിഡൈൻ, ജാക്ക് ക്വെയ്ഡ്, കാർല ഗുജിനോ, സ്റ്റീഫൻ റൂട്ട്, സാറാ നൈൽസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 'നോബഡി', 'ഹാർഡ്‌കോർ ഹെന്റി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഇല്യാ നൈഷുള്ളറിന്റെ സംവിധാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.