
മുംബൈ: 2023 ഡിസംബറിൽ റിലീസ് ചെയ്ത സന്ദീപ് റെഡ്ഡി വംഗയുടെ അനിമൽ എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടിയെങ്കിലും വലിയ വിവാദങ്ങൾക്ക് ഈ ചിത്രം വഴിവച്ചിരുന്നു. രൺബീർ കപൂർ അവതരിപ്പിച്ച രൺവിജയ് സിംഗ് എന്ന കഥാപാത്രത്തിന്റെ അക്രമണ സ്വഭാവവും സ്ത്രീവിരുദ്ധതയും ഏറെ വിമർശനങ്ങൾക്ക് കാരണമായി.
എന്നാൽ, ചിത്രത്തിൽ രൺബീറിന്റെ ഭാര്യ ഗീതാഞ്ജലിയായി അഭിനയിച്ച രശ്മിക മന്ദാന തന്റെ ഒരു പുതിയ അഭിമുഖത്തില്‍ രണ്‍ബീറിന്‍റെ കഥപാത്രത്തെയും അനിമല്‍ ചിത്രത്തെയും ശക്തമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.
മോജോ സ്റ്റോറിയിൽ ബർഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ രശ്മിക പറഞ്ഞത് ഇതാണ്, “ഒരു സിനിമയെ ഒരു സിനിമയായി മാത്രം കാണണം. ആരും നിങ്ങളെ നിർബന്ധിച്ച് സിനിമ കാണിച്ചില്ലല്ലോ.നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമകൾ തിരഞ്ഞെടുത്ത് കാണൂ. എല്ലാ സിനിമകളും ബ്ലോക്ബസ്റ്റർ ആകേണ്ട കാര്യമില്ല.” രശ്മിക പറഞ്ഞു.
‘അനിമലിൽ’ രശ്മിക അവതരിപ്പിച്ച ഗീതാഞ്ജലി എന്ന കഥാപാത്രം, അക്രമവും മാനസിക സംഘർഷവും നിറഞ്ഞ കഥയിൽ രണ്‍ബീറിനെ വൈകാരികമായി ആശ്വസിപ്പിക്കുന്ന കഥാപാത്രമാണ്. രണ്‍ബീറിന്‍റെ കഥാപാത്രത്തിന്‍റെ സ്വഭാവം സംബന്ധിച്ചും രശ്മിക തന്‍റെ നിലപാട് വ്യക്തമാക്കി.
“നമ്മിൽ എല്ലാവരിലും ഒരു ഗ്രേ ഷേഡ് ഉണ്ട്. ഞങ്ങൾ ഒരിക്കലും പൂർണമായും വെള്ളയോ കറുപ്പോ അല്ല. സന്ദീപ് റെഡ്ഡി വംഗ അത്തരം ഒരു സങ്കീർണ്ണമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്, അത്രമാത്രം. ആളുകൾ ഈ ചിത്രത്തെ ആഘോഷിച്ചു, അത് ബോക്സ് ഓഫീസിൽ വൻ വിജയമായി. അതിനാൽ, വിമർശനങ്ങൾ ഒരിക്കലും ശല്യമല്ല”
നടന്മാരും നടിമാരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അവരുടെ യഥാർത്ഥ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും രശ്മിക ഓർമിപ്പിച്ചു. “ഞങ്ങൾ സ്ക്രീനിൽ അഭിനയിക്കുകയാണ്, ഞങ്ങളുടെ യഥാർത്ഥ വ്യക്തിത്വം വേറെയാണ്. ഒരു നടനെ അവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. അതാണ് അഭിനയം" രശ്മിക കൂട്ടിച്ചേര്‍ത്തു.