
കൊച്ചി: കിരീടത്തിലെ മോഹൻലാലിന്റെ സഹോദരി വേഷം ചെയ്ത ഉഷയെ മറക്കാൻ പ്രേക്ഷകർക്ക് ആവില്ല. ഇന്നും ഒരുപക്ഷെ പ്രേക്ഷകർ ഉഷയെ ഓർക്കുന്നത് ആ കഥാപാത്രത്തിലൂടെയാകും. കഴിഞ്ഞ മുപ്പത് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ് ഉഷ. നിരവധി പരമ്പരകളിലും ഉഷ അഭിനയിച്ചിട്ടുണ്ട്. നിലവിൽ മിനിസ്ക്രീൻ പരമ്പരകളിലാണ് ഉഷ തിളങ്ങി നിൽക്കുന്നത്.
കിരീടത്തിൽ പ്രേക്ഷകർ കണ്ടത് ലതയെന്ന പാവം യുവതിയുടെ വേഷത്തിലാണെങ്കിൽ സീരിയലിൽ നെഗറ്റീവ് വേഷങ്ങളിലാണ് ഉഷ കൂടുതലും എത്തുന്നത്. യഥാർത്ഥ ജീവിതത്തിലും താൻ ലതയെ പോലെ പാവം അല്ലെന്നും ഭയങ്കര സാധനമാണെന്നും ഉഷ പറയുന്നു. സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉഷ.
കുങ്കുമച്ചെപ്പ് എന്ന സീരിയലിലാണ് ഉഷ ഇപ്പോൾ അഭിനയിക്കുന്നത്. നെഗറ്റീവ് റോളിലാണ് ഉഷ സീരിയലിൽ എത്തുന്നത്. നടി എന്നതിനപ്പുറം ഒരു നര്‍ത്തകി കൂടെയായ ഉഷ, ഒരു നൃത്ത വിദ്യാലയം നടത്തിയിരുന്നതിനെ കുറിച്ചും അഭിമുഖത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് അടച്ചുപൂട്ടിയ ആ തന്‍റെ ഡാൻസ് സ്‌കൂൾ വൈകാതെ പൊടിതട്ടിയെടുക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് നടി വ്യക്തമാക്കി.
ഇതിനു പുറമെ അൽപം രാഷ്ട്രീയ പ്രവർത്തനങ്ങളുമുണ്ടെന്ന് ഉഷ പറയുകയുണ്ടായി. ലോക്കൽ കമ്മിറ്റിയുടെ ഭാഗമായുള്ള പുരോഗമന കലാസമിതിയുടെ പ്രസിഡന്റാണ്. അവിടുത്തെ കൊച്ചു കൊച്ചു കലാകാരന്മാരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിന്റെ തിരക്കുകളുമുണ്ടെന്ന് ഉഷ അഭിമുഖത്തിൽ പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്തെ പ്രണയം എന്ന സിനിമയിലാണ് ഉഷ അവസാനമായി അഭിനയിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമയിൽ വരാൻ തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്ന് ഉഷ പറഞ്ഞിരുന്നു. സിനിമാ താരം ആകാൻ കൊതിച്ച തന്റെ പിതാവിന്റെ ആഗ്രഹമാണ് തന്നെ നടിയാക്കിയതെന്നാണ് ഉഷ പറഞ്ഞത്.