
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയായ ആളാണ് ഗ്ലാമി ഗംഗ. വ്ലോഗറും ഇൻഫ്ലുവൻസറുമായ ഗംഗയുടെ വിവാഹം അടുത്തിടെ ആയിരുന്നു കഴിഞ്ഞത്. അപ്പു എന്ന് വിളിക്കുന്ന വിഷ്ണു ആണ് ഗംഗയുടെ ഭർത്താവ്. വളരെ ലളിതമായ വിവാഹമായിരുന്നു ഇവരുടേത്. സ്വർണമൊന്നും തന്നെ ഗംഗ വിവാഹത്തിന് ധരിച്ചിരുന്നുമില്ല. ഇത് ഏറെ പ്രശംസയ്ക്കും കാരണമായി. ഇപ്പോഴിതാ വിവാഹത്തിന് സ്വർണം വേണ്ടെന്നത് 18 വയസിൽ താൻ എടുത്ത തീരുമാനമാണെന്ന് പറയുകയാണ് ഗംഗ. അതിന് കാരണവും ഗംഗ വ്യക്തമാക്കുന്നുണ്ട്.
ഗ്ലാമി ഗംഗയുടെ വാക്കുകൾ ഇങ്ങനെ
സ്വര്‍ണം വേണ്ട എന്നത് ഞാൻ എടുത്ത തീരുമാനമാണ്. ഇപ്പോഴെടുത്ത തീരുമാനം അല്ല അത്. 18-ാമത്തെ വയസിലായിരുന്നു ആ തീരുമാനം. 17മത്തെ വയസില്‍ എനിക്കൊരു കല്യാണ ആലോചന വന്നിരുന്നു. 30 വയസുള്ളൊരു അങ്കിള്‍. പുള്ളിക്ക് പൊന്‍മുടി ഭാഗത്ത് എസ്റ്റേറ്റ് കാര്യങ്ങളൊക്കെ ഉണ്ട്. ഞങ്ങളുടെ ഒരു ബന്ധു ആണ് ആ ആലോചന കൊണ്ടുവന്നത്. ഇഷ്ടം പോലെ വസ്തുവുണ്ട്. നിനക്കിനി എന്ത് വേണം എന്നൊക്കെ അവര്‍ പറഞ്ഞു. വസ്തു വകകള്‍ ഉണ്ടെങ്കില്‍ അത് അയാള്‍ക്ക് കൊള്ളാം. എന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് ഞാന്‍ പറഞ്ഞു. അന്നത് പറഞ്ഞപ്പോള്‍ പത്ത് പവനെങ്കില്‍ ഇട്ട് അയക്കണ്ടേ എന്ന് അമ്മ അടക്കമുള്ളവര്‍ക്ക് ടെന്‍ഷനായി. ഞാന്‍ പറഞ്ഞു സ്വര്‍ണം വേണ്ട. അന്നേ ഞാന്‍ തീരുമാനിച്ച കാര്യമാണത്.
എന്റെ എക്സ് എന്നോട് പറഞ്ഞു കല്യാണത്തിന് സ്വര്‍ണം വേണമെന്ന്. ഇട്ടേ പറ്റൂ എന്ന് പറഞ്ഞു. പറ്റില്ല. നടക്കില്ലെന്ന് ഞാനും പറഞ്ഞു. ഓക്കെ സ്വർണം വേണ്ട. പക്ഷേ നീ എനിക്ക് ബിഎംഡബ്ല്യൂ അല്ലെങ്കില്‍ ഓഡി കാര്‍ വാങ്ങിത്തരണമെന്ന് പറഞ്ഞു. ഇതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് ചോദിച്ചപ്പോള്‍, പുള്ളിയുടെ വീട്ടുകാര് വിചാരിക്കും എന്‍റെ മകന് ഒന്നും കിട്ടിയില്ലെന്ന് എന്ന് പറഞ്ഞു. കല്യാണം കഴിഞ്ഞ് പോകുമ്പോള്‍ ആഭരണം വച്ചിട്ടാണ് ആ പെണ്ണിന്‍റെ ത്രാസ് ആളുകള്‍ അളക്കുന്നത്. അല്ലാതെ സ്വഭാവമോ ക്വാളിറ്റിയോ ഒന്നുമല്ല. മൂന്ന് വര്‍ഷമാകുന്നതേ ഉള്ളൂ ഇതൊക്കെ നടന്നിട്ട്. ഞാന്‍ പറഞ്ഞു നടക്കില്ല. സ്ഥലം വിട്ടോളാന്‍ പറഞ്ഞു. എന്‍റെ കുടുംബത്തില്‍ നടന്നൊരു സംഭവമുണ്ട്. അച്ഛനും അമ്മയും കഷ്ടപ്പെട്ട് 25 ലക്ഷം രൂപ ലോണെടുത്ത് മകളെ കെട്ടിച്ചയച്ചു. അവര് ജീവിക്കുന്നു. പക്ഷേ അച്ഛനും അമ്മയും ആയുസ് മുഴുവന്‍ 25 ലക്ഷം രൂപ അടയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നു. ഗദ്ദാഫിയുമായി നടന്ന പോഡ് കാസ്റ്റിൽ ആയിരുന്നു ഗംഗയുടെ തുറന്നു പറച്ചിൽ.