
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കഥാപാത്രമാണ് ലച്ചു. പരമ്പരയില്‍നിന്നും താരം പിന്മാറിയെങ്കിലും ആരാധകരുടെ ലച്ചൂ സ്‌നേഹം ഇപ്പോഴും കുറവില്ലാതെ തുടരുന്നുണ്ട്. താന്‍ ഇനി പഠനവും ജീവിതവുമായി മുന്നോട്ടുപോവുകയാണ്, അഭിനയത്തിലേക്ക് തല്‍ക്കാലം ഇല്ല എന്ന് താരം പറഞ്ഞിട്ടും, ആരാധകര്‍ ചോദിക്കുന്നത് എപ്പോളാണ് ഹണിമൂണും കഴിഞ്ഞ് ലച്ചു തിരികെ വരിക എന്നുതന്നെയാണ്. മോഡലും ഡോക്ടറുമായ റോവിന്‍ ജോര്‍ജുമായുള്ള താരത്തിന്റെ പ്രണയവും വിവാഹ തീരുമാനങ്ങളും കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയായിലെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ റോവിനുമൊത്ത് വ്‌ളോഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം താരം അഭിനയിച്ച് പുറത്തിറങ്ങിയ ക്യാമ്പസ് കവിതാ ആല്‍ബമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കൊച്ചിന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ മധുരമഴ എന്ന കവിതാ ആവിഷ്‌ക്കാരം ജൂഹിയുടെ അഭിനയവും, സംഗീതത്തിന്റെ മാധുര്യവും കാരണം കാമ്പസുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. 'മഴയുടെ നനവും പ്രണയത്തിന്റെ ചൂടും വിരഹത്തിന്റെ നോവുകളും ചേരുന്ന പ്രേമകവിതയെ ദൃശ്യവല്കരിക്കാനുള്ള ഒരു ശ്രമമാണ്. ' എന്നുപറഞ്ഞാണ് വീഡിയോ പബ്ലിഷ് ചെയ്തിരിക്കുന്നത്. ആദര്‍ശ് കുമാര്‍ അണിയല്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച്, ദേവി രാജാണ് കവിത ആലപിച്ചിരിക്കുന്നത്.