
കുട്ടിക്കാലം മുതൽ ഭൂരിഭാഗം മലയാളികൾക്കും സുപരിചിതനായ ആളാണ് കിച്ചു എന്ന രാഹുൽ ദാസ്. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മൂത്ത മകനാണ് കിച്ചു. സുധിയുടെ വിയോഗ ശേഷം അച്ഛന്റെ വീട്ടിൽ താമസമാക്കിയ കിച്ചു അവിടെ നിന്നാണ് പഠിച്ചതും. സ്വന്തമായി യുട്യൂബ് ചാനലും നടത്തുന്ന കിച്ചുവിന്റെ ഏറ്റവും വലിയ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ്. ഏതാനും നാളുകൾക്ക് മുൻപ് താനൊരു ബിസിനിസ് ആരംഭിക്കുന്നുവെന്ന് കിച്ചു പറഞ്ഞിരുന്നു. അതിന്റെ വെബ്സൈറ്റ് ആണ് ഇന്ന് ലോഞ്ചായിരിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലോത്തിംഗ് ബ്രാന്‍ഡ് ആണ് കിച്ചു ആരംഭിച്ചിരിക്കുന്നത്. loopzy by kichu എന്നാണ് പേര്. ഇതിന്റെ വെബ്സൈറ്റ് ഡൊമയ്ൻ കൊല്ലം കളക്ടര്‍ ആനി ജൂല തോമസ് നിർവഹിച്ചു. ഒപ്പം കിച്ചുവിന് ആശംസകളും കളക്ടർ അറിയിച്ചു. തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു കിച്ചു വെബ്സൈറ്റ് ലോഞ്ചിനായി എത്തിയത്. "ഈ പ്രായത്തിൽ അവൻ ഒരു ബിസിനസ് തുടങ്ങി. എല്ലാവരും ഒന്ന് സഹകരിച്ച് ബ്രാൻഡ് ഒന്ന് വിജയിപ്പിക്കണം. അവൻ രക്ഷപ്പെടട്ടെ. നമ്മളൊക്കെ കൂടെയുണ്ട്", എന്നായിരുന്നു കിച്ചുവിന്റെ വല്യച്ഛൻ മാധ്യമങ്ങളോട് പറഞ്ഞത്. വളരെയധികം സന്തോഷം എന്നായിരുന്നു കിച്ചുവിന്റെ പ്രതികരണം.
കിച്ചുവിന്റെ തുടക്കത്തെ പ്രശംസിച്ചും പിന്തുണച്ചും നിരവധി പേരാണ് കമന്റുകളിലൂടെ രംഗത്ത് എത്തിയത്. "വളരെ ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ, എന്റെ പൊന്നുമോൻ ഉയരങ്ങളിൽ എത്തട്ടെ, അടിപൊളി ആണ്, കിച്ചു മോൻ ഉയരങ്ങളിൽ എത്തട്ടെ. അവൻ ഒരുപാട് അനുഭവിച്ചു ഈ പ്രായത്തിൽ തന്നെ. അതിൽ നിന്നെല്ലാം ജന്മം നൽകിയ അമ്മയും അച്ഛനും ഒന്നുമില്ല. അവന്റ മുഖത്തെ സന്തോഷം. ആ ചിരി ഒരിക്കലും മായാതെ മങ്ങാതെ നിൽക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ, നമുക്ക് കിട്ടുന്ന ഫെയിം അംഗീകാരം ജനപിന്തുണ ഒക്കെ അഹങ്കരിക്കാനോ വന്ന വഴി മറന്നു ആഭാസം കാണിക്കാനോ നിക്കാതെ ഇങ്ങനെയുള്ള അവസരങ്ങൾക്ക് വേണ്ടിയും പ്രയോജനപ്പെടുത്താം... അഭിനന്ദനങ്ങൾ. നല്ലൊരു ഭാവി ഉണ്ടാവട്ടെ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. നല്ല മോനാണ്. എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കാൻ കഴിയട്ടെ പ്രാർത്ഥനയിൽ ഉണ്ടാവും", എന്നിങ്ങനെ പോകുന്നു കമന്റുകൾ.