കൊക്കെയ്‌ൻ കേസ്: ശ്രീകാന്തിന് പിന്നാലെ നടൻ കൃഷ്ണയും അറസ്റ്റില്‍; രണ്ട് നടിമാർ പോലീസ് നിരീക്ഷണത്തിൽ

Published : Jun 26, 2025, 06:40 PM ISTUpdated : Jun 26, 2025, 06:47 PM IST
actor krishna

Synopsis

തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച കൊക്കെയ്‌ൻ കേസിൽ നടൻ ശ്രീകാന്തിന് പിന്നാലെ നടൻ കൃഷ്ണയെയും ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. 

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച കൊക്കെയ്‌ൻ കേസിൽ നടൻ ശ്രീകാന്തിന്റെ അറസ്റ്റിന് പിന്നാലെ മറ്റൊരു പ്രമുഖ നടൻ കൃഷ്ണയെയും ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. 20 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷം ആണ്‌ കൃഷ്ണയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്‌തത്. കൃഷ്ണയുടെ സുഹൃത്ത് കെവിനും അറസ്റ്റിലായിട്ടുണ്ട്.

ഉന്നതര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിൽ മുൻ എ.ഐ.എ.ഡി.എം.കെ നേതാവും സിനിമാ നിർമ്മാതാവുമായ ടി. പ്രസാദിന്‍റെ അറസ്റ്റിന് ശേഷമാണ് കൃഷ്ണയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. കൂടാതെ, രണ്ട് പ്രമുഖ നടിമാരും പോലീസിന്‍റെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് തമിഴ് സിനിമാ വ്യവസായത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

മെയ് 22-ന് ചെന്നൈയിലെ നുങമ്പാക്കം പ്രദേശത്തെ ഒരു നൈറ്റ്ക്ലബ്ബിന് പുറത്തുണ്ടായ സംഘർഷമാണ് ഈ കേസിന്റെ തുടക്കം. ഈ സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, മുൻ എ.ഐ.എ.ഡി.എം.കെ ഐ.ടി വിഭാഗം ഭാരവാഹിയായ ടി. പ്രസാദിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു വലിയ മയക്കുമരുന്ന് ശൃംഖലയെ പോലീസ് കണ്ടെത്തി.

പ്രസാദ്, സിനിമാ വ്യവസായത്തിലെ ചില പ്രമുഖ വ്യക്തികൾക്ക് കൊക്കെയ്‌ൻ വിതരണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഇതില്‍ നടന്‍ ശ്രീകാന്തിനെ ജൂണ്‍ 23നാണ് അറസ്റ്റ് ചെയ്തത്. കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രക്തസാമ്പിളുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശ്രീകാന്തിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ഗ്രാം കൊക്കെയ്‌നും ഏഴ് ഒഴിഞ്ഞ പാക്കറ്റുകളും കണ്ടെടുത്തു. ഇതിനെ തുടർന്ന് ജൂലൈ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ശ്രീകാന്തിന്റെ മൊഴിയിൽ കൃഷ്ണയുടെ പേര് പരാമർശിക്കപ്പെട്ടതിനെ തുടർന്നാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 25ന് ചോദ്യം ചെയ്യാന്‍ വിളിച്ച കൃഷ്ണയെ ജൂണ്‍ 26നാണ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. കൃഷ്ണയുടെ വസതിയിൽ നടത്തിയ രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിൽ പോലീസിന് മയക്കുമരുന്നുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചില്ലെങ്കിലും ശ്രീകാന്തിന്റെ ഫോൺ രേഖകളിൽ കൃഷ്ണയുമായുള്ള ചാറ്റുകള്‍ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.

കൃഷ്ണ 2018 മുതൽ മയക്കുമരുന്നിനോട് അലർജിയുള്ളതിനാൽ അവ ഉപയോഗിക്കാറില്ലെന്നും ഹൃദയ രോഗത്തിന് ചികിത്സയിലാണെന്നും ചോദ്യം ചെയ്യലിനിടെ അവകാശപ്പെട്ടു. എന്നാൽ, അദ്ദേഹത്തിന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്, ഫലം ലഭിച്ചതിന് ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

കേസിന്റെ അന്വേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, രണ്ട് പ്രമുഖ തമിഴ് നടിമാർ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇവരുടെ പേര് പുറത്തുവന്നിട്ടില്ലെങ്കിലും സിനിമാ വ്യവസായത്തിൽ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന.

ഈ കേസ് തമിഴ് സിനിമാ വ്യവസായത്തിൽ മാത്രമല്ല, രാഷ്ട്രീയ-പോലീസ് ബന്ധങ്ങളിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. പ്രസാദിന്റെ അറസ്റ്റിന് പിന്നാലെ, മയക്കുമരുന്ന് വിതരണത്തിന് പുറമെ തൊഴിൽ തട്ടിപ്പ്, ഭൂമി കൈയേറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലും അദ്ദേഹത്തിന്റെ പങ്കാളിത്തം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നുങ്കമ്പാക്കം പോലീസ് സ്റ്റേഷന്‍റെ മേൽനോട്ടത്തിൽ, ചെന്നൈ സൗത്ത് സോൺ അഡീഷണൽ കമ്മീഷണർ കണ്ണന്റെ നേതൃത്വത്തിൽ അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം തുടരുകയാണ്. കൃഷ്ണയുടെ അറസ്റ്റിന് ശേഷം, പോലീസ് കൂടുതൽ സിനിമാ താരങ്ങളെയും പൊതുപ്രവർത്തകരെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത