'അനന്തഭദ്ര'ത്തിലെ ദിഗംബരനെ ക്യാൻവാസിൽ ആവാഹിച്ച് കോട്ടയം നസീർ !

By Web TeamFirst Published May 14, 2021, 6:04 PM IST
Highlights

അഭ്രപാളികളിൽ മനോജ് കെ ജയൻ അനശ്വരമാക്കിയ, അനന്തഭദ്രത്തിലെ ദിഗംബരൻ എന്ന കഥാപാത്രത്തെ  ക്യാൻവാസിലേക്ക് ആവാഹിച്ച നസീറിൻ്റെ പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

കോട്ടയം നസീർ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലേക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ. അതിലുപരി മികച്ച ചിത്രകാരൻ കൂടിയാണ് നസീർ. ജീവൻ തുടിക്കുന്ന ഒരുപാട് ചിത്രങ്ങൾ ഇതിനോടകം താരം വരച്ചുകഴിഞ്ഞു. 

അഭ്രപാളികളിൽ മനോജ് കെ ജയൻ അനശ്വരമാക്കിയ, അനന്തഭദ്രത്തിലെ ദിഗംബരൻ എന്ന കഥാപാത്രത്തെ ക്യാൻവാസിലേക്ക് ആവാഹിച്ച നസീറിൻ്റെ പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മന്ത്രവാദിയായ ദിഗംബരന്റെ കണ്ണിലെ ഭാവം അതേപടി പകർത്തിയിട്ടുണ്ട് ഈ ഓയിൽ പെയിൻ്റിങ്ങിൽ. 

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാലത്ത് ഏതാണ്ട് ഇതേ സമയത്താണ് നസീർ വര തുടങ്ങിയത്. അതിനിടെ മറ്റു തിരക്കുകൾ വന്നതിനാൽ പൂർത്തിയാക്കാൻ സാധിച്ചില്ല. ഇപ്പോൾ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മിഴിവുറ്റ ചിത്രം പൂർത്തിയാക്കി മനോജ് കെ ജയന് അയച്ചുകൊടുത്തു. ഏതെങ്കിലും വേദിയിൽ വച്ച് നേരിട്ട് സമ്മാനിക്കണം എന്നായിരുന്നു നസീറിന്റെ ആഗ്രഹം. എന്നാൽ കൊറോണയും ലോക്ക്ഡൗണും കാരണം അതിനു കഴിയാതെ പോയി. 

"സാധാരണ ഒരു ചിത്രം വരയ്ക്കുന്നത് പോലെയല്ല ദിഗംബരനേ പകർത്തുക എന്നത്. മന്ത്രവാദിയായ അയാളുടെ ഭാവങ്ങൾ - പ്രത്യേകിച്ച് ആ നോട്ടം ക്യാൻവാസിലേക്ക് പകർത്തുക ഒട്ടും എളുപ്പമുള്ള ജോലിയല്ല. നസീർ അത് ഭംഗിയായി ചെയ്തു, വിസ്മയിപ്പിച്ചു എന്ന് തന്നെ പറയാം", മനോജ് കെ ജയൻ പറയുന്നു. 

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നൊരു ചൊല്ലുണ്ട്. കലാരംഗത്ത് ഒരേ നാട്ടുകാർക്കിടയിൽ പലപ്പോഴും അത്തരമൊരു മനോഭാവമാണ് കൂടുതൽ കണ്ടിട്ടുള്ളതും. എന്നാൽ ഇത് ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ  അംഗീകാരമാണ്. വർഷങ്ങളായി നസീറുമായി അടുത്ത സൗഹൃദമുണ്ട്. കലാകാരനെന്ന നിലയിലും നാട്ടുകാരൻ എന്ന നിലയിലും. ഇത് നസീർ എനിക്ക് തന്ന സ്നേഹ സമ്മാനമാണെന്നും മനോജ് കെ ജയൻ കൂട്ടിച്ചേർത്തു.

തയ്യാറാക്കിയത് : രജീഷ് നിരഞ്ജൻ

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!