
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് മലൈക അറോറ. പ്രായം അൻപത്തിരണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും യുവത്വം കാത്തുസൂക്ഷിക്കുന്ന മലൈക പലപ്പോഴും വിവാദങ്ങളിലും ഉൾപ്പെടാറുണ്ട്. അതോടൊപ്പം തന്നെ താരത്തിന്റെ ഫിറ്റ്നസ് കാര്യങ്ങളും പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.
1998 ൽ പുറത്തിറങ്ങിയ ദിൽസേയിലെ 'ഛയ്യ ഛയ്യ' എന്ന ഗാനമാണ് മലൈകയെ ശ്രദ്ധേയമാക്കിയത്. മുന്നി ബദ്‌നാം ഹുയി, മാഹി വേ തുടങ്ങീ ഗാനരംഗങ്ങളും മലൈകയുടേതായി ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ഇപ്പോഴിതാ പുതിയ ഹെയർകാറ്റിന് ശേഷം താരം പങ്കുവച്ച ചിത്രനഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്.
1998 ൽ സൽമാൻ ഖാന്റെ സഹോദരൻ അര്ബാസ് ഖാനുമായായിരുന്നു മലൈകയുടെ ആദ്യ വിവാഹം. പത്തൊൻപത് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2017 ൽ ഇരുവരും പിരിഞ്ഞിരുന്നു. ഇരുവർക്കും അർഹൻ എന്ന പേരുള്ള ഇരുപത്തിമൂന്ന് വയസുകാരൻ മകനുണ്ട്. ശേഷം അർജുൻ കപൂറുമായി മലൈക പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ബോളിവുഡ് മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും അടുത്തിടെ വേർപിരിഞ്ഞിരുന്നു.
അർജുൻ തന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണെന്നാണ് മലൈക അടുത്തിടെ പറഞ്ഞത്. 'എല്ലാവരെയും പോലെ എന്റെ ജീവിതത്തിൽ ചിലർക്ക് ഞാൻ വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ ചിലർ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അതെന്തുമാകട്ടെ, എന്റെ ഭൂതകാലത്തെ കുറിച്ചോ ഭാവിയെ കുറിച്ചോ കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാധ്യമങ്ങൾ ഇതേ പറ്റി ധാരാളം ചർച്ചകൾ നടത്തി. അതുതന്നെ ധാരാളമാണ്' എന്നായിരുന്നു മലൈക അന്ന് പറഞ്ഞത്.