'അച്ഛന്‍ മറ്റൊരു ലോകത്തിരുന്ന് എന്‍റെ കഥകള്‍ വായിക്കുന്നുണ്ടാകും'; ഗായത്രി അരുണ്‍ പറയുന്നു

By Web TeamFirst Published Sep 22, 2020, 4:29 PM IST
Highlights

അച്ചപ്പം കഥകള്‍ എന്നുപറഞ്ഞ് അടുത്തിടെയാണ് ഗായത്രി ചെറിയ എഴുത്തുകള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അച്ഛന്റെ കഥകളും, അച്ഛനോടൊപ്പമുള്ള തന്റെ കഥകളെല്ലാമാണ് ഗായത്രി പറഞ്ഞിരുന്നത്.

പരസ്പരം പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്കും എത്താനിരിക്കുകയാണ് ഗായത്രി. സോഷ്യല്‍മീഡിയയില്‍ സജീവമായ ഗായത്രി വ്യക്തിപരമായ പല വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ മാസമായിരുന്നു ഗായത്രിയുടെ അച്ഛന്റെ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞദിവസം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദിയറിയിച്ചുകൊണ്ട് ഗായത്രി പറഞ്ഞത്, തനിക്കിത് തീരാ നഷ്ടത്തിന്റെ വര്‍ഷമാണെന്നായിരുന്നു.

കുറച്ചുനാള്‍മുന്‍പ് സോഷ്യല്‍മീഡിയയില്‍ വൈറലായ ഗായത്രിയുടെ എഴുത്തിന്റെ ബാക്കിയാണ് കഴിഞ്ഞദിവസം താരം പങ്കുവച്ചത്. അച്ചപ്പം കഥകള്‍ എന്നുപറഞ്ഞ് അടുത്തിടെയാണ് ഗായത്രി ചെറിയ എഴുത്തുകള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അച്ഛന്റെ കഥകളും, അച്ഛനോടൊപ്പമുള്ള തന്റെ കഥകളെല്ലാമാണ് ഗായത്രി പറഞ്ഞിരുന്നത്. അച്ഛനും അമ്മയും കഥാപാത്രങ്ങളായ 'ഇന്ത്യയും ബാക്കീസ്ഥാനും' എന്ന 'അച്ചപ്പം കഥ' സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

അച്ഛനെ ഒന്ന് കളിയാക്കണം എന്നനിലയ്ക്കാണ് അച്ചപ്പം കഥകള്‍ എഴുതാന്‍ തുടങ്ങിയതെന്നും, അത് ഏറ്റവും രസിച്ച് വായിച്ചിരുന്നത് അച്ഛന്‍ തന്നെയാണെന്നും ഗായത്രി പറയുന്നുണ്ട്. അവസാനത്തെ അച്ചപ്പം കഥ അച്ഛനെപ്പറ്റിയുള്ള തന്റെ ബാല്യകാല ഓര്‍മ്മകളായിരുന്നെന്നും, അത് കേള്‍ക്കാന്‍ അച്ഛന്‍ നിന്നില്ലായെന്നും സങ്കടത്തോടെയാണ് ഗായത്രി പറയുന്നത്.

ഗായത്രിയുടെ കുറിപ്പ് വായിക്കാം.

അച്ചപ്പം കഥകള്‍.. ഒരു വാക്ക് :
'അച്ഛന്‍ പോയിട്ട് ഒരു മാസം. അച്ചപ്പം കഥകള്‍ എഴുതി തുടങ്ങിയത് അച്ഛനെ ഒന്ന് കളിയാക്കണം എന്ന ഉദ്ദേശത്തോടെ തന്നെ ആയിരുന്നു, ആ കളിയാക്കല്‍ ഏറ്റവും രസിക്കുന്നത് അച്ഛന്‍ തന്നെ ആവും എന്ന ഉറപ്പോടെ. ആദ്യത്തെ കഥ വായിച്ച് ഒരു സുഹൃത്ത് പറഞ്ഞു ഒരു പത്തു കഥകള്‍ എഴുതൂ നമുക്ക് അത് ഒരു പുസ്തകമാക്കാം എന്ന്. ആദ്യം അത് തമാശയായി തോന്നിയെങ്കിലും അച്ഛനോട് പറഞ്ഞപ്പോ കിട്ടിയ മറുപടി, പത്തോ! ഒരു നൂറു കഥകള്‍ പറഞ്ഞുതരാം എന്നായിരുന്നു. അപ്പോള്‍ത്തന്നെ വന്നു പഴയ ഒരു പ്രേമലേഖനം കഥ!

ആദ്യത്തെ രണ്ടു കഥകളിലും അച്ഛനെ കുറിച്ചുള്ള തമാശകള്‍
ആയിരുന്നു. അതൊക്കെ വായിച്ചു കേട്ടപ്പോ വല്യ പൊട്ടിച്ചിരികള്‍ ആയിരുന്നു അച്ഛന്റെ പ്രതികരണം. 'ഇങ്ങനെ ആയാല്‍ പത്തെണ്ണം ആകുമ്പോ എനിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റൂല്ലല്ലോ ലേഖേ' എന്നൊരു ഗദ്ഗദവും. പക്ഷെ മൂന്നാമത്തെ കഥയായ് ഞാന്‍ എഴുതിയത് അച്ഛന്റെ ഒപ്പമുള്ള ഒരു ബാല്യകാല ഓര്‍മയാണ്. അതിലെ ഓരോ വരികള്‍ എഴുതിയതും അത് വായിച്ച് കേള്‍ക്കുമ്പോഴുള്ള അച്ഛന്റെ മുഖം മനസ്സില്‍ കണ്ടുകൊണ്ടാണ്. അത് അച്ഛന് വായിച്ചു കൊടുക്കാന്‍ പോയത് അച്ഛന്‍ പോയതിന് മൂന്ന് ദിവസം മുന്നേയും. അന്ന് പക്ഷെ നിര്‍ഭാഗ്യവശാല്‍ അച്ഛനെ അത് വായിച്ച് കേള്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

ഇനി 'അച്ചപ്പം കഥകള്‍ക്ക്' ഒരു തുടര്‍ച്ച ഉണ്ടാകുമോ എന്നറിയില്ല. അച്ഛനെ വായിച്ച് കേള്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ കഥ, അല്ല ആ ഓര്‍മ്മക്കുറിപ്പ് ഇവിടെ കുറിക്കുന്നു, വാക്കുകളോ അക്ഷരങ്ങളോ ആവശ്യമില്ലാത്ത ലോകത്തിരുന്നു അച്ചപ്പം വായിക്കും എന്ന ഉറപ്പോടെ...'

ഗായത്രിയുടെ പുതിയ അച്ചപ്പം കഥ വായിക്കാം

'അച്ചപ്പം കഥകൾ ' ഒരു വാക്ക് : അച്ഛൻ പോയിട്ട് ഇന്നലെ ഒരു മാസം. അച്ചപ്പം കഥകൾ എഴുതി തുടങ്ങിയത് അച്ഛനെ ഒന്ന് കളിയാക്കണം...

Posted by on Friday, 18 September 2020
click me!