
മലയാളികളുടെ പ്രിയങ്കരനായ താരമാണ് മമ്മൂട്ടി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ അതുല്യപ്രതിഭയെ രാജ്യം കഴിഞ്ഞ ദിവസം പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു മമ്മൂട്ടിയെ തേടി പത്മ പുരസ്കാരവും എത്തിയത്. ഇത് ഇരട്ടി മധുരമാണ് താരത്തിനും ആരാധകർക്ക് സമ്മാനിച്ചത്. ചലച്ചിത്ര പുരസ്കാര വേദിയിൽ നിന്നുള്ള ഒരു സുന്ദര നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
ജെസി ഡാനിയേൽ പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിയ മലയാളത്തിന്റെ പ്രിയ നടി ശാരദയും എത്തിയിരുന്നു. പുരസ്കാരം വാങ്ങിയ ശേഷം മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച രാപ്പകൽ എന്ന സിനിമയിലെ 'അമ്മ മനസ്..തങ്ക മനസ്..', എന്ന ഗാനം അവർ പാടുകയും ചെയ്തിരുന്നു. ശേഷം മമ്മൂട്ടിയുടെ മാറോട് ചേർന്ന് ശാരദാമ്മ സ്നേഹം പങ്കിടുകയും ചെയ്തത് ഓരോ മലയാളികളുടെയും മനസിന് കുളിർമയേകിയിരുന്നു.
പിന്നാലെ 2024ൽ എംടി വാസുദേവൻ നായർ, മമ്മൂട്ടിയുടെ മാറോട് ചേർന്നതിന്റെ ഫോട്ടോകളും പങ്കിട്ട് നിരവധി പേർ രംഗത്ത് എത്തി. 91-ാം ജന്മദിന ആഘോഷത്തിനിടെ ആയിരുന്നു എംടി, പ്രിയ ശിഷ്യന്റെ മാറിൽ തല ചായ്ച്ചത്. 'മമ്മൂട്ടിയുടെ മാറിൽ തല ചായ്ക്കുന്ന രണ്ടാമത്തെ പ്രതിഭ. നേരത്തെ മഹാനായ എം ടി. മാറിൽ ചാഞ്ഞു നിന്ന രംഗം ഓർത്തു പോയി', എന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തുന്നത്. 'അമ്മയും മകനും. ഒരിക്കലും മറക്കാത്ത ഓർമ്മകളായി എന്നും നിലനിൽക്കും ആശംസകൾ, അപൂർവ്വ നിമിഷം നമിക്കുന്നു', എന്നിങ്ങനെ പോകുന്നു മറ്റുള്ള കമന്റുകൾ.
അതേസമയം, പേട്രിയറ്റ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന വേഷത്തിലുണ്ട്. 17 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്ന പടം കൂടിയാണിത്.