
സ്ക്രീനില്‍ മാത്രമല്ല, സ്റ്റേജ് പെര്‍ഫോമന്‍സുകളിലും എപ്പോഴും ഊര്‍ജ്ജം നിറയ്ക്കുന്ന സാന്നിധ്യമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ യൂറോപ്യന്‍ ടൂറിനിടെയുള്ള അദ്ദേഹത്തിന്‍റെ ഒരു പെര്‍ഫോമന്‍സിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ആവേശം സിനിമയിലെ ഇല്യൂമിനാറ്റി എന്ന ഗാനത്തിന് വേദിയില്‍ നൃത്തം ചെയ്യുന്ന മോഹന്‍ലാല്‍ ആണ് വീഡിയോയില്‍. ഒപ്പം സ്വാസികയും സാനിയ ഇയ്യപ്പനും ഉണ്ട്. ആവേശത്തില്‍ ഫഹദ് അവതരിപ്പിച്ച നായക കഥാപാത്രമായ രംഗണ്ണനെ അനുസ്മരിപ്പിക്കുന്ന വൈറ്റ് ആന്‍ഡ് വൈറ്റ് കോസ്റ്റ്യൂമിലാണ് മോഹന്‍ലാല്‍ സ്റ്റേജില്‍ ഉള്ളത്. 66-ാം വയസിലും പുതുതലമുറ നായകന്മാര്‍ക്ക് കോമ്പറ്റീഷന്‍ കൊടുക്കുന്ന താരം എന്നാണ് ചിലര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത്.
അതേസമയം ആവേശത്തിലെ ഫഹദിന്‍റെ രംഗണ്ണനായി മോഹന്‍ലാല്‍ എത്തിയാല്‍ എങ്ങനെ ഉണ്ടാവുമെന്ന ചര്‍ച്ച സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. രംഗണ്ണന്‍റെ കോസ്റ്റ്യൂമിലുള്ള മോഹന്‍ലാലിന്‍റെ എഐ നിര്‍മ്മിത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള വേഷവിധാനത്തില്‍ അദ്ദേഹത്തെ ആദ്യമായി ഒരു പൊതുവേദിയില്‍ കാണുന്നത് ഇപ്പോഴാണ്. ജര്‍മനിയിലെ വേദിയില്‍ നിന്നുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ലണ്ടനിലും ഡബ്ലിനിലുമാണ് ഷോയുടെ മറ്റ് രണ്ട് വേദികള്‍.
#Mohanlal's recent dance performance with Swasika & Saniya for Illuminati song🕺💃
At the age of 66, giving tough competition to the young generation Heros🥶🔥pic.twitter.com/wDsXKhPUR3— AmuthaBharathi (@CinemaWithAB) June 27, 2026
മോഹന്‍ലാല്‍ ലൈവ്: ബിയോണ്ട് ദി സ്ക്രീന്‍ എന്നാണ് ഷോയുടെ പേര്. മോഹന്‍ലാലിനെ കൂടാതെ കെ എസ് ചിത്ര, ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന്‍ മുഹമ്മദ്, സാനിയ ഇയ്യപ്പന്‍, വിധു പ്രതാപ്, മനോജ് ജോര്‍ജ്, അഞ്ജു ജോസഫ് എന്നിവരും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കിലുക്കം 25 എന്ന പേരില്‍ ഏപ്രിലില്‍ യുഎസിലും മോഹന്‍ലാലും സംഘവും ഷോകള്‍ നടത്തിയിരുന്നു. ഇതും വലിയ ജനപ്രീതി നേടിയിരുന്നു.
അതേസമയം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ് മോഹന്‍ലാല്‍ നായകനാവുന്ന അടുത്ത ചിത്രം. തുടരും എന്ന വിജയചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജൂലൈ പകുതിയിൽ മോഹൻലാൽ മടങ്ങിയെത്തുന്നതോടെ സിനിമയുടെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് അവസാനഘട്ട ചിത്രീകരണം പൂർത്തിയാകുന്നത്. 120 ദിവസത്തോളം ആകെ നിശ്ചയിച്ച ചിത്രീകരണത്തിൻ്റെ പ്രധാന ഭാഗങ്ങളൊക്കെ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.