
വിദേശ മലയാളികള്‍ പണ്ടുമുതലേ കാത്തിരിക്കുന്നതാണ് മലയാള സിനിമാ താരങ്ങളുടെ സ്റ്റേജ് ഷോകള്‍. തിരശ്ശീലയിലെ മിന്നും താരങ്ങളെ നേരില്‍ കാണാനുള്ള അവസരത്തിന് പുറമെ നാട് വിട്ടുനില്‍ക്കുന്ന അവരെ സംബന്ധിച്ച് ഒരു പ്രത്യേക സന്തോഷമാണ് അത്. സോഷ്യല്‍ മീഡിയ കാലത്ത് താരങ്ങള്‍ പഴയ അകലത്തില്‍ അല്ലെങ്കിലും താരങ്ങള്‍ പങ്കെടുക്കുന്ന വിദേശ ടൂറുകളുടെ ആവേശം കെട്ടിട്ടില്ല. അതില്‍ ഏറ്റവും പുതിയത് മോഹന്‍ലാലും സംഘവും ചേര്‍ന്ന് നടത്തുന്ന യൂറോപ്യന്‍ ടൂര്‍ ആണ്. ഇപ്പോഴിതാ അതില്‍ നിന്നുള്ള ഒരു പെര്‍ഫോമന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ജര്‍മനിയിലെ വേദിയില്‍ നിന്നുള്ളതാണ് അത്. ഗാന്ധര്‍വ്വം എന്ന ചിത്രത്തിലെ നെഞ്ചില്‍ കഞ്ചബാണം എന്ന് തുടങ്ങുന്ന ഗാനം മോഹന്‍ലാല്‍ വേദിയില്‍ പാടുന്നതിന്‍റെയാണ് വീഡിയോ. വെറുതെ പാടുക മാത്രമല്ല, ഒപ്പമുള്ള നര്ത്തകര്ക്കൊപ്പം അദ്ദേഹം ചില സ്റ്റെപ്പുകള്‍ ഇടുന്നുമുണ്ട്. അതേസമയം ലണ്ടനിലും ഡബ്ലിനിലുമാണ് ഷോയുടെ മറ്റ് രണ്ട് വേദികള്‍. മോഹന്‍ലാല്‍ ലൈവ്: ബിയോണ്ട് ദി സ്ക്രീന്‍ എന്നാണ് ഷോയുടെ പേര്. മോഹന്‍ലാലിനെ കൂടാതെ കെ എസ് ചിത്ര, ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന്‍ മുഹമ്മദ്, സാനിയ ഇയ്യപ്പന്‍, വിധു പ്രതാപ്, മനോജ് ജോര്‍ജ്, അഞ്ജു ജോസഫ് എന്നിവരും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കിലുക്കം 25 എന്ന പേരില്‍ ഏപ്രിലില്‍ യുഎസിലും മോഹന്‍ലാലും സംഘവും ഷോകള്‍ നടത്തിയിരുന്നു. ഇതും വലിയ ജനപ്രീതി നേടിയിരുന്നു.
Germany 🇩🇪 @Mohanlal pic.twitter.com/8t7HRGoY4W
— Unni Rajendran (@unnirajendran_) June 26, 2026
അതേസമയം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ് മോഹന്‍ലാല്‍ നായകനാവുന്ന അടുത്ത ചിത്രം. തുടരും എന്ന വിജയചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജൂലൈ പകുതിയിൽ മോഹൻലാൽ മടങ്ങിയെത്തുന്നതോടെ സിനിമയുടെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് അവസാനഘട്ട ചിത്രീകരണം പൂർത്തിയാകുന്നത്. 120 ദിവസത്തോളം ആകെ നിശ്ചയിച്ച ചിത്രീകരണത്തിൻ്റെ പ്രധാന ഭാഗങ്ങളൊക്കെ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ലൗലജൻ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീര ജാസ്മിനാണ്.