
ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് നടി സാമന്ത റൂത്ത് പ്രഭു. താൻ ഗർഭിണിയാണെന്നും കുറച്ചു നാളത്തേയ്ക്ക് സിനിമയിൽ നിന്നും അവധി എടുക്കുകയാണെന്നും സാമന്ത തന്നെ വ്യക്തമാക്കി. 'മാ ഇന്തി ബംഗാരം' എന്ന തെലുങ്ക് സിനിമയുടെ സക്സസ് മീറ്റിൽ വച്ചായിരുന്നു സാമന്തയുടെ വെളിപ്പെടുത്തൽ.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാ ഇന്തി ബംഗാരത്തിന്‍റെ സക്സസ് സെലിബ്രേഷനില്‍ സാമന്തയും ഭര്‍ത്താവ് രാജ് നിദിമൊരുവും ഒന്നിച്ചെത്തിയിരുന്നു. സാമന്തയുടെ വയര്‍ വലുതായിരിക്കുന്നത് ഫോട്ടോകളില്‍ നിന്നും വ്യക്തമായി. പിന്നാലെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഇരുവരും ഒരുങ്ങുകയാണെന്ന വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടു. ഇതിനിടെയാണ് ഇപ്പോള്‍ സാമന്ത തന്നെ ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്.
"എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത്, മാ ഇന്തി ബംഗാരത്തിന് ശേഷം എനിക്ക് ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. പ്രസവാവധി ആണ്. അതിൽ ഞാൻ ഏറെ സന്തോഷവതിയാണ്. ചെറിയൊരു ഗ്യാപ്പിന് ശേഷം ഞാൻ തിരിച്ചുവരും. മറ്റൊരു ചിത്രവുമായി എന്റെ ആരാധകർക്ക് മുന്നിലെത്തും," എന്നായിരുന്നു സാമന്തയുടെ വാക്കുകൾ. പിന്നാലെ സദസില്‍ ഇരുന്നവരെല്ലാം സാമന്തയ്ക്ക് ആശംസകള്‍ അറിയിച്ചു. ഇതിന്‍റെ വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് സാമന്തയ്ക്കും രാജ് നിദിമൊരുവിനും ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്.
#Samantha confirmed her pregnancy and revealed that she will be taking a brief maternity break from films🤝pic.twitter.com/wjjuJjTceS
— AmuthaBharathi (@CinemaWithAB) June 24, 2026
2025 ഡിസംബര്‍ 1ന് ആയിരുന്നു സാമന്തയുടേയും സംവിധായകന്‍ രാജിന്‍റെയും വിവാഹം. ഏറെ ശ്രദ്ധേയമായ ഫാമിലി മാൻ സീരീസിന്റെ സംവിധായകരില്‍ ഒരാളാണ് രാജ്. സീരീസില്‍ സാമന്തയും അഭിനയിച്ചിരുന്നു. ഇതിനിടെ ഇരുവരും പ്രണയത്തിലാകുകയും പിന്നീട് വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. നടന്‍ നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ആദ്യ ഭര്‍ത്താവ്. 2021ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.