മികച്ച താരനിരയുമായി ഏഷ്യാനെറ്റില്‍ പുതിയ കുടുംബ പരമ്പര; 'സസ്‌നേഹം'

By Web TeamFirst Published Jun 10, 2021, 4:04 PM IST
Highlights

ജീവിത സായാഹ്നത്തില്‍ രണ്ട് വീടുകളിലായി ഒറ്റപ്പെട്ടുപോകുന്ന ഇന്ദിരയുടേയും ബാലചന്ദ്രന്റേയും കഥയാണ് പരമ്പര പറയുന്നത്. 

ഹൃദയഹാരിയായ ഒരുപിടി പരമ്പരകള്‍ മലയാളിക്ക് സമ്മാനിച്ച ഏഷ്യാനെറ്റില്‍ പുതിയ പരമ്പര സംപ്രേഷണത്തിനെത്തുന്നു. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ നിസ്സഹായവസ്ഥയുടെ കഥ പറയുന്ന 'സസ്‌നേഹം' ജൂണ്‍ 8 മുതലാണ് ആരംഭിച്ചത്. വളര്‍ത്തി വലുതാക്കിയ മക്കള്‍ക്കും തങ്ങള്‍ അന്യരായെന്നറിയുമ്പോള്‍ വൃദ്ധ സദനത്തിലേക്ക് ചുവടുവയ്ക്കുന്ന മാതാപിതാക്കളുടെയും കഥയാണ് പരമ്പര പറയുന്നത്.

ജീവിത സായാഹ്നത്തില്‍ രണ്ട് വീടുകളിലായി ഒറ്റപ്പെട്ടുപോകുന്ന ഇന്ദിരയുടേയും ബാലചന്ദ്രന്റേയും കഥയാണ് പരമ്പര പറയുന്നത്. തമ്മിലറിയാതെതന്നെ അദൃശ്യരായി പരസ്പരം ബന്ധപ്പെട്ടുപോകുന്ന ഇരുവരുടേയും കഥ , തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 08.40 നാണ് സംപ്രേക്ഷണം ചെയ്യുന്നത്.

പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ രേഖ രതീഷാണ്. പരസ്പരം എന്ന പരമ്പരയിലൂടെയാണ് രേഖ രതീഷിനെ മലയളിക്ക് കൂടുതല്‍ പരിചയം. പരസ്പരത്തില്‍ വീട് അടക്കിഭരിക്കുന്ന അമ്മായിയമ്മയായിരുന്നു രേഖയെങ്കില്‍, ഇവിടെ മക്കളുണ്ടായിട്ടും ഇല്ലാത്തതുപോലെ വീട് വിട്ടിറങ്ങേണ്ടിവരുന്ന അമ്മയാണ് ഇന്ദിര. ബാലചന്ദ്രനായെത്തുന്നത് മിനിസക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ കെ.പി.എ.സി സജിയാണ്.  രേഖയെ കൂടാതെ സ്ത്രീധനം പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ മിഥുന്‍ മേനോന്‍, മിനിസ്‌ക്രീനിലെ സജീവതാരമായ കെ.പി.എ.സി സജി, അഞ്ജന കെ.ആര്‍ തുടങ്ങിയവരും പരമ്പരയിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!