
കഥാപാത്രങ്ങൾക്കായി ശരീരത്തിൽ ട്രാൻസ്ഫോർമേഷൻസ് നടത്തുന്ന താരങ്ങളുടെ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലൊരു ട്രാൻസ്ഫോർമേഷൻ നടത്തിയിരിക്കുകയാണ് നടി നിമിഷ സജയൻ. ‘ബബിത സിങ് റിപ്പോർട്ടിങ്’ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടി നിമിഷ ശരീരഭാരം കൂട്ടുകയായിരുന്നു. 14 കിലോയാണ് താരം കൂട്ടിയത്. സിനിമയ്ക്ക് ശേഷം ശരീരഭാരം പഴയത് പോലെ ആക്കുകയും ചെയ്തിട്ടുണ്ട്. ഈ ഫോട്ടോകളും നിമിഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
നിമിഷ സജയന്റെ വാക്കുകൾ ഇങ്ങനെ
കഥാപാത്രത്തിനായി ഏകദേശം 14 കിലോയോളമാണ് ഞാൻ കൂട്ടിയത് (58 കിലോയിൽ നിന്നും 72 കിലോയിലേക്ക്). എന്നാൽ ഇതിനുശേഷമുള്ള ശരീരഭാരം കുറയ്ക്കൽ യാത്ര തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയായിരുന്നു. ആദ്യത്തെ 10 ദിവസങ്ങൾ ഏറ്റവും കഠിനമേറിയതായിരുന്നു. ഉറക്കമില്ലായ്മ, മൂഡ് സ്വിങ്സ്, ക്ഷീണം, നിരാശ... എനിക്കിത് ചെയ്യാൻ കഴിയില്ലെന്ന് ആത്മാർത്ഥമായി തോന്നിയ ഒരുപാട് നിമിഷങ്ങൾ. എനിക്ക് ഇനി ഇത് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ട്രെയിനറുടെ മുന്നിലിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞ ദിവസങ്ങൾ ഉണ്ടായിരുന്നു. അലി ഷിഫാസ്(ട്രെയിനർ) ഇല്ലായിരുന്നെങ്കിൽ ഞാനീ ശ്രമം എപ്പോഴേ ഉപേക്ഷിച്ചേനെ. ഈ യാത്രയിലുടനീളം നിങ്ങൾ എനിക്ക് താങ്ങായി നിന്നു. എനിക്ക് അധിക സമ്മർദ്ദം തോന്നിയപ്പോൾ നിങ്ങൾ എന്നെ മുന്നോട്ട് നയിച്ചു, ഉപേക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചപ്പോൾ എന്നെ പ്രോത്സാഹിപ്പിച്ചു, ഈ ഉദ്യമത്തിൽ ക്ഷമയോടെ വിശ്വസിക്കാൻ എന്നെ ഓർമിപ്പിച്ചു.
എന്റെ മോശം ദിവസങ്ങളിൽ നിങ്ങൾ എന്നെ ഒരിക്കലും കുറ്റപ്പെടുത്തുകയോ ബുദ്ധിമുട്ടുകൾ നേരിട്ടതിന് കുറ്റബോധം തോന്നിപ്പിക്കുകയോ ചെയ്തില്ല. പകരം എല്ലാ ദിവസവും എനിക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കടുത്ത നിരാശയും ക്ഷീണവും കാരണം എല്ലാം ഉപേക്ഷിക്കാൻ ഞാൻ തയ്യാറായ ദിവസങ്ങളുണ്ടായിരുന്നു. എന്നാൽ എങ്ങനെയെങ്കിലും, അടുത്ത ദിവസം വീണ്ടും വരാനും പോരാടാനും നിങ്ങൾ എന്നെ പ്രേരിപ്പിച്ചു. തിരിഞ്ഞുനോക്കുമ്പോൾ ശരീരഭാരം കുറയ്ക്കുന്നത് മാത്രമായിരുന്നില്ല ഈ യാത്ര. ഇത് ക്ഷമയെക്കുറിച്ചും, വിശ്വാസത്തെക്കുറിച്ചും, അതിലുപരിയായി ശരിയായ ഒരു വ്യക്തി ഒപ്പമുണ്ടാകുന്നതിനെക്കുറിച്ചുമുള്ള പാഠമായിരുന്നു. നിങ്ങൾ എന്റെ പോരാട്ടം വളരെ എളുപ്പമാക്കി. എന്റെ ഏറ്റവും നല്ല പരിശീലകനും എന്റെ ഏറ്റവും വലിയ ചിയർ ലീഡറും എന്റെ പിന്തുണാ സംവിധാനവും നിങ്ങളാണ്. ഞാൻ എന്നിൽ വിശ്വസിക്കാതിരുന്ന ദിവസങ്ങളിൽ പോലും എന്നിൽ വിശ്വസിച്ചതിന് ഷിഫുക്കയ്ക്ക് നന്ദി. നിങ്ങൾ ഇല്ലാതെ ഇത് ചെയ്യാൻ കഴിയുമായിരുന്നില്ല.