
മുംബൈ: ബോളിവുഡിന്റെ എക്കാലത്തെയും ഹിറ്റ് കോമഡി ഫ്രാഞ്ചൈസിയായ 'ഹേരാ ഫേരി'യുടെ മൂന്നാം ഭാഗത്തിൽപരേഷ് റാവൽ തന്റെ ഐതിഹാസിക കഥാപാത്രമായ ബാബുറാവു ഗണപതറാവു ആപ്‌തെയായി തിരിച്ചെത്തും. 'ഹേരാ ഫേരി 3'യിൽ നിന്ന് പരേഷ് പിന്മാറിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കും നിയമനടപടികൾക്കും ശേഷം, താരം തന്റെ തിരിച്ചുവരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.
ഇത് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. 'ഹേരാ ഫേരി' (2000), 'ഫിർ ഹേരാ ഫേരി' (2006) എന്നീ ചിത്രങ്ങളിലെ ബാബുരാവിന്റെ അവിസ്മരണീയമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ പരേഷ് റാവൽ. മലയാളത്തിലെ റാഞ്ചി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ ഇന്നസെന്‍റ് അവതരിപ്പിച്ച ഐക്കോണിക് കഥാപാത്രം മന്നാര്‍ മത്തായിയുടെ ഹിന്ദി പതിപ്പാണ് ബാബുറാവു.
'ഹേരാ ഫേരി 3'യിൽ നിന്ന് പിന്മാറിയത് ആരാധകർക്ക് വലിയ നിരാശയായിരുന്നു. എന്നാൽ, ഹിമാൻഷു മെഹ്തയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെ താരം തന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ചു. "എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് പ്രേക്ഷകർക്ക് ഒരു മികച്ച ചിത്രം സമ്മാനിക്കാൻ പോകുന്നു," എന്നാണ് പരേഷ് പറഞ്ഞത്.
പോഡ്കാസ്റ്റിൽ, പ്രേക്ഷകരുടെ സ്നേഹത്തോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് പരേഷ് സംസാരിച്ചു. "പ്രേക്ഷകർ ഒരു ചിത്രത്തെ ഇത്രയധികം സ്നേഹിക്കുമ്പോൾ, ഞങ്ങൾക്ക് അതിനോട് ഉത്തരവാദിത്തമുണ്ട്. അവരെ നിരാശപ്പെടുത്താൻ പാടില്ല," അദ്ദേഹം പറഞ്ഞു.
നേരത്തെ, പരേഷ് റാവൽ ചിത്രത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന്, ചിത്രത്തിന്റെ നിർമ്മാതാവും സഹനടനുമായ അക്ഷയ് കുമാർ 25 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി ആരംഭിച്ചിരുന്നു. പരേഷ് 11 ലക്ഷം രൂപയുടെ സൈനിംഗ് തുക 15% പലിശയോടെ തിരികെ നൽകിയിരുന്നു.
അക്ഷയ് കുമാർ, 'ഹൗസ്ഫുൾ 5'ന്റെ ട്രെയിലർ ലോഞ്ചിനിടെ, പരേഷിനെ 'മണ്ടൻ' എന്ന് വിളിച്ച ആരാധകരുടെ വിമർശനത്തെ എതിർത്ത് രംഗത്ത് വന്നിരുന്നു. "30-35 വർഷമായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. അവനെ മണ്ടൻ എന്ന് വിളിക്കുന്നത് ശരിയല്ല. അവൻ മികച്ച നടനാണ്, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്," എന്ന് അക്ഷയ് പറഞ്ഞു.
'ഹേരാ ഫേരി'യുടെ മൂന്നാം ഭാഗത്തിനായി വർഷങ്ങളായി കാത്തിരിക്കുന്ന ആരാധകർക്ക് പരേഷിന്റെ തിരിച്ചുവരവ് വലിയ സന്തോഷം പകരുന്നു. അക്ഷയ് കുമാർ (രാജു), സുനിൽ ഷെട്ടി (ശ്യാം), പരേഷ് റാവൽ (ബാബുറാവു) എന്നിവര്‍ വീണ്ടും ഒന്നിക്കുന്നത് ഒരു നൊസ്റ്റാൾജിക് അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക്. പ്രിയദർശൻ വീണ്ടും സംവിധാനം ചെയ്യുന്ന ഈ ചിത്രം, 2000-ലെ ആദ്യ ചിത്രത്തിന്റെ ഹാസ്യവും ലാളിത്യവും വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.
2000-ൽ പുറത്തിറങ്ങിയ 'ഹേരാ ഫേരി' പ്രിയദർശന്റെ സംവിധാനത്തിൽ ഒരു കൾട്ട് ക്ലാസിക്കായി മാറി. 2006-ൽ നീരജ് വോറ സംവിധാനം ചെയ്ത 'ഫിർ ഹേരാ ഫേരി'യും വൻ വിജയമായിരുന്നു. എന്നാൽ, മൂന്നാം ഭാഗം വർഷങ്ങളായി വിവിധ പ്രശ്നങ്ങൾ നേരിട്ടിരുന്നു.