
ചെന്നൈ: തമിഴ് സിനിമാ താരം രവി മോഹൻ തന്‍റെ വിവാഹമോചന കേസിനിടയിൽ വാടക വീട്ടിൽ താമസിക്കുന്നതിനെക്കുറിച്ചുള്ള പരാമർശം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുകയാണ്. '3 ബിഎച്ച്‌കെ' എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവെയാണ് താൻ ആദ്യമായി ഒരു വാടക വീട്ടിൽ താമസിക്കുകയാണെന്ന് രവി മോഹൻ വെളിപ്പെടുത്തിയത്.
"ജനിച്ചത് മുതല്‍ ഞാൻ എന്‍റെ സ്വന്തം വീടുകളിൽ മാത്രമാണ് താമസിച്ചിരുന്നത്. ഇപ്പോൾ ഞാൻ ഒരു വാടക വീട്ടിലാണ്, അതിനാല്‍ എനിക്ക് ഈ ചിത്രം വളരെ പേഴ്സണലായി ബന്ധപ്പെട്ടിരിക്കുന്നു " എന്നാണ് രവിമോഹന്‍ പറഞ്ഞത്. എന്നാൽ, ഈ പരാമർശം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചു.
രവി മോഹനും ഭാര്യ ആരതി രവിയും തമ്മിലുള്ള വിവാഹമോചന നടപടികൾ 2024 സെപ്റ്റംബറിൽ പ്രഖ്യാപിച്ചതിന് ശേഷം വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇരുവരും പരസ്പരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ആരതി, രവി തന്നെ വൈകാരികമായും സാമ്പത്തികമായും ഉപേക്ഷിച്ചുവെന്ന് ആരോപിച്ചപ്പോൾ. രവി ആർതിയും അവരുടെ അമ്മ സുജാത വിജയകുമാറും തന്നെ വൈകാരികമായും സാമ്പത്തികമായും ദ്രോഹിച്ചുവെന്നാണ് രവി ആരോപിച്ചത്.
മദ്രാസ് ഹൈക്കോടതി പിന്നീട് ഇരുവരെയും പരസ്പരം അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെക്കുന്നതിൽ നിന്ന് വിലക്കുകയും മുമ്പ് പങ്കുവെച്ച പോസ്റ്റുകൾ നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, രവി മോഹന്റെ വാടക വീടിനെക്കുറിച്ചുള്ള പ്രസ്താവന, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.
'3 ബിഎച്ച്‌കെ' ഒരു ഇടത്തരം കുടുംബത്തിന്‍റെ സ്വന്തം വീട് എന്ന സ്വപ്നത്തിന്‍റെ പ്രാധാന്യത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കുടുംബ കഥയാണ്. ശരത് കുമാര്‍, സിദ്ധാര്‍ത്ഥ് എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഈ ചിത്രത്തിന്‍റെ ചടങ്ങിലാണ് രവിമോഹന്‍റെ പരാമര്‍ശം. "ഈ ചിത്രം എന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഇത് എനിക്ക് പ്രചോദനമായി, ഇനിയുള്ള ജീവിതം സന്തോഷത്തോടെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." എന്നാണ് രവിമോഹന്‍ തുടര്‍ന്ന് പറഞ്ഞത്.
രവി മോഹന്റെ ഈ പരാമർശത്തിന് ശേഷം, സോഷ്യൽ മീഡിയയിൽ ചിലർ അദ്ദേഹത്തെ വിമർശിച്ചു. അവർ. അദ്ദേഹത്തിന്റെ വാടക വീട്ടിലെ താമസം ഒരു 'നാടകീയ' പ്രസ്താവനയായി അവതരിപ്പിക്കേണ്ട കാര്യം അല്ലെന്നാണ് പലരും പറയുന്നത്.
നിലവിൽ, രവി മോഹന്റെയും ആരതി രവിയുടെയും വിവാഹമോചന നടപടികൾ ചെന്നൈ കുടുംബ കോടതിയിൽ നടന്നുവരികയാണ്. ആർതി പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടിട്ടുണ്ട്.