'സൂരജ്, ഇപ്പോള്‍ എങ്ങനെയുണ്ട്'? കൊവിഡ് പോസിറ്റീവ് ആയ ആരാധകന് പൃഥ്വിരാജിന്‍റെ കോള്‍

By Web TeamFirst Published Dec 6, 2020, 12:20 PM IST
Highlights

'സൂരജ്, പൃഥ്വിരാജ് ആണ്' എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിയുടെ കോള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് ചോദിക്കുന്ന പൃഥ്വിരാജ് സാമ്പത്തികമായി സഹായം ആവശ്യമുണ്ടോ എന്നും അന്വേഷിക്കുന്നു

ആരാധകരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരമാണ് പൃഥ്വിരാജ്. പലരുടെയും വിവാഹത്തിനും പിറന്നാളിനുമൊക്കെ പൃഥ്വി നേരിട്ട് വിളിച്ച് ആശംസകള്‍ അറിയിക്കാറുണ്ട്. അതിന്‍റെ സന്തോഷം ആരാധകര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ കൊവിഡ് പോസിറ്റീവ് ആയ ഒരു ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനെ പൃഥ്വി ഫോണില്‍ വിളിച്ച് സുഖവിവരം തിരക്കുന്നതിന്‍റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

കൊവിഡ് പോസിറ്റീവ് ആയ സൂരജ് എന്ന ആരാധകനെയാണ് പൃഥ്വിരാജ് വിളിക്കുന്നത്. 'സൂരജ്, പൃഥ്വിരാജ് ആണ്' എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിയുടെ കോള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് ചോദിക്കുന്ന പൃഥ്വിരാജ് സാമ്പത്തികമായി സഹായം ആവശ്യമുണ്ടോ എന്നും അന്വേഷിക്കുന്നു. ഒരാഴ്ചയായി ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഹോം ക്വാറന്‍റൈനില്‍ ആയിരുന്നെന്നും ആരാധകന്‍ മറുപടി നല്‍കുന്നു, സാമ്പത്തികമായി ഇപ്പോള്‍ സഹായം ആവശ്യമില്ലെന്നും. എപ്പോഴെങ്കിലും അത്തരം സഹായം ആവശ്യമായി വരുകയാണെങ്കില്‍ തന്നെയോ ഫാന്‍സ് അസോസിയേഷനിലെ മറ്റുള്ളവരെയോ വിളിക്കണമെന്ന് പറഞ്ഞാണ് പൃഥ്വി കോള്‍ അവസാനിപ്പിക്കുന്നത്. കൊവിഡ് പോസിറ്റീവ് ആയതില്‍ ഭീതി വേണ്ടെന്നും പൃഥ്വി പറയുന്നുണ്ട്. "പേടിക്കുകയൊന്നും വേണ്ട. കൊവിഡ് പോസിറ്റീവ് ആവുക എന്നു പറഞ്ഞാല്‍ ഇപ്പോള്‍ വലിയ ഒരു കാര്യമൊന്നും അല്ല. എല്ലാവര്‍ക്കും വന്നുപോകുമെന്നാണ് എനിക്ക് തോന്നുന്നത്", പൃഥ്വിരാജ് പറയുന്നു.

ഒക്ടോബര്‍ മാസത്തില്‍ പൃഥ്വിരാജും കൊവിഡ് പോസിറ്റീവ് ആയിരുന്നു. 'ജന ഗണ മന' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടത്തിയ പരിശോധനയിലാണ് പൃഥ്വിയും ചിത്രത്തിന്‍റെ സംവിധായകന്‍ ഡിജോ ജോസ് ആന്‍റണിയും കൊവിഡ് ബാധിതരായത്. കൊവിഡ് മുക്തി നേടിയതിനു ശേഷം ആരംഭിച്ച 'കോള്‍ഡ് കേസ്' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍.

click me!