
സിനിമാതാരങ്ങളുടെ കുട്ടിക്കാല ഫോട്ടോകൾ കാണാൻ ജനങ്ങൾക്ക് താല്പര്യം ഏറെയാണ്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടേത്. അതുപോലെ തന്നെയാണ് ബാലതാരമായി വന്ന് ബിഗ് സ്ക്രീനിൽ തിളങ്ങിയ കുട്ടിത്താരങ്ങൾ വളർന്ന് കഴിയുമ്പോൾ കാണാനും. അത്തരത്തിലുള്ള രണ്ട് ബാലതാരങ്ങളുടെ ഇപ്പോഴത്തെ ലുക്കാണ് സോഷ്യൽ മീഡിയയിൽ എങ്ങും വൈറൽ ആകുന്നത്. 'ജസ്റ്റ് ഒന്ന് വളർന്നു' എന്നാണ് ഈ ട്രെന്റിനിപ്പോൾ സോഷ്യൽ മീഡിയയിലെ പേര്.
ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത്, പിന്നീട് കുഞ്ഞു ദൈവം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദിഷ് പ്രവീൺ ആണ് ഈ ട്രെന്റിന് തുടക്കം കുറിച്ചത്. 'ചേയ്ഞ്ച് വേണമത്രേ ചെയ്ഞ്ച്', എന്ന് കുറിച്ചു കൊണ്ടാണ് ആദിഷ് തന്റെ മുൻകാല വീഡിയോയ്ക്ക് ഒപ്പം ഇപ്പോഴുള്ള ചിത്രങ്ങളും ഉൾപ്പെടുത്തി വീഡിയോ ഷെയർ ചെയ്തത്. പിന്നാലെ നിരവധി പേർ ആദിഷിന്റെ മാറ്റം കണ്ട് കൗതുകയും സ്നേഹവും സമ്മാനിച്ച് കമന്റുകൾ ചെയ്തു.
ആദിഷിന്റെ റീൽ വൈറലായതിന് പിന്നാലെ വന്നത് പുലിമുരുകൻ സിനിമയിൽ മോഹൻലാലിന്റെ മകളായി എത്തിയ ചക്കി. ദുർഗ്ഗ എന്നാണ് ചക്കിയുടെ യഥാർത്ഥ പേര്. ജസ്റ്റ് ഒന്ന് വളർന്നു എന്ന ക്യാപ്ഷനോടെയാണ് ദുർഗ്ഗ തന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ പങ്കിട്ടത്. ഇതിനു താഴെ മുരുകന്റെ ചക്കി ഇത്രയേറെ വളർന്നോ എന്ന അത്ഭുതത്തോടെയാണ് പലരും കമന‍്റ് ചെയ്തിരിക്കുന്നത്. ആദിഷും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
'പുലിമുരുകൻ ഇറങ്ങിയിട്ട് ഇത്രെയൊക്കെ വർഷമായോ..കാലം പോയ പോക്കേ, ഇതിപ്പോ നമ്മക്ക് ചെറുപ്പമാവാണോ. സിനിമയിൽ കുഞ്ഞായി കണ്ട പിള്ളേരൊക്കെ വല്ലാണ്ട് വളർന്നു വലുതായല്ലോ, പിള്ളേരൊക്കെയങ്ങ് വളർന്നു, ഇതിൽ നിന്ന് എന്ത് മനസിലായി അവർ വലുതായത് മാത്രം അല്ല.. നമുക്കും പ്രായം ആയി, നമുക്ക് ഒക്കെ വല്ലാണ്ട് അങ്ങ് പ്രായം ആയി, അപ്പോൾ എനിക്കൊക്കെ നല്ല പ്രായം ആയി എന്ന് അല്ലേ പറഞ്ഞുവരുന്നത്, പുലിമുരുകൻ റിലീസായിട്ട് 10 വർഷം ആയെന്ന്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഈ ട്രെന്റിൽ ഇനിയും കുട്ടിത്താരങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നുവെന്ന് കമന്റ് ഇടുന്നവരും ധാരാളമാണ്.