സംഘടന നിർമ്മിച്ചുനൽകിയ വീടിന്റെ കേടുപാടുകളെക്കുറിച്ച് കൊല്ലം സുധിയുടെ ഭാര്യ രേണു പരാതിപ്പെട്ടതിനെ തുടർന്നുണ്ടായ വിവാദത്തിൽ മകൻ കിച്ചു പ്രതികരിച്ചു. പ്രതിസന്ധി ഘട്ടത്തിൽ വീട് നൽകിയവരെ തള്ളിപ്പറയില്ലെന്നും അവരോട് നന്ദിയുണ്ടെന്നും കിച്ചു വ്യക്തമാക്കി.
കൊല്ലം സുധിയുടെ മരണ ശേഷം നിരവധി പ്രശ്നങ്ങളും വിവാദങ്ങളിലൂടെയുമാണ് രേണു കടന്നു പോയത്. അഭിനയത്തിലേക്ക് ഇറങ്ങിയതിന്റെ പേരിൽ പലപ്പോഴും ട്രോളുകൾക്കും വിമർശനങ്ങൾക്കും രേണു പാത്രമായി. അതിലൊന്നായിരുന്നു കെഎച്ച്ഡിഇസി എന്ന സംഘടന വച്ചു നൽകിയ വീട്. പുതിയ വീട് വച്ച് ആറ് മാസം കഴിഞ്ഞതിന് പിന്നാലെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. വീട് ചോരുകയാണെന്നും പല കേടുപാടുകളും ഉണ്ടെന്നും വ്യക്തമാക്കി രേണു രംഗത്തെത്തി. സോഷ്യൽ മീഡിയകളിൽ തുറന്നു പറയുകയും തെളിവുകൾ നിരത്തുകയും ചെയ്തിരുന്നു. ഇതോടെ സംഘടനയും രേണുവും തമ്മിൽ പ്രത്യക്ഷമായ തർക്കം നടക്കുകയും ചെയ്തു.
കൊല്ലം സുധിയുടെ രണ്ടു മക്കളുടെ പേരിലാണ് വീട് വച്ച് നൽകിയിരിക്കുന്നത്. വിവാദങ്ങൾ നടന്നപ്പോഴൊന്നും മൂത്ത മകൻ കിച്ചു പ്രതികരിച്ചിരുന്നില്ല. സോഷ്യൽ മീഡിയ ചോദ്യങ്ങൾക്കും കിച്ചു മുഖം കൊടുത്തില്ല. ഇപ്പോഴിതാ മൗനം വെടിഞ്ഞ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കിച്ചു. വീട് വച്ച് തന്നവർക്കെതിരെ താനിതുവരെ ഒന്നു പറഞ്ഞിട്ടില്ലെന്നും അവരെ താൻ തള്ളി പറയില്ലെന്നും കിച്ചു പറഞ്ഞു.
"വീട് തന്നവർക്കെതിരെ ഞാനിതുവരെ ഒന്നും പറഞ്ഞിട്ടില്ല. വീട് വച്ചത് എന്റെ പേരിലാണ്. ഫിറോസ് ഇക്ക എനിക്ക് മെസ്സേജ് ഇടാറുണ്ട്. ഞാനുമായിട്ടൊരു പ്രശ്നവും ഇല്ല. അങ്ങനെ ഒരു വീട് വെച്ച് തന്നതിൽ എനിക്ക് വളരെ സന്തോഷമേ ഉള്ളൂ. ഞാൻ ഇതുവരെ ആ വീടിനെ കുറ്റം പറഞ്ഞിട്ടില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് നമ്മളാണ്, നമ്മുടെ ഉത്തരവാദിത്വമാണ്. അവർ മനസ് വെച്ച് ഒരു വീട് തന്നത് തന്നെ വലിയ കാര്യമാണ്. ഒരു വീട് പോലും ഇല്ലാത്ത സമയത്ത്, ഒന്നുമില്ലാത്ത സമയത്ത് തന്ന വീട് ആണ് അത്. ഞാൻ ഒരിക്കലും അവരെ തള്ളി പറയില്ല. പിന്നെ വീടിന് എന്തെങ്കിലും സംഭവിച്ചാൽ അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നത് നമ്മുടെ കാര്യമാണ്", എന്നായിരുന്നു കിച്ചുവിന്റെ വാക്കുകൾ. തനിക്ക് ഏറ്റവും കംഫർട്ടായി നിൽക്കാൻ പറ്റുന്നത് കൊല്ലത്താണെന്നും പഠനവും മറ്റുമെല്ലാം അവിടെ തന്നെയാണെന്നും കിച്ചു വ്യക്തമാക്കിയിട്ടുണ്ട്.



