
കസ്തൂരിമാൻ എന്ന സീരിയലിലൂടെ പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടിയ നടിയാണ് റബേക്ക സന്തോഷ്. സീരിയലിലെ ബോൾഡ് ആയ വേഷം റബേക്ക എങ്ങനെ ഇത്ര മനോഹരമാക്കിയെന്ന് അതിശയിക്കുന്നവരാണ് താരത്തെ അടുത്ത് അറിയുന്നവർ. കാരണം എപ്പോഴും ഉത്സാഹവതിയായി കുട്ടിത്തത്തോടെ പെരുമാറുന്ന രീതിയാണ് താരത്തിന്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് സുപരിചിതമാണ്. റീൽസിനും ഫോട്ടോഷൂട്ടുകൾക്കും പുറമെ യാത്രാ വിശേഷങ്ങളും റബേക്ക ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നതും.
സിക്കിം സന്ദർശനമാണ് താരത്തിന്റെ പുതിയ വിശേഷം. സിക്കിം ഡയറീസ് എന്ന ഹാഷ് ടാഗിൽ നിരവധി ചിത്രങ്ങളാണ് റബേക്ക പങ്കുവെക്കുന്നത്. 6 ദിവസങ്ങളായി താരം യാത്ര ആരംഭിച്ചിട്ട്. ഭർത്താവ് ശ്രീജിത്ത് വിജയനും ഒപ്പമുണ്ട്. ഓരോ പുതിയ സ്ഥലത്ത് എത്തുമ്പോഴും ചിത്രങ്ങൾ പകർത്തി പ്രേക്ഷകർക്ക് പങ്കുവെക്കാൻ താരം മറക്കാറില്ല. യാത്ര ചെയ്യാൻ മടിയുള്ളവരെ പോലും ഒന്ന് കൊതിപ്പിക്കുന്ന തരത്തിലാണ് സിക്കിമിന്റെ മനോഹാരിതയിൽ നിന്നുള്ള റബേക്കയുടെ ചിത്രങ്ങൾ. തത്ത പച്ച നിറത്തിലുള്ള ടീ ഷർട്ട് ധരിച്ചുള്ള ചിത്രങ്ങളും മഞ്ഞിൽ നിന്നുള്ള ചിത്രങ്ങളുമെല്ലാം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
മിന്നാമിനുങ്ങ്, ഒരു സിനിമാക്കാരന്‍, തിരുവമ്പാടി തമ്പാന്‍ എന്നിവയാണ് റബേക്ക അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു റെബേക്കയും ശ്രീജിത്തും വിവാഹിതരാകുന്നത്. റബേക്കയുടെ വിവാഹ വേഷവും മേക്കപ്പുമെല്ലാം അന്ന് വൈറല്‍ ആയിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ കുട്ടനാടൻ മാർപാപ്പയിലൂടെ സംവിധാന രംഗത്തെത്തിയ ആളാണ് ശ്രീജിത്ത്. ‘മാര്‍ഗംകളി’യാണ് ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്‍ത മറ്റൊരു ചിത്രം. എഴുത്തുകാരനും സിനിമോട്ടോഗ്രാഫറും കൂടിയാണ് ശ്രീജിത്ത്.