
പ്രായഭേദമന്യേ പ്രേക്ഷക ലക്ഷങ്ങള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ടെലിവിഷന്‍ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയലും സാന്ത്വനം തന്നെ. സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും ഏറ്റെടുക്കുന്നത്.
കെട്ടുറപ്പുള്ള ഒരു കുടുംബകഥ, മനോഹരമായ കഥാപാത്ര സൃഷ്ടി എന്നിവയ്ക്കൊപ്പം അതിശയകരമായി അഭിനയിക്കാന്‍ കഴിയുന്ന ഒരു ടീം കൂടെയായപ്പോള്‍ പരമ്പര വാമൊഴിയായും വരമൊഴിയായും ജനഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു. ശിവാഞ്ജലി എന്ന പ്രണയജോഡികളാണ് പരമ്പരയുടെ മുഖ്യ ആകര്‍ഷണമെങ്കിലും, ഒരിക്കലും ശിവാഞ്ജലിയിലേക്ക് മാത്രമായി കഥ ഒതുങ്ങുന്നില്ല എന്നതാണ് പരമ്പരയുടെ മറ്റൊരു വിജയം. ഇപ്പോഴിതാ ആരാധകരുടെ മനസ്സു നിറയ്ക്കുന്ന പുതിയ വിശേഷം പങ്കിടുകയാണ് സീരിയലിലെ ശിവനായ സജിൻ ടി പി.
ഏഷ്യാനെറ്റിന്റെ ഈ വർഷത്തെ മികച്ച താര ജോഡികൾക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രമാണ് സജിൻ പങ്കുവെച്ചിരിക്കുന്നത്. 'ശിവാഞ്‌ജലി' എന്ന ക്യാപ്‌ഷനും താരം നൽകിയിട്ടുണ്ട്. അഞ്ജലിയായി വേഷമിടുന്ന ഗോപികയും അവാർഡ് സ്വീകരിക്കാൻ ഒപ്പമുണ്ട്. 'ശിവേട്ടൻ എന്ന കഥാപാത്രം നിങ്ങളിൽ ഭദ്രമാണെന്നാണ്', എന്നാണ് ഒരു ആരാധികയുടെ കമന്റ്. ഇത് ഏറെ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത നിമിഷമെന്ന് മറ്റ് ചിലരും കമന്റ് ചെയ്യുന്നുണ്ട്. നിരവധി പേരാണ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നത്. ഒട്ടനവധി ഫാൻ പേജുകളും ശിവജ്ഞലിക്ക് ഉണ്ട്.
കൃഷ്‍ണ സ്റ്റോഴ്‌സ് നടത്തുന്ന സാന്ത്വനം കുടുംബത്തിന്റെ വീടിനകത്തും പുറത്തുമുള്ള ജീവിതമാണ് പരമ്പര പറയുന്നത്. കൂട്ടുകുടുംബത്തിലെ സ്‌നേഹവും പരിഭവവും സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ പരമ്പര നല്ല രീതിയില്‍ തന്നെ വിജയിച്ചെന്ന് പറയാം. സാന്ത്വനം വീട്ടിലെ അച്ഛന്റെ മരണശേഷം ഏട്ടനായ ബാലനും ഏട്ടന്റെ ഭാര്യയായ ദേവിയും കുടുംബത്തെ നോക്കാന്‍ ആരംഭിക്കുന്നു. ബാലന്റെ അനിയന്മാരായ ഹരി, ശിവന്‍, കണ്ണന്‍ എന്നിവരും ഹരിയുടെ ഭാര്യ അപര്‍ണ്ണ, ശിവന്റെ ഭാര്യ അഞ്ജലി എന്നിവരുമാണ് പരമ്പരയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
യുവ താരനിരയുമായി 'തട്ടാശ്ശേരി കൂട്ടം'; മനോഹര ഗാനമെത്തി