
മലയാള സിനിമയിലെ കൾട്ട് ക്ലാസിക് ചിത്രം ഏതെന്ന് ചോദിച്ചാൽ ഒരുപിടി സിനിമകൾ മനസിൽ വരുമെങ്കിലും അക്കൂട്ടത്തിലെ മുൻപൻ മണിച്ചിത്രത്താഴ് ആണ്. 1993ൽ ഫാസിലിന്റെ സംവിധാനത്തിൽ മലയാള സിനിമയ്ക്ക് ലഭിച്ച ഈ ബ്ലോക് ബസ്റ്റർ ചിത്രത്തിന് 30 വർഷത്തിനിപ്പുറവും ആരാധകർ ഏറെയാണ്. ഒട്ടും മടിപ്പ് കൂടാതെ മലയാളി പലതവണ ആവർത്തിച്ച് കാണുന്ന ചിത്രം മണിച്ചിത്രത്താഴാണ് എന്ന കാര്യത്തിലും യാതൊരു തർക്കവുമില്ല. ഗംഗയും നാഗവല്ലിയും ഡേ. സണ്ണിയും നകുലനും ഉണ്ണിത്താനും കാട്ടുപറമ്പനും തുടങ്ങി എല്ലാ കഥാപാത്രങ്ങളും ആദ്യ സിനിമയെന്നോണം ആഘോഷിക്കപ്പെടുകയാണ്.
ശോഭനയ്ക്ക് നാഷണൽ അവാർഡ് ലഭിച്ച സിനിമ കൂടിയാണ് മണിച്ചിത്രത്താഴ്. സിനിമയിലെ താരത്തിന്റെ മൾട്ടിപ്പിൾ പ്രകടനവും നൃത്തവും വൻ ജനശ്രദ്ധ നേടിയിരുന്നു. 'ഒരുമുറൈ വന്ത് പാർത്തായ..' എന്ന ഗാനവും അതിലെ ശോഭനയുടെ നൃത്തത്തിനും ഇന്നും ആരാധകർ ഏറെയുണ്ട്. ആ ഡാൻസ് താനാണ് കൊറിയോഗ്രാഫി ചെയ്തതെന്ന് പറയുകയാണ് ശോഭന. ബിഹൈന്റ് വുഡ് തമിഴിനോട് ആയിരുന്നു ശോഭനയുടെ തുറന്നു പറച്ചിൽ. കലാ മാസ്റ്ററായിരുന്നു അഭിമുഖം നടത്തിയത്.
തമിഴ് റീമേക്കായ ചന്ദ്രമുഖിയിൽ ജ്യോതികയായിരുന്നു ശോഭനയുടെ വേഷം ചെയ്തത്. ക്ലാസിക്കൽ ഡാൻസ് അറിയാതെ കളിച്ച് നാഷണൽ അവാർഡ് വാങ്ങിച്ച ആളാണ് ജ്യോതികയെന്ന് കലാ മാസ്റ്റർ പറയുന്നുണ്ട്. കലയായിരുന്നു കൊറിയോഗ്രാഫി ചെയ്തത്. അപ്പോഴാണ് മലയാളത്തിൽ താൻ ആണ് കൊറിയോഗ്രഫി ചെയ്തതെന്നും ഉമാ ശാന്തി മാസ്റ്റർ ഒപ്പമുണ്ടായിരുന്നുവെന്നും ശോഭന പറഞ്ഞത്. "മണിച്ചിത്രത്താഴ് റീമേക്ക് ചെയ്തവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. ഹിന്ദി റീമേക്ക് മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്. വേറെ ഒന്നും കണ്ടിട്ടില്ല. വിദ്യാ ജി നല്ല രീതിയിൽ അത് ചെയ്തിട്ടുണ്ടായിരുന്നു", എന്നും ശോഭന പറഞ്ഞു.