'ഏതൊക്കെ ഷോ ഇഷ്ടമാണെന്ന് പറഞ്ഞാലും ആദ്യം അഭിനയിച്ച ഷോയായിരിക്കും ഏറ്റവും പ്രിയപ്പെട്ടത്' : സ്‌നേഹ പറയുന്നു

By Web TeamFirst Published Apr 11, 2021, 10:32 AM IST
Highlights

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയ സ്‌നേഹയുടെ യൂട്യൂബ് വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

പ്രേക്ഷകര്‍ക്ക് ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരജോഡികളാണ് ശ്രീകുമാറും സ്‌നേഹയും. 'ലോലിതനും' 'മണ്ഡോദരി'യുമായി സ്‌ക്രീനിലെത്തുന്ന ഇരുവരുടെയും വിവാഹം ആരാധകര്‍ ഏറെ ആഹ്ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലൂടെയാണ് ഇരുവരും മലയാളികള്‍ക്ക് പ്രിയങ്കരരാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവര്‍ക്കും അവിടെയും വലിയ നിര ഫോളോവേഴ്‌സ് ഉണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയ സ്‌നേഹയുടെ യൂട്യൂബ് വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രസകരമായ മറുപടിയും തന്റെ മനോഹരമായ ചിരിയുംകൊണ്ട് സ്‌നേഹ ആരാധകരെ കയ്യിലെടുത്തെന്ന് വേണം പറയാന്‍.

സ്വകാര്യ ജീവിതത്തെ പറ്റിയാണ് മിക്ക ആളുകളും താരത്തോട് ചോദിക്കുന്നത്. അഭിനയത്തിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചാണ് മിക്ക ആളുകളും സ്‌നേഹയോട് ചോദിക്കുന്നത്. ഓട്ടന്‍തുള്ളല്‍ കഥകളി എന്നിവയാണ് പഠിച്ചിട്ടുള്ളതെന്നും, കൂടാതെ പോസ്റ്റ് ഗ്രാജ്വേഷന്‍ നാടകത്തിലും, എം.ഫില്‍ പെര്‍ഫോര്‍മിംഗ് കലകളിലായിരുന്നെന്നും അങ്ങനെയാണ് അഭിനയത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പെന്നുമാണ് സ്‌നേഹ പറയുന്നത്. ആദ്യമായി അഭിനയിച്ച പരമ്പരയാണ് തനിക്കൊരു ഐഡന്‍ഡിറ്റി തന്നതെന്നും, ആദ്യമായി അഭിനയിച്ച ഷോ എന്ന നിലയ്ക്കും മറ്റ് ഏതൊക്കെ ഷോകള്‍ ഇഷ്ടമാണെന്ന് പറഞ്ഞാലും മറിമായമാണ് ഏറ്റവും ഇഷ്ടമെന്ന് സ്‌നേഹ പറയുന്നത്. കൂടാതെ മറിമായത്തിലെ മണ്ഡോദരിയായാണ് ആളുകള്‍ തന്നെ അംഗീകരിച്ചതെന്നും, ഇപ്പോഴും തന്നെ കാണുമ്പോള്‍ പലരും മണ്ഡോദരിയെന്നാണ് വിളിക്കാറെന്നും സ്‌നേഹ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ശ്രീകുമാറിനെ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന ആരാധകരുടെ ചോദ്യത്തിന്, തന്റെ ആദ്യ പരമ്പരയായ മറിമായത്തിന്റെ സെറ്റില്‍ നിന്നാണ് കണ്ടതെന്നാണ് സ്‌നേഹ പറയുന്നത്. ആദ്യത്തെ എപ്പിസോഡില്‍ താനും വിനോദ് കോവൂരും മറ്റുമേ ഉണ്ടായിരുന്നുള്ളെന്നും, എന്നാല്‍ രണ്ടാമത്തെ എപ്പിസോഡ് മുതല്‍ ഇപ്പോള്‍ പത്തുവര്‍ഷമായി ഇരുവരും ഒന്നിച്ചാണ് വര്‍ക്ക് ചെയ്യുന്നതെന്നും സ്‌നേഹ പറയുന്നുണ്ട്. ശ്രീകുമാര്‍ നിലവില്‍ അഭിനയിക്കുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ ആശയെയാണോ ഉത്തമനെയാണോ (ആശയായെത്തുന്നത് അവതാരക കൂടിയായ അശ്വതി ശ്രീകാന്തും, ഉത്തമനായെത്തുന്നത് സ്‌നേഹയുടെ ഭര്‍ത്താവായ ശ്രീകുമാറുമാണ്) കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന്, കഥാപാത്രത്തിന്റെ കാര്യമാണെങ്കില്‍ രണ്ട് കഥാപാത്രങ്ങളേയും ഒരുപാട് ഇഷ്ടമാണെന്നും, ഇനിയിപ്പോള്‍ ആളുകളുടെ കാര്യത്തിലാണെങ്കില്‍ ശ്രീകുമാറിനെ തന്നെയാണെന്നും, എല്ലാവരേക്കാളും ഇഷ്ടം ശ്രീകുമാറിനോട് തോന്നിയതിനാലാണല്ലോ, തങ്ങള്‍ വിവാഹം ചെയ്തതെന്നുമാണ് സ്വതസിദ്ധമായ ചിരിയോടൊപ്പം സ്‌നേഹ ഉത്തരം പറയുന്നത്.

ജീവിതത്തില്‍ എപ്പോഴെങ്കിലും തടി അധികമാണെന്ന് തോന്നിയിട്ടുണ്ടോ, തടി കുറയ്ക്കണം എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, തടി ഒരു കുഴപ്പമാണെന്ന് തോന്നിയിട്ടില്ലെന്നും, ചെറുപ്പം മുതല്‍ക്കെ തന്നെ എന്റെ ശരീര പ്രകൃതം ഇങ്ങനെയായിരുന്നുവെന്നും, ഈ ശരീരംകൊണ്ട് താന്‍ കഥകളിയും ഓട്ടന്‍തുള്ളലും, ഡാന്‍സുമെല്ലാം കളിച്ചിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ ശരീരം ഒരു ബാധ്യതയായി ഇതേവരെ തോന്നിയിട്ടില്ലെന്നുമാണ് സ്‌നേഹ പറയുന്നത്. എന്നാല്‍ ചില വസ്ത്രങ്ങള്‍ ഇടാന്‍ പറ്റാതെയാകുന്ന സമയത്ത്, നാളെ മുതല്‍ തടി കുറച്ചേക്കാം എന്നെല്ലാം തോന്നിയിട്ടുണ്ടെങ്കിലും, പിന്നെ അതങ്ങ് മറക്കുമെന്നും, ഇഷ്ടമുള്ള ഭക്ഷണത്തോടൊന്നും കോംപ്രമൈസ് ചെയ്യാന്‍ വയ്യെന്നും സ്‌നേഹ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

click me!