
റേറ്റിംഗില്‍ എക്കാലത്തെയും ഹിറ്റായി മാറിയ പരമ്പരകളില്‍ ഒന്നായിരുന്നു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത 'എന്റെ മാനസപുത്രി'. 'സോഫി', 'ഗ്ലോറി' എന്നീ കഥാപാത്രങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ശ്രീകല ശശിധരനായിരുന്നു സോഫിയെ അവിസ്മരണീയമാക്കിയത്. അഭിനയരംഗത്ത് ഇപ്പോള്‍ അത്രകണ്ട് സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് ശ്രീകല. കഴിഞ്ഞ ദിവസത്തെ ശ്രീകലയുടെ ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയാണ് താരത്തിന്റെ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. പരമ്പരയില്‍ പ്രേക്ഷകര്‍ കണ്ടതുപോലെതന്നെ ജീവിതത്തിലും അധികം സംസാരിക്കാത്ത വ്യക്തിത്വമാണ് ശ്രീകലയുടേത്. അതുകൊണ്ടുതന്നെ താരത്തിന്റെ ആദ്യത്തെ വീഡിയോയായിരുന്നു കഴിഞ്ഞ ദിവസത്തേത്.
ആദ്യമായി ലൈവ് വീഡിയോയുമായെത്തിയത്, ലണ്ടനിലെ സ്‌ട്രോബറി തോട്ടത്തില്‍ നിന്നാണ്. ഇതിനു മുന്നേ ഇങ്ങനെ വീഡിയോ ചെയ്തിട്ടില്ലെന്നും, ഇപ്പോള്‍ ആഗ്രഹം തോന്നിയതാണെന്നും പറഞ്ഞാണ് ശ്രീകല ലൈവിലെത്തുന്നത്. തനിക്ക് എല്ലാവരേയും പോലെ സംസാരിക്കാന്‍ അറിയില്ലെന്നും, ക്ഷമിക്കണമെന്നുമെല്ലാം ശ്രീകല പറയുന്നുണ്ട്. മനോഹരമായ സ്‌ട്രോബറി തോട്ടത്തില്‍ നിന്നും താരം സ്‌ട്രോബറി പറിച്ചു കഴിക്കുന്നതുകണ്ട്, ആരാധകരുടെയെല്ലാം കൊതി കിട്ടാനുള്ള സാധ്യതയുണ്ട്. ഇത് ഊണിന്റെ സമയമാണെന്നും, എന്നാല്‍ സ്‌ട്രോബറി കഴിച്ച് വിശപ്പെല്ലാം മാറിയെന്നാണ് താരം പറയുന്നത്. മകനോടും ഭര്‍ത്താവിനോടുമൊന്നിച്ചായിരുന്നു ശ്രീകലയുടെ സ്‌ട്രോബറി തോട്ടം വിസിറ്റ്.
നാട്ടിലെ പോലെ എല്ലാത്തിലും വിഷം കാണില്ലെന്നും, വയറിന് ഒന്നും സംഭവിക്കില്ല എന്ന് തോനുന്നു എന്ന് പറഞ്ഞാണ് താരം ലൈവില്‍ സ്‌ട്രോബറി കഴിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ ശ്രീകല കുറച്ചുകാലമായി ഭര്‍ത്താവിനൊപ്പം യുകെയിലാണ്. ഭര്‍ത്താവിനും മകന്‍ സംവേദിനുമൊപ്പമുള്ള ചിത്രവങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. സ്വഭാവസവിശേഷതകളാല്‍ തീര്‍ത്തും വ്യത്യസ്തമായ രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച പരമ്പരയായിരുന്നു എന്റെ മാനസപുത്രി. അതില്‍ സോഫിയോടൊപ്പമായിരുന്നു പ്രേക്ഷകരില്‍ ഭൂരിഭാഗവും. അതുപോലെതന്നെ കായംങ്കുളം കൊച്ചുണ്ണി, അമ്മ മനസ്സ് തുടങ്ങിയ പരമ്പരകളിലും, എന്നിട്ടും എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.