'ചോക്ലേറ്റ് പോലെ മധുരമുള്ള ഒരു മനുഷ്യൻ'; സുരേഷ് ഗോപിയുടെ ആശംസ സ്വീകരിച്ച് ശ്രീവിദ്യ

By Web TeamFirst Published Jan 29, 2023, 9:11 AM IST
Highlights

മിനിസ്ക്രീനിലെ 'സ്റ്റാര്‍ മാജിക്' പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം 'ക്യാമ്പസ് ഡയറി' എന്ന ചിത്രത്തിലൂടെയായിരുന്നു

മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. തനി നാട്ടിൻപുറത്തുകാരിയുടേതായ പെരുമാറ്റവും സംസാര ശൈലിയുമായിരുന്നു താരത്തെ മലയാളികളിലേക്ക് അടുപ്പിച്ച ഘടകം. ശ്രീവിദ്യയുടെയും രാഹുല്‍ രാമചന്ദ്രന്‍റെയും വിവാഹ നിശ്ചയ വിശേഷങ്ങൾ സ്വന്തം കുടുംബത്തിലെ ആഘോഷമെന്ന പോലെയായിരുന്നു ആരാധകർ ഏറ്റെടുത്തത്. നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം വൈറല്‍ ആണ്. പ്രണയത്തിലായതിനെക്കുറിച്ചും ഭാവിവരനെ പരിചയപ്പെടുത്തിയുമുള്ള വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

നിശ്ചയ ദിനത്തിലെ പ്രധാന ആകർഷകം വധു-വരന്മാർക്ക് ആശംസയറിയിച്ചുള്ള നടൻ സുരേഷ് ഗോപിയുടെ വീഡിയോ കോൾ ആയിരുന്നു. തങ്ങൾ ഒരേ നാട്ടുകാരും ബന്ധുക്കളുമാമെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. നേരിട്ട് ചടങ്ങിന് എത്താൻ കഴിഞ്ഞില്ലെങ്കിലും ഇരുവർക്കും സമ്മാനവുമായി സുരേഷ് ഗോപി നേരിട്ടെത്തിയ ചിത്രങ്ങൾ പങ്കുവെക്കുകയാണ് ശ്രീവിദ്യ. 'ചോക്ലേറ്റ് പോലെ മധുരമുള്ള ഒരു മനുഷ്യൻ... നിങ്ങളെ കാണാനും ഞങ്ങളുടെ വിവാഹനിശ്ചയത്തിന് നിങ്ങളുടെ അനുഗ്രഹം വാങ്ങാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഞങ്ങളുടെ വിവാഹ നിശ്ചയത്തിനുള്ള സമ്മാനത്തില്‍ നിന്ന് ഒരെണ്ണം പോലും ഞാൻ ആർക്കും കൊടുക്കില്ല' എന്നാണ് സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം താരം കുറിച്ചത്. ഒരു വലിയ പാക്കറ്റ് ചോക്കലേറ്റാണ് നടൻ ശ്രീവിദ്യക്കായി സമ്മാനിച്ചത്.

മിനിസ്ക്രീനിലെ 'സ്റ്റാര്‍ മാജിക്' പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം 'ക്യാമ്പസ് ഡയറി' എന്ന ചിത്രത്തിലൂടെയായിരുന്നു. 'ഒരു കുട്ടനാടൻ ബ്ലോഗ്',  'നൈറ്റ് ഡ്രൈവ്', 'സത്യം മാത്രമേ ബോധിപ്പിക്കൂ' തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.  'ജീം ബൂം ബാ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍. സുരേഷ് ഗോപിയെ നായകനാക്കിയുള്ള പുതിയ സിനിമയാണ് രാഹുല്‍ രാമചന്ദ്രൻ ഇനി സംവിധാനം ചെയ്യുന്നത്.

click me!