പുതിയ ജാവ വാങ്ങി ഉണ്ണി മുകുന്ദന്‍; 'ഫസ്റ്റ് റൈഡറാ'യി മമ്മൂട്ടി

By Web TeamFirst Published May 29, 2019, 8:08 PM IST
Highlights

2018ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്ത ഇരുചക്രവാഹനം ഇതായിരുന്നു എന്നത് മാത്രം മതി രണ്ടാംവരവില്‍ ജാവ സൃഷ്ടിച്ച ചലനം എന്താണെന്ന് മനസിലാക്കാന്‍.
 

ഒരു ബൈക്കിനും രണ്ടാംവരവില്‍ ഇത്ര വലിയ സ്വീകരണം ബൈക്ക് പ്രേമികള്‍ നല്‍കിയിട്ടില്ല. ജാവയുടെ കാര്യമാണ് പറയുന്നത്. പോയ വര്‍ഷം നവംബര്‍ പകുതിയോടെയാണ് രണ്ട് മോഡലുകളുമായി ജാവ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ ബുക്കിംഗിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. 2018ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്ത ഇരുചക്രവാഹനം ഇതായിരുന്നു എന്നത് മാത്രം മതി രണ്ടാംവരവില്‍ ജാവ സൃഷ്ടിച്ച ചലനം എന്താണെന്ന് മനസിലാക്കാന്‍. ഇപ്പോഴിതാ ആദ്യ ബുക്കിംഗുകളിലെ ജാവ നമ്മുടെ റോഡുകളിലൂടെ ഇരമ്പിത്തുടങ്ങിയിരിക്കുന്നു. ആദ്യ ജാവാ ഉടമകളില്‍ ഒരാളായിരിക്കുകയാണ് ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്‍.

ഉണ്ണി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുതിയ ബൈക്ക് വാങ്ങിയ കാര്യം അറിയിച്ചത്. എന്നാല്‍ ചിത്രങ്ങളില്‍ ബൈക്ക് ഓടിക്കുന്നത് മറ്റൊരാളാണ്, സാക്ഷാല്‍ മമ്മൂട്ടി! 'നമ്മള്‍ ഒരു പുതിയ ബൈക്ക് വാങ്ങിയാല്‍ അത് ആദ്യം ഓടിക്കുന്നത് നമ്മുടെ ചങ്ക് ആയിരിക്കും' എന്ന ഒരു ട്രോള്‍ സഹിതമായിരുന്നു ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം പുതിയ വാഹനങ്ങളോടുള്ള മമ്മൂട്ടിയുടെ താല്‍പര്യം പണ്ടേ വാര്‍ത്തകളില്‍ വന്നിട്ടുള്ള കാര്യമാണ്. 

തൃശൂര്‍ ക്ലാസിക് മോട്ടോഴ്‌സില്‍ നിന്നാണ് ഉണ്ണി മുകുന്ദന്‍ ജാവ സ്വന്തമാക്കിയത്. മമ്മൂട്ടി നായകനാവുന്ന മാമാങ്കം സിനിമയുടെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി ജാവ ഓടിക്കുന്ന ചിത്രങ്ങള്‍ പിറന്നത്. 

click me!