
ഒരിടവേളയ്ക്ക് മലയാള സിനിമയിലേക്ക് ശോഭനയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു 'വരനെ ആവശ്യമുണ്ട്'. ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മ്മാണക്കമ്പനിയായ വേഫെയറര്‍ ഫിലിംസ് നിര്‍മ്മിച്ച് ആദ്യം പുറത്തെത്തിയ ചിത്രം സംവിധാനം ചെയ്‍തത് അനൂപ് സത്യന്‍ ആയിരുന്നു. അനൂപിന്‍റെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ ശോഭന ഉള്‍പ്പെടുന്ന രസകരമായ ഒരു ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അനൂപ് സത്യന്‍.
ശോഭനയുടെ കഥാപാത്രത്തിന് തന്‍റെ ചെറുപ്പത്തിലെ ഒരു ഫോട്ടോഗ്രാഫ് സമ്മാനമായി കിട്ടുന്ന രംഗം ചിത്രീകരിക്കുകയാണ് അനൂപും സംഘവും. അപ്രതീക്ഷിതമായി പഴയ ഫോട്ടോ കയ്യില്‍ കിട്ടുമ്പോള്‍ തൊട്ടടുത്തുള്ള കണ്ണാടിയിലേക്ക് നോക്കാനാണ് സംവിധായകന്‍റെ നിര്‍ദേശം. ഒപ്പം 'പണ്ടത്തെ ശോഭനയായിരുന്നു ശോഭന' എന്ന് സംവിധായകന്‍റെ തമാശ രൂപേണയുള്ള കമന്‍റും കേള്‍ക്കാം. ഈ കമന്‍റ് കേള്‍ക്കുന്ന ശോഭനയുടെ പ്രതികരണവും വീഡിയോയിലുണ്ട്.
അതേസമയം ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രം. കല്യാണി പ്രിയദര്‍ശനാണ് ശോഭന അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളുടെ റോളില്‍ എത്തിയത്. 25 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം.