കാത്തിരിപ്പിന് അറുതി, ഇനി 'നിർഭാഗ്യവാനല്ല'; അമോല്‍ മസുംദാ‍റിനോട് ക്രിക്കറ്റ് നീതി പുലര്‍ത്തിയിരിക്കുന്നു

Published : Nov 04, 2025, 12:53 PM IST
 Amol Muzumdar

Synopsis

ഹര്‍മൻപ്രീത് കൗറിന്റെ കൈകളില്‍ ആ പന്തൊതുങ്ങിയ നിമിഷം ഉയര്‍ന്ന ശബ്ദം അയാള്‍ക്ക് വേണ്ടിക്കൂടിയായിരുന്നു. അമോല്‍ മസുംദാർ എന്ന പരിശീലകൻ, ചരിത്രമൊരുക്കിയ മനുഷ്യൻ

തലമുറകള്‍ക്കായ് ഒരു നിമിഷം ഒരുക്കുകയാണ് നീലക്കുപ്പായമണിഞ്ഞ ആ സ്വപ്ന സംഘം. ഗ്യാലറികളിലെ പതിനായിരങ്ങള്‍ അക്ഷമരാണ്. പക്ഷേ, ആ ബൗണ്ടറി വരകള്‍ക്കപ്പുറം ഒരാള്‍ ഇരിക്കുകയാണ്, കൈകള്‍കെട്ടി ശാന്തത വെടിയാതൊരു മനുഷ്യൻ. കഴിഞ്ഞ 45 ദിവസവും അയാളുടെ മുഖഭാവം അതുതന്നെയായിരുന്നു, തന്റെ ടീം മൂന്ന് തുടര്‍ തോല്‍വികള്‍ വഴങ്ങി കാലിടറുമ്പോഴും പദ്ധതികളില്‍ ഉറച്ചു നിന്നു. കാരണം അയാള്‍ കണ്ടത്ര പ്രതിസന്ധികളൊന്നും മറ്റൊരാള്‍ക്ക് മുന്നിലും തെളിഞ്ഞിട്ടുണ്ടാകില്ല. ഹര്‍മൻപ്രീത് കൗറിന്റെ കൈകളില്‍ ആ പന്തൊതുങ്ങിയ നിമിഷം ഉയര്‍ന്ന ശബ്ദം അയാള്‍ക്ക് വേണ്ടിക്കൂടിയായിരുന്നു. അമോല്‍ മസുംദാര്‍, ഇന്ത്യയുടെ വനിത ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്തയാള്‍.

രണ്ടാമത്തെ സച്ചിൻ

കാലമൊരിക്കലും നീതിപുലര്‍ത്താത്ത കരിയറുകളുണ്ട്, നവംബര്‍ ഒന്ന് വരെ അതുപോലൊന്നായിരുന്നു മസുംദാറിന്റെ കളിജീവിതം. ഇന്ത്യൻ ക്രിക്കറ്റിന്റെ ഹൃദഭൂമികയിലായിരുന്നു മസുംദാറും തുടങ്ങിയത്. അതും ഇതിഹാസങ്ങളെ ജനിപ്പിച്ച രമാകാന്ത് അച്ഛരേക്കറെന്ന ദ്രോണാചാര്യരുടെ ശിക്ഷണത്തില്‍. ഹാരീസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ സച്ചിൻ തെൻഡുല്‍ക്കറും വിനോദ് കാംബ്ലിയും ചേര്‍ന്ന് കുറിച്ച റെക്കോര്‍ഡ് കൂട്ടുകെട്ടിനേക്കുറിച്ചുള്ള കഥകള്‍ നിങ്ങള്‍ കേട്ടിട്ടില്ലെ. 664 റണ്‍സായിരുന്നു അന്ന് ഇരുവരും ചേര്‍ത്തത്. അന്ന് ആ ബാറ്റിങ് ലൈനപ്പില്‍ തൊട്ടടുത്തായി ക്രീസിലെത്താൻ കിറ്റണിഞ്ഞൊരാള്‍ ബൗണ്ടറി വരയ്ക്കപ്പുറമുണ്ടായിരുന്നു, മസുംദാറായിരുന്നു അത്. രണ്ട് പകലുകള്‍ അയാള്‍ കാത്തിരുന്നു.

കാത്തിരിപ്പിന്റേത് മാത്രമായിരുന്നല്ലോ മസുംദാറിന്റെ ജീവിതം, 50 വ‍ര്‍ഷം നീണ്ട കാത്തിരിപ്പ്. ഓര്‍ത്തുനോക്കു, ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന കരിയര്‍. ഫസ്റ്റ് ക്ലാസില്‍ പതിനായിരത്തിലധികം റണ്‍സ്, 48ന് മുകളില്‍ ശരാശരി, 30 സെഞ്ച്വറികള്‍. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമത്. ഈ കണക്കുകള്‍ക്കൊന്നും അയാള്‍ കൊതിച്ച നീലക്കുപ്പായം സമ്മാനിക്കാൻ കഴിയാതെ പോയി. ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റിങ് ദു‍ര്‍ബലതകള്‍ പേറിയ കാലത്തുപോലും സെലക്റ്റര്‍മാര്‍ക്ക് മസുംദാറിന്റെ നിലയ്ക്കാതെ റണ്ണൊഴുകുന്ന ആ ബാറ്റിലേക്ക് നോക്കാൻ കഴിയാതെ പോയി എന്നത് ആശ്ചര്യമാണ്.

ക്രിക്കറ്റ് എനിക്ക് എല്ലാം നല്‍കി, പക്ഷേ ആ ഇന്ത്യൻ ക്യാപ് മാത്രം നല്‍കിയില്ല എന്ന് ഒരിക്കല്‍ മസുംദാറിന് പറയേണ്ടി വന്നു. പക്ഷേ, അയാള്‍ അവിടെ നിന്ന് തുടങ്ങുകയായിരുന്നു, തന്റെ പരിചയസമ്പത്ത് പുതുതലമുറയ്ക്കായ് മാറ്റി വെക്കുകയായിരുന്നു. 2014ല്‍ കളി മതിയാക്കി കളിമെനയാൻ ഒരുങ്ങി. മുംബൈ, ആന്ധ്ര തുടങ്ങി ആഭ്യന്തര സര്‍ക്യൂട്ടുകളില്‍ സാന്നിധ്യമായി. രാജസ്ഥാൻ റോയല്‍സിന്റെ ഉള്‍പ്പെടെ ബാറ്റിങ് പരിശീലകനായി മൂന്ന് സീസണുകളില്‍ നിലകൊണ്ടു.

ആ ഒക്ടോബർ

ഒടുവില്‍ 2023 ഒക്ടോബറില്‍ ഇന്ത്യ വനിത ടീമിന്റെ തലപ്പത്തേക്ക്. പക്ഷേ, അന്ന് ഒരുപാട് പേ‍ര്‍ നെറ്റി ചുളിച്ചു. അന്താരാഷ്ട്ര തലത്തില്‍ താരമായും അല്ലാതെയും പരിചയസമ്പത്തില്ലാത്ത ഒരാള്‍ എന്തിന് എന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍, നിശബ്ദതയോടെ തന്നെയാണ് മസുംദാര്‍ അതെല്ലാം കേട്ടത്. അയാളൊരു സ്വപ്നസംഘത്തെ ഒരുക്കുന്ന തിരിക്കിലായിരുന്നു.

മസുംദാറിന്റെ കീഴില്‍ അസാധാരണ നേട്ടങ്ങളിലേക്കായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ഓസ്ട്രേലിയയെ തോല്‍പ്പിക്കാൻ കെല്‍പ്പുള്ള സംഘമായി അവർ മാറി. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ കീഴടക്കി. ലോകകപ്പിന് തൊട്ട് മുൻപ് നടന്ന ഓസ്ട്രേലിയൻ പരമ്പര പോലും ഒരു സൂചനയായിരുന്നു. ബാറ്റിങ് ഡെപ്തും ബൗളിങ് ഡെപ്തുമൊരുപോലുള്ള ടീമിനെ വാര്‍ത്തെടുത്തു. സാഹചര്യങ്ങള്‍ക്കും എതിരാളികള്‍ക്കും അനുസരിച്ച് നിരന്തര മാറ്റങ്ങള്‍ കൊണ്ടുവന്നു. ഈ ലോകകപ്പെടുത്താല്‍, കൃത്യമായൊരു ലൈനപ്പിനെ കളത്തിലേക്ക് എത്തിക്കാത്ത ഏക ടീം ഇന്ത്യയായിരിക്കും. തോല്‍വികളില്‍ മസുംദാര്‍ പറഞ്ഞു, നമ്മള്‍ നന്നായി അവസാനിപ്പിക്കും, അതാണ് നമ്മള്‍.

ഓസീസിനെതിരായ സെമി ഫൈനലില്‍ മസുംദാര്‍ ടീമിന് നല്‍കിയ മോട്ടിവേഷൻ ഒരു വാചകമായിരുന്നു. ഓസ്ട്രേലിയയേക്കാള്‍ ഒരു റണ്‍സ് മാത്രം കൂടുതല്‍ എടുക്കുക. അവിടെ നിന്നായിരുന്നു ജമീമയുടേയും ഹര്‍മന്റേയുമൊക്കെ ഇന്നിങ്സുകളുടെ ജനനം സംഭവിക്കുന്നത്. വിജയിക്കാനായിരുന്നില്ല, സ്വയം വിശ്വസിക്കാനായിരുന്നു മസുംദാര്‍ ആ 16 പെണ്‍കുട്ടികളേയും പഠിപ്പിച്ചത്.

ഫൈനലിന് മുൻപും തന്റെ ടീം കിരീടമുയർത്തുമെന്ന ആത്മവിശ്വാസം മസുംദാറിന്റെ വാക്കുകളിലുണ്ടായിരുന്നു. അടുത്ത ഏഴ് മണിക്കൂർ നമ്മള്‍ എല്ലാ ശബ്ദത്തേയും അകറ്റി നിർത്തുകയാണ്. നമുക്കായ് ഒരു വലയം നിർമിക്കുകയാണ്. അതിനുള്ളില്‍ നിന്ന് നമ്മള്‍ അവസാനിപ്പിക്കും. പുറത്തുള്ളവരല്ല നമ്മുടെ കഥ എഴുതേണ്ടത്. നമ്മുടെ കഥകള്‍ നമ്മള്‍ എഴുതും, ഈ രാത്രി നിങ്ങള്‍ നിങ്ങളുടെ കഥകള്‍ എഴുതും. നമുക്ക് ചരിത്രം രചിക്കാം...

വിജയത്തിന് ശേഷം വാക്കുകള്‍ക്കൊണ്ടയാള്‍ ആ നിമിഷത്തെ വര്‍ണിച്ചില്ല, ഹര്‍മനും സംഘവും അത് അര്‍ഹിച്ചിരുന്നുവെന്ന് പറഞ്ഞുവെച്ചു. മസുംദാര്‍ വിരമിച്ചപ്പോള്‍ രോഹിത് ശര്‍മ കുറിച്ചതോര്‍ക്കുന്നു. The man who gave his whole heart to the game. അയാള്‍ അർഹിച്ച ഒരു നിമിഷം ആ ഗെയിം തിരികെ നല്‍കുകയാണ്. ഇന്ത്യയുടെ നീലക്കുപ്പായമണിഞ്ഞ് മസുംദാര്‍ നവി മുംബൈയുടെ മൈതാനത്ത്, ഒരുപക്ഷേ ഇതിന് മുൻപ് അങ്ങനെയൊരു കാഴ്ചയാരെങ്കിലും കണ്ടിട്ടുണ്ടാകുമോ. എല്ലാ താരങ്ങളും കൊതിക്കുന്ന ആ നിമിഷം അയാളെയും തേടിയെത്തിയിരിക്കുന്നു, ആ കിരീടവും, ആ ജഴ്സിയും. കണ്ണീരണിഞ്ഞ് നിറപുഞ്ചിരിയോടെ മസുംദാര്‍

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?