
ഒരു നൂറ്റാണ്ട് പിന്നിട്ട ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഒരു പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിച്ചു. നിലവില്‍ പുരോഗമിക്കുന്ന ഇംഗ്ലണ്ട് - ഓസ്ട്രേലിയ ആഷസ് പരമ്പരയിലാണ് ഇത്തരമൊന്ന് സംഭവിച്ചത്. പെർത്ത് ആതിഥേയത്വം വഹിച്ച ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ വിജയത്തിലേക്ക് എത്തിയത് കേവലം 847 പന്തുകള്‍ക്കൊടുവിലാണ്. ബോക്‌സിങ് ഡെ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓസീസിനെ കീഴടക്കിയത് 142 ഓവറുകള്‍ക്കുള്ളിലും. ഇവിടെ ക്രിക്കറ്റ് ആരാധകരെ കുഴപ്പിച്ചത് മറ്റൊന്നാണ്. രണ്ട് വിക്കറ്റുകള്‍ക്കും ഐസിസി കൊടുത്ത റേറ്റിങ്.
സമാനരീതിയില്‍ രണ്ട് ദിവസങ്ങള്‍ക്കൊണ്ട് അവസാനിച്ച ടെസ്റ്റുകള്‍. പെര്‍ത്തിലെ വിക്കറ്റ് മികച്ചതെന്നായിരുന്നു ഐസിസിയുടെ വിലയിരുത്തല്‍. മെല്‍ബണിലേത് തൃപ്തികരമല്ലെന്നും. ഐസിസിയുടെ തീരുമാനത്തിന് പിന്നിലെ കാരണം പരിശോധിക്കാം.
വെരി ഗുഡ് - ഇതായിരുന്നു ഐസിസി പെര്‍ത്ത് വിക്കറ്റിന് നല്‍കിയ റേറ്റിങ്. പെർത്തില്‍ ആദ്യ ദിവസം വീണത് 19 വിക്കറ്റുകളായിരുന്നുവെന്നും ഓർക്കണം. മെല്‍ബണില്‍ ഇരുപതും. ടെസ്റ്റ് ക്രിക്കറ്റില്‍ ഐസിസി ഒരു വിക്കറ്റിനെ മികച്ചതെന്ന് നിര്‍ണയിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ബാറ്റർമാർക്കും ബൗളര്‍മാര്‍ക്കും തുല്യമായി പിന്തുണ ലഭ്യമാകുന്ന വിക്കറ്റുകള്‍, അതായത് നിശ്ചിത അളവിന് മുകളില്‍ മൂവ്മെന്റ് ലഭിക്കാത്തതും ആദ്യ മണിക്കൂറുകളില്‍ സ്ഥിരതയോടെ ബൗണ്‍സ് ലഭിക്കുന്നതുമായ വിക്കറ്റുകള്‍. ഇതിന് വിരുദ്ധമായുള്ള വിക്കറ്റുകളെയാണ് തൃപ്തികരമല്ലാത്തതെന്നും വിലയിരുത്തപ്പെടുന്നത്.
പെര്‍ത്ത് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് അവസാനിക്കുന്നതുവരെ ആര്‍ക്കും ജയിക്കാം എന്ന നിലയിലായിരുന്നു കാര്യങ്ങള്‍, ഇംഗ്ലണ്ടിന് നേരിയ മേല്‍ക്കൈ ഉണ്ടായിരുന്നുവെന്നു മാത്രം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോര്‍ 172 ആയിരുന്നു, ഓസ്ട്രേലിയയുടേത് 132. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 164ല്‍ ഒതുങ്ങി. 205 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു മാസ്റ്റര്‍ സ്ട്രോക്ക് നടത്തി. ട്രാവിസ് ഹെഡിനെ ഓപ്പണറാക്കിയിറക്കി. ഓസ്ട്രേലിയ പെര്‍ത്തില്‍ വിജയിക്കുന്നത് കേവലം 28 ഓവറിലാണ്. നഷ്ടമായത് രണ്ട് വിക്കറ്റും.
83 പന്തില്‍ 123 റണ്‍സെടുത്ത ഹെഡായിരുന്നു വിജയശില്‍പ്പി. ഹെഡിന്റെ ഇന്നിങ്സോടെ ഒരു കാര്യം വ്യക്തമാകുകയും ചെയ്തു. പെര്‍ത്തിലെ വിക്കറ്റ് ബാറ്റിങ്ങിന് അനുകൂലമല്ലാത്തത് അല്ല എന്ന്. ഹെഡ് മാത്രമല്ല, ഓസ്ട്രേലിയയുടെ മറ്റൊരു താരം മാര്‍നസ് ലെബുഷെയ്ൻ അര്‍ദ്ധ സെഞ്ചുറിയും നേടി. ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്കും സമാനനേട്ടം കൊയ്തിരുന്നു. ബ്രൂക്കിന്റെ ഇന്നിങ്സ് വന്നത് 19 വിക്കറ്റുകള്‍ വീണ ആദ്യ ദിവസമായിരുന്നു.
ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ഫിലോസഫിയായിരുന്നു പെര്‍ത്തില്‍ വിമര്‍ശിക്കപ്പെട്ടത്. അനാവശ്യമായി ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന ബാറ്റര്‍മാര്‍. ഈ ശൈലിയില്‍ വ്യത്യാസം വരുത്താൻ ഇംഗ്ലണ്ട് തയാറായിരുന്നെങ്കില്‍ മത്സരഫലം പോലും വ്യത്യസ്തമാകുമായിരുന്നു. എന്നാല്‍, മെല്‍ബണിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ആദ്യ ദിനം വീണത് 20 വിക്കറ്റുകള്‍, രണ്ടാം ദിനം 16 വിക്കറ്റുകള്‍. ഇംഗ്ലണ്ട് നാല് വിക്കറ്റിന് ജയിച്ച മത്സരത്തില്‍ ഒരു ബാറ്ററിനുപോലും അർദ്ധശതകം നേടാൻ കഴിഞ്ഞിരുന്നില്ല. 46 റണ്‍സെടുത്ത ഹെഡായിരുന്നു മെല്‍ബണിലെ ടോപ് സ്കോറർ.
ബാറ്റർമാരുടെ ശരാശരി മെല്‍ബണിലേത് കേവലം 15.8 മാത്രമായിരുന്നു. ബാറ്റർമാരുടെ നിയന്ത്രം 69 ശതമാനത്തിലും ഒതുങ്ങി. പക്ഷേ പെര്‍ത്തിലേക്ക് എത്തുമ്പോള്‍ ബാറ്റിങ് ശരാശരി 20 കടക്കുകയും നിയന്ത്രണം 75 ആയി ഉയരുകയും ചെയ്തു. ഇതിന്റെ പ്രധാന കാരണം ഹെഡിന്റെ ഇന്നിങ്സ് തന്നെയാണെന്ന് പറയാം. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ മെല്‍ബണിന്റെ അതേ റേറ്റിങ് തന്നെയായിരിക്കും പെർത്തിനും ലഭിക്കുക.
രണ്ട് ദിവസം കൊണ്ട് അവസാനിച്ച മത്സരങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് വരുത്തിയ നഷ്ടവും ചെറുതല്ല. ഏകദേശം 30 മില്യണ്‍ ഡോളറാണ് നഷ്ടം വന്നിരിക്കുന്നത്. മെല്‍ബണിന് ഒരു ഡിമെറിറ്റ് പോയിന്റും ഐസിസി നല്‍കി.