ബിഗ് ബാഷില്‍ ടെസ്റ്റ് കളിക്കുന്നു! ട്വന്റി 20യെ അപമാനിക്കുന്ന റിസ്വാനും ബാബറും

Published : Jan 14, 2026, 10:58 AM IST
Mohammad Rizwan and Babar Azam

Synopsis

ബിഗ് ബാഷ് ലിഗില്‍ കൊട്ടിഘോഷിച്ചെത്തിയ ബാബറും റിസ്വാനം ആരാധകർക്ക് സമ്മാനിക്കുന്നത് വിരസത മാത്രമാണ്. റിസ്വാൻ ഇതിനോടകം തന്നെ അപമാനിക്കപ്പെട്ടു കഴിഞ്ഞു, ബാബറായാരിക്കാം അടുത്തത്

പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകര്‍ക്ക് അവരുടെ വിരാട് കോഹ്ലിയും രോഹിത് ശ‍ര്‍മയുമാണ് ബാബര്‍ അസമും മുഹമ്മദ് റിസ്വാനും. പാക് ബാറ്റിങ് നിരയിലെ നെടുംതൂണുകള്‍. പക്ഷേ, കോഹ്ലിക്കോ രോഹിതിനോ ഇത്തരമൊരു അപമാനം ഒരിക്കലും മൈതാനത്ത് നേരിടേണ്ടി വരില്ല.

ബിഗ് ബാഷ് ലീഗില്‍ സിഡ്ണി തണ്ടറും മെല്‍ബണ്‍ റെഗേഡ്‌സും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. മെല്‍ബണിന്റെ ഇന്നിങ്സ് 18 ഓവര്‍ പൂര്‍ത്തിയായിരിക്കുന്നു. ക്രീസില്‍ റിസ്വാനും ഹസൻ ഖാനുമാണ്. പൊടുന്നനെ അവരുടെ നായകൻ വില്‍ സതര്‍ലൻഡ് ബൗണ്ടറിക്കരികില്‍ പ്രത്യക്ഷപ്പെട്ടു. അയാള്‍ റിസ്വാന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി. കളിച്ചത് മതി, തിരച്ചുപോരെ എന്നായിരുന്നു നിര്‍ദേശം.

10-ാം ഓവറില്‍ ക്രീസിലെത്തിയതായിരുന്നു റിസ്വാൻ. അതുവരെ നേടിയത് 23 പന്തില്‍ 26 റണ്‍സ്. സ്ട്രൈക്ക് റേറ്റ് കേവലം 113. കളിക്കുന്നത് ട്വന്റി 20യാണെ. ക്ഷമ നശിച്ചിട്ടാകണം സതര്‍ലൻഡ് അത്തരമൊരു കടും കൈ ചെയ്തത്. എത്രനേരമെന്ന് വെച്ചാണ് റിസ്വാന്റെ ഗിയര്‍ ഷിഫ്റ്റിനായി കാത്തിരിക്കുക. സതര്‍ലൻഡിന്റെ നിര്‍ദേശപ്രകാരം റിട്ടയര്‍ഡ് ഔട്ടായി റിസ്വാൻ ഡഗൗട്ടിലേക്ക് മടങ്ങി. ടീമിനാണ് മുഖ്യപരിഗണന, താരങ്ങള്‍ക്കല്ല.

പക്ഷേ, ഈ തീരുമാനത്തിലേക്ക് മെല്‍ബണ്‍ റെനഗേഡ്‌സിനെ എത്തിച്ചത് സിഡ്‌നിക്കെതിരായ റിസ്വാന്റെ പ്രകടനം കൊണ്ട് മാത്രമായിരിന്നില്ല. ടൂര്‍ണമെന്റിലുടനീളം ഓസീസ് മൈതാനങ്ങളില്‍ റിസ്വാന്റെ ബാറ്റിങ് സമീപനം ഇതുതന്നെയായിരുന്നു. എട്ട് മത്സരങ്ങള്‍, 167 റണ്‍സ്. ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടാൻ കഴിയാതെ കേവലം 101 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റിങ്. ആദ്യ സിക്സ് നേടുന്നത് എട്ടാം മത്സരത്തിലാണ്. ബിഗ് ബാഷില്‍ 164 പന്തുകള്‍ നേരിട്ടതില്‍ ഒരുതവണ മാത്രമാണ് റിസ്വാൻ പന്ത് ബൗണ്ടറി റോപ്പിനപ്പുറം നിക്ഷേപിക്കാനായത്.

പത്തില്‍ ആറ് പന്തും സിക്‌സടിക്കാൻ ശ്രമിക്കുന്ന അഭിഷേക് ശ‍ര്‍മ ട്വന്റി 20 ഭരിക്കുന്ന കാലമാണ്. ആ പത്ത് പന്തും ഗ്യാലറിയിലെത്തിക്കാൻ നോക്കുന്ന വൈഭവ് സൂര്യവംശി വളര്‍ന്ന് വരുന്ന സമയമാണ് കടന്നുപോകുന്നത്. ഇവിടെയാണ് റിസ്വാന്റെ വെയിറ്റിങ് ഗെയിം തന്ത്രം. റിസ്വാന്റെ അനുഭവം വൈകാതെ ബാബറിനേയും തേടിയെത്തിയേക്കും. കാരണം, സമാന ശൈലിയിലാണ് സിഡ്ണി സിക്സേഴ്‌സിനായി ബാബറിന്റെ ഇന്നിങ്സുകളും.

ബിഗ് ബാഷിന്റെ 2025-26 സീസണിലെ ഏറ്റവും മൂല്യമേറിയ വിദേശതാരമാണ് ബാബര്‍. സിഡ്ണി സ്വന്തമാക്കിയത് 4.2 ലക്ഷം ഓസ്ട്രേലിയൻ ഡോളറിനാണ്. ഏകദേശം രണ്ടരക്കോടി രൂപയോളം വരും. സീസണില്‍ ഇതുവരെ എട്ട് മത്സരങ്ങള്‍. നേടിയത് 164 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 104 ആണ്. രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍. ഒരു അര്‍ദ്ധ സെഞ്ചുറി നേടിയത് 41 പന്തിലാണ്. സീസണിലെ ഏറ്റവും വേഗതകുറഞ്ഞ അര്‍ദ്ധ സെഞ്ചുറികളിലൊന്ന്. മറ്റൊന്ന് 38 പന്തിലുമാണ് സ്കോര്‍ ചെയ്തത്.

ട്വന്റി 20ക്ക് അനിവാര്യമായ ശൈലി സ്വീകരിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റിലും ലീഗുകളിലും തയാറാകാത്ത താരമാണ് ബാബര്‍. ബിബിഎല്ലില്‍ ആകെ ഇതുവരെ നേടിയത് 15 ബൗണ്ടറികളാണ്. 12 ഫോറും മൂന്ന് സിക്സും, അതും എട്ട് മത്സരങ്ങളില്‍ നിന്ന്. ബാബറിന്റെ മെല്ലപ്പോക്ക് മറ്റ് താരങ്ങളെ സമ്മര്‍ദത്തിലാക്കുന്ന സാഹചര്യം ബിബിഎല്ലില്‍ പലകുറി ഇതിനോടകം തന്നെ സംഭവിച്ചുകഴിഞ്ഞു. കമന്റിറി ബോക്സില്‍ നിന്ന് ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിന്റെ വിമര്‍ശനവുമുണ്ടായി.

'ബാബര്‍ ഒരു പവര്‍പാക്ക്ഡ് ശൈലി തുടരുന്ന വ്യക്തിയല്ല. എല്ലാ പന്തിലും ബൗണ്ടറി നേടാനുള്ള ശ്രമവും നടത്തുകയില്ല. പക്ഷേ, റണ്‍സ് കണ്ടെത്താൻ പരിശ്രമിക്കണം. ഓരോ പന്തിലും ഓരോ റണ്‍സെടുത്ത് ക്രീസില്‍ ഒപ്പമുള്ള പങ്കാളിക്ക് എല്ലാ സമ്മര്‍ദവും, ഉത്തരവാദിത്തവും കൈമാറി നില്‍ക്കാമെന്ന് കരുതരുതുന്നത് ശരിയല്ല,' ഇതായിരുന്നു ഗില്‍ക്രിസ്റ്റിന്റെ വാക്കുകള്‍. റിസ്വാന്റെയും ബാബറിന്റേയും വരവ് കൊട്ടിഘോഷിച്ചായിരുന്നു ബിബിഎല്‍ കൊണ്ടാടിയത്. റെനഗേഡ്സിന്റേയും സിക്സേഴ്സിന്റേയും കിരീടസ്വപ്നങ്ങള്‍ക്ക് ഇരുവരും വഴിയൊരുക്കുമെന്ന പ്രതീക്ഷയായിരുന്നു പിന്നില്‍.

എന്നാല്‍, റിസ്വാനും ബാബറും സമ്മാനിക്കുന്നത് വിരസത മാത്രമാണെന്നതാണ് ലീഗ് പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീമിനെ അടുത്ത് തന്നെ അറിയാം. ദീര്‍ഘകാലമായി ബാബറും റിസ്വാനും അവരുടെ പദ്ധതികളിലെ നിര്‍ണായകഘടകങ്ങളല്ല. ട്വന്റി 20 ലോകകപ്പ് പാക്കിസ്ഥാനായി നേടുക സ്വപ്നമെന്ന് ബാബര്‍ പറഞ്ഞവസാനിപ്പിച്ചിട്ട് അധികനാളുകളായില്ല. പക്ഷേ, അയാളുടെ സാന്നിധ്യം ടീമില്‍ ഉണ്ടാകുമോയെന്ന് പോലും ഉറപ്പില്ല, കാരണം ഫോര്‍മാറ്റിന് വശപ്പെടാൻ കഴിയാത്തതുതന്നെ.

PREV
Read more Articles on
click me!

Recommended Stories

ബദോനി ഗംഭീറിന്റെ പുതിയ പദ്ധതിയോ! എങ്ങനെ സുന്ദറിന് പകരമാകും?
പരിശീലകനെ പുറത്താക്കിയ സൂപ്പര്‍സ്റ്റാർഡം; തിരുത്തേണ്ടത് സാബിയോ അതോ റയല്‍ മാഡ്രിഡോ?