
ന്യൂസിലൻഡ് പരമ്പരയില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ പകരക്കാരൻ ആയുഷ് ബദോനി. അപ്രതീക്ഷിതമായിരുന്നു അജിത് അഗാർക്കര്‍ നയിക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ ഈ പ്രഖ്യാപനം. ലൈക്ക് ടു ലൈക്ക് റീപ്ലേസ്‌മെന്റാണ് മാനേജ്മെന്റ് ലക്ഷ്യമിട്ടതെങ്കില്‍ക്കൂടി ഇത് നീതികരിക്കാനാകുമോ എന്നാണ് ആശങ്ക. ഗൗതം ഗംഭീറിന്റെ പ്രൊജക്റ്റ് ഓള്‍ റൗണ്ടര്‍ ഇലവനിലെ പുതിയ എൻട്രിയാവുകയാണ് ബദോനിയെന്ന ഡല്‍ഹി താരം. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പുലർത്താതിരുന്നിട്ടും ബദോനിക്ക് ഏകദിന ടീമിലേക്ക് എങ്ങനെ എൻട്രി ലഭിച്ചു.
ആഭ്യന്തര തലത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാൻ ഇരുപത്തിയാറുകാരനായ ബദോനിക്ക് സാധിച്ചിട്ടില്ല. ലിസ്റ്റ് എ ക്രിക്കറ്റിലെ കണക്കുകളെടുത്താല്‍ 27 മത്സരങ്ങളില്‍ നിന്ന് 693 റണ്‍സ്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ദ്ധ ശതകങ്ങളും. വലം കയ്യൻ ഓഫ് സ്പിന്നറുടെ നേട്ടം 18 വിക്കറ്റുകള്‍. 2025 സെയ്‌ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏഴ് കളികളില്‍ നിന്ന് 206 റണ്‍സായിരുന്നു ബദോനി സ്കോര്‍ ചെയ്തത്. ഒരു അര്‍ദ്ധശതകം. സ്ട്രൈക്ക് റേറ്റ് 135. ആറ് വിക്കറ്റുകളും സ്വന്തം പേരിലുണ്ട്.
എന്നാല്‍, ഏകദിന ഫോര്‍മാറ്റിലുള്ള വിജയ് ഹസാരെ ട്രോഫിയലേക്ക് എത്തിയപ്പോള്‍ ബദോനിയുടെ ഫോം ഇടിയുന്നതാണ് കണ്ടത്. മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 16 റണ്‍സ് മാത്രം. റെയില്‍വെയ്സിനെതിരെ എടുത്ത മൂന്ന് വിക്കറ്റ് ഉള്‍പ്പെടെ നാല് ബാറ്റര്‍മാരെ ഡഗൗട്ടിലേക്ക് മടക്കാനും ബദോനിക്ക് കഴിഞ്ഞു. ഏറ്റവും പ്രധാനപ്പെട്ടത് സുന്ദറിനെപ്പോലെ ഒരു പ്രോപ്പര്‍ ബൗളിങ് ഓള്‍റൗണ്ടറല്ല ബദോനി, ബാറ്റിങ് ഓള്‍ റൗണ്ടറാണ്. ചുരുങ്ങിയ ഓവറുകള്‍ മാത്രം പരീക്ഷിക്കാൻ കഴിയുന്ന ഒരു പാര്‍ട്ട് ടൈം സ്പിന്നര്‍. സുന്ദര്‍ ടീമിന് നല്‍കുന്ന സ്റ്റബിലിറ്റി വാഗ്ദാനം ചെയ്യാൻ ബദോനിക്ക് കഴിയുമോയെന്നതും ചോദ്യമാണ്.
ന്യൂസിലൻഡ് പോലെ മികച്ച ബാറ്റര്‍മാരുള്ള ഒരു ടീം ബദോനിയെ മുൻനിര്‍ത്തിയുള്ള പരീക്ഷണം ഒരു ഓവറില്‍ തന്നെ അവസാനിപ്പിച്ചാല്‍ മറ്റൊരു ഓപ്ഷൻ ഇന്ത്യക്കില്ല. യുവതാരം യശസ്വി ജയ്സ്വാളീനും പാര്‍ട്ട് ടൈം സ്പിന്നറാകാൻ കഴിയുന്നതാണ്, ലിസ്റ്റ് എ ക്രിക്കറ്റില്‍ 14 ഇന്നിങ്സില്‍ നിന്ന് ഒൻപത് വിക്കറ്റുകള്‍ ജയ്സ്വാളിന്റെ പേരിലുണ്ട്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ബദോനിയുടെ സെലക്ഷൻ നീതികരിക്കാൻ കഴിയാതെ പോകുന്നത്. ബദോനിയേക്കാള്‍ മികച്ച ഫോമിലും ഓള്‍ റൗണ്ട് മികവിലും തുടരുന്ന താരങ്ങള്‍ അവസരം കാത്ത് പുറത്തുമിരിക്കുന്നു.
ശരാശരിയലൊതുങ്ങുന്ന പ്രകടനങ്ങള്‍ക്കൊണ്ട് മാത്രമല്ല ബദോനിക്ക് ദേശീയ ടീമിലേക്ക് വിളിയെത്തിയത്. മറിച്ച്, രണ്ട് താരങ്ങളുടെ അഭാവമാണെന്ന് പറയേണ്ടി വരും. ബദോനിക്ക് സമാനമായ ഓള്‍ റൗണ്ട് എബിലിറ്റിയുള്ള തിലക് വര്‍മയുടേയും റിയാൻ പരാഗിന്റേയും.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയെടുത്താല്‍ മൂന്നാം മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറിന് പകരം ആ റോള്‍ വഹിച്ചത് തിലകായിരുന്നു. എന്നാല്‍, ട്വന്റി 20 ലോകകപ്പ് മുൻനിര്‍ത്തി തിലകിന് ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കുകയും ട്വന്റി 20 പരമ്പരയില്‍ മാത്രം ഉള്‍പ്പെടുത്തുകയും ചെയ്തു. പക്ഷേ, പരുക്ക് വില്ലനായി എത്തുകയായിരുന്നു. റിയാൻ പരാഗും നിലവില്‍ പരുക്കില്‍ നിന്ന് പൂര്‍ണമായും മുക്തമായിട്ടില്ല. ഇരുവരുടേയും അഭാവം കൂടി ബദോനിയുടെ യാത്ര എളുപ്പമാക്കിയെന്ന് വേണം കരുതാൻ.
ഇനി ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ ഉപയോഗിക്കുന്ന വിധവും അല്‍പ്പം വ്യത്യസ്തമാണ്. ഓസ്ട്രേലിയയില്‍ മൂന്ന് ഏകദിനങ്ങളിലായി 19 ഓവറുകളായിരുന്നു സുന്ദര്‍ എറിഞ്ഞത്. അഞ്ച് വിക്കറ്റുകള്‍. എന്നാല്‍, സ്പിന്നിന് ഓസ്ട്രേലിയൻ സാഹചര്യങ്ങളേക്കാള്‍ മുൻതൂക്കം ലഭിക്കുന്ന ഇന്ത്യൻ വിക്കറ്റുകളില്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് പരമ്പരകളില്‍ സുന്ദര്‍ ആകെ എറിഞ്ഞത് 12 ഓവറുകളാണ്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ തുടക്കത്തിലെയാണ് സുന്ദറിന് പന്തെറിയാൻ അവസരം ലഭിച്ചത്. മധ്യ ഓവറുകളില്‍ സുന്ദറിന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടില്ല. രണ്ടാം ഏകദിനത്തില്‍ 26-ാം ഓവറില്‍ മാത്രമായി അത് ചുരുങ്ങി. ന്യൂസിലൻഡിനെതിരെയും സുന്ദറിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എങ്ങനെ താരത്തെ ഉപയോഗിക്കണമെന്നതില്‍ വ്യക്തതയില്ലാത്തതുപോലെ. ഇവിടേക്കാണ് പാര്‍ട്ടൈം സ്പിന്നര്‍ തലക്കെട്ടുമായി ബദോനി വരുന്നതും.
ആറാം ബൗളറായി ഒരു ഓള്‍ റൗണ്ടര്‍. 2027 ഏകദിന ലോകകപ്പിലേക്ക് എത്തുമ്പോള്‍ സ്പിന്നറെന്നത് പേസറായി മാറിയേക്കും. തീര്‍ച്ചയായും ഹാര്‍ദിക്ക് പാണ്ഡ്യക്കായി കാത്തിരിക്കുന്ന കസേര തന്നെയാണത്. നിലവിലെ പരീക്ഷണങ്ങളുടെയൊക്കെ സാംരാംശം എന്തായിരുന്നുവെന്ന് അപ്പോഴറിയാം.