കിരീടമെന്ന ലക്ഷ്യം പാതിവഴിയില്‍ ബാക്കിയാക്കി ഒരിക്കല്‍ക്കൂടി പാക്കിസ്ഥാൻ ടീമിന് മടങ്ങേണ്ടി വന്നിരിക്കുന്നു. ലോകകപ്പില്‍ സല്‍മാൻ അഗയ്ക്കും കൂട്ടർക്കും പിഴച്ചതെവിടെയാണ്
ടൂർണമെന്റ് മുഴുവൻ പരിശോധിക്കു, ഞങ്ങളുടെ പ്രകടനം മികച്ചതായിരുന്നില്ല, ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് ശേഷം പാക്കിസ്ഥാൻ നായകൻ സല്‍മാൻ അലി അഗ പറഞ്ഞുവെച്ചു.
ലങ്കയ്ക്കെതിരെ 60 റണ്‍സിന്റെ വിജയം, ട്വന്റി 20 ലോകകപ്പില്‍ അവസാന നാലിലെത്താൻ പാക്കിസ്ഥാൻ അതായിരുന്നു അനിവാര്യമായിരുന്നത്. പതിനാറാം ഓവറിലെ അഞ്ചാം പന്തില്‍ ലങ്കൻ നായകൻ ദസുൻ ഷനക പാക്കിസ്ഥാന്റെ മോഹങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ അബ്രാർ അഹമ്മദിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. തന്റെ കണ്ണീര് മറയ്ക്കാൻ അയാള്‍ ശ്രമിച്ചു. കളത്തിലും ഗ്യാലറിയിലുമെല്ലാം പച്ചക്കുപ്പായമണിഞ്ഞവരുടെയെല്ലാം ശരീരഭാഷ ഒന്നായിരുന്നു, നിരാശ. കിരീടമെന്ന ലക്ഷ്യം പാതിവഴിയില്‍ ബാക്കിയാക്കി ഒരിക്കല്‍ക്കൂടി പാക്കിസ്ഥാൻ മടങ്ങുന്നു. ലോകകപ്പില്‍ സല്‍മാൻ അഗയ്ക്കും കൂട്ടർക്കും പിഴച്ചതെവിടെ.
അഗ്രസീവ് ക്രിക്കറ്റാണ് തങ്ങളുടെ ശൈലിയെന്ന് പ്രഖ്യാപിച്ചായിരുന്നു സല്‍മാൻ അഗ ടൂർണമെന്റിലേക്ക് എത്തിയത്. പക്ഷേ, അത്തരമൊരു ഫിലോസഫി കളത്തില്‍ നടപ്പാക്കൻ പാക്കിസ്ഥാന് കഴിഞ്ഞില്ല. ഇന്ത്യയോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടെങ്കിലും പാക് ബൗളിങ് നിരയ്ക്ക് ലോകകപ്പില്‍ നിന്ന് തലയുയര്‍ത്തി തന്നെ മടങ്ങാനാകും. വിശ്വകിരീടപ്പോരിന് മുൻപ് ലഭിച്ച ഹൈപ്പിനോട് നീതി പുലര്‍ത്താൻ അവര്‍ക്ക് ഒരു പരിധിക്കപ്പുറം സാധിച്ചുവെന്ന് പ്രകടനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ബാറ്റിങ് നിരയോ.
സഹീബ്‌സാദ ഫര്‍ഹാൻ എന്ന പേരിലേക്ക് പാക്കിസ്ഥാൻ ബാറ്റിന് നിര ചുരുങ്ങി. ട്വന്റി 20 ലോകകപ്പിന്റെ ഇന്നോളമുള്ള ചരിത്രത്തിലെ ഒരു ബാറ്ററുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഫര്‍ഹാൻ പുറത്തെടുത്തത്. സാക്ഷാല്‍ വിരാട് കോഹ്‍ലിയുടെ റെക്കോര്‍ഡ് പോലും മറികടന്നുള്ള റണ്‍വേട്ട. ആറ് ഇന്നിങ്സില്‍ നിന്ന് 383 റണ്‍സ്. രണ്ട് സെഞ്ചുറികള്‍, ഒരു ലോകകപ്പില്‍ ഇന്നേവരെ സംഭവിക്കാത്തത്. ഒപ്പം രണ്ട് അര്‍ദ്ധ ശതകങ്ങളുമുണ്ട്.
383 എന്ന ഒരു റണ്‍മല ഫര്‍ഹാൻ സൃഷ്ടിച്ചപ്പോള്‍ മറ്റൊരു പാക് ബാറ്റര്‍ക്കും ടൂര്‍ണമെന്റിലെ തങ്ങളുടെ ആകെ സ്കോര്‍ 120 കടത്താൻ കഴിഞ്ഞിട്ടില്ല. മധ്യനിര ബാറ്റര്‍മാരെല്ലാം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്നത് മാത്രമല്ല പൂര്‍ണമായും പരാജയപ്പെടുകയും ചെയ്തു. ഷദാബ് ഖാൻ 118 റണ്‍സ്, ബാബര്‍ അസം 91, സയിം ആയൂബ് 70, ഉസ്മാൻ ഖാൻ 60, സല്‍മാൻ അഗ 60 എന്നിങ്ങനെയാണ് പാക്കിസ്ഥാൻ ബാറ്റര്‍മാരുടെ ലോകകപ്പിലെ കണക്കുകള്‍. ഇതില്‍ 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റുള്ള ഫര്‍ഹാനും ഷദാബിനും മാത്രമാണ്.
പേസ് ബൗളറായ ഷഹീൻ ഷാ അഫ്രിദിയേക്കാള്‍ മോശം സ്ട്രൈക്ക് റേറ്റാണ് ടീമിലെ സ്റ്റാര്‍ ബാറ്റര്‍ ആയ ബാബര്‍ അസമിന്റേത്. മധ്യനിരയ്ക്ക് കെട്ടുറപ്പ് നല്‍കാൻ പാക്കിസ്ഥാൻ തിരഞ്ഞെടുത്ത ബാബര്‍ 112 സ്ട്രൈക്ക് റേറ്റിലായിരുന്നു ടൂര്‍ണമെന്റില്‍ ബാറ്റ് ചെയ്തത്. ശ്രീലങ്കയ്ക്ക് എതിരായ നിര്‍ണായക മത്സരത്തില്‍ ബാബറിനെ പുറത്തിരുത്താൻ വരെ മാനേജ്മെന്റ് തീരുമാനിച്ചു. ബാബറിനെ കളിപ്പിക്കുന്നതിനായി പാക്കിസ്ഥാൻ ഡഗൗട്ടില്‍ കാണിയാക്കിയത് ഫഖര്‍ സമാനെ.
ഫര്‍ഹാന് സമാനമായി ഒറ്റയ്ക്ക് മത്സരം മാറ്റിമറിക്കാൻ കെല്‍പ്പുള്ള താരം. ഫഖര്‍ ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ സംഭവിച്ചതെന്താണെന്ന് ശ്രീലങ്കയ്ക്ക് എതിരായ മത്സരം തെളിയിച്ചു. ഫര്‍ഹാൻ - ഫഖര്‍ സഖ്യം ഓപ്പണിങ് കൂട്ടുകെട്ടില്‍ ചേര്‍ത്തത് 176 റണ്‍സായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടുകെട്ട്. 42 പന്തില്‍ 84 റണ്‍സായിരുന്നു ഫഖര്‍ ലങ്കയ്ക്ക് എതിരെ സ്കോര്‍ ചെയ്തത്. സ്ട്രൈക്ക് റേറ്റ് 200.
പാക് ബാറ്റിങ് നിരയിലെ ഫര്‍ഹാൻ ഒഴികയുള്ള പേരുകളില്‍ തിളങ്ങിയ ഏക താരം ഫഖര്‍. അതും ലഭിച്ച രണ്ടേ രണ്ട് അവസരങ്ങളില്‍. ഇംഗ്ലണ്ടിനും ലങ്കയ്ക്കുമെതിരായ മത്സരങ്ങളില്‍ നിന്ന് സ്കോര്‍ ചെയ്തത് 109 റണ്‍സ്. 187 സ്ട്രൈക്ക് റേറ്റിലാണ് ഫഖര്‍ ടൂര്‍ണമെന്റില്‍ ബാറ്റ് ചെയ്തത്. പാക് നിരയില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും ഫഖറിനാണ്. മൈക്ക് ഹേസണിന്റെ തീരുമാനങ്ങള്‍ എത്രത്തോളം തിരിച്ചടിയായി എന്നതിന്റെ തെളിവുകൂടിയാണ് ഫഖറിന്റെ ഇന്നിങ്സുകള്‍.
ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറിയുള്ള ബാറ്റര്‍, മറ്റൊരു പാക് താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ്. വലിയ ഇന്നിങ്സുകള്‍ മികച്ച സ്ട്രൈക്ക് റേറ്റില്‍ കളിക്കാല്‍ കെല്‍പ്പുള്ള താരം, അതും സമ്മര്‍ദ സാഹചര്യങ്ങളില്‍. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരായ ഇന്നിങ്സ് ഉദാഹരണം. പക്ഷേ, ദീര്‍ഘകാലമായി മോശം ഫോമില്‍ തുടരുന്ന ബാബറിനായിരുന്നു മുൻതൂക്കം കല്‍പ്പിക്കപ്പെട്ടത്, നഷ്ടമാക്കിയത് കിരീടസാധ്യതകളും.


