കാലങ്ങളായുള്ള നാണക്കേട് മാറ്റാൻ പോന്നവൻ; ഹർഷിത് റാണയെ അധിക്ഷേപിച്ചത് മതി

Published : Jan 12, 2026, 03:03 PM IST
Harshit Rana

Synopsis

ഒടുവില്‍ ഹർഷിത് റാണ എന്ന പേരിന് ചുറ്റും ബിസിസിഐ വട്ടം വരച്ചതിന് പിന്നിലെ കാരണവും അവന്റെ മൂല്യവും പതിയെ തെളിയുകയാണ് മൈതാനത്ത്. വരും കാലങ്ങളില്‍ അത് കൂടുതല്‍ വ്യക്തമാകും

ഗൗതം ഗംഭീറിന്റെ ക്വോട്ട പ്ലെയര്‍, ചെണ്ട, അര്‍ഹതയില്ലാത്തവൻ...അങ്ങനെ നേരിട്ട അധിക്ഷേപങ്ങള്‍ക്ക് എണ്ണമില്ല. മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും എന്തിന് ലിമിറ്റഡ് ഓവറിലെ ഇന്ത്യയുടെ പ്രീമിയം ഇടം കയ്യൻ പേസറായ അര്‍ഷദീപ് സിങ്ങിന് മുകളിലും അവനെ പരിഗണിച്ചു. അപ്പോഴും തേടിയെത്തിയത് വിമര്‍ശനങ്ങള്‍ മാത്രം. എങ്കിലും, ടീം മാനേജ്മെന്റ് അവനില്‍ വിശ്വാസം അ‍ര്‍പ്പിക്കുന്നത് തുടര്‍ന്നു. ഒടുവില്‍ ആ പേരിന് ചുറ്റും ബിസിസിഐ വട്ടം വരച്ചതിന് പിന്നിലെ കാരണവും അവന്റെ മൂല്യവും പതിയെ തെളിയുകയാണ് മൈതാനത്ത്. ഹര്‍ഷിത് റാണ, The pace bowler India is grooming to be an all-rounder!

വഡോധരയില്‍ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യൻ മധ്യനിരയുടെ തകർച്ച പൊടുന്നനെയായിരുന്നു. 234-2 എന്ന നിലയില്‍ നിന്ന് 242-5 എന്ന സ്കോറിലേക്ക് വീണു. മടങ്ങിയത് ക്രീസില്‍ വെല്‍ സെറ്റില്‍ഡായിരുന്ന വിരാട് കോഹ്‍ലിയും ശ്രേയസ് അയ്യരും ഒപ്പം രവീന്ദ്ര ജഡേജയും. ജയിക്കാൻ 53 പന്തുകളില്‍ 59 റണ്‍സ്. ഡെസിഗ്നേറ്റഡ് ബാറ്ററായി കെ എല്‍ രാഹുല്‍ മാത്രം. പരുക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് പകരം ഏഴാമനായി ക്രീസിലെത്തിയത് ഹർഷിതായിരുന്നു. രാഹുലിന്റെ വിക്കറ്റ് സംരക്ഷിച്ച് കൗണ്ടര്‍ അറ്റാക്ക് ചെയ്യുക, അതായിരുന്നു ദൗത്യം..

ക്രീസിലെത്തിയപ്പോള്‍ മുതല്‍ ഹര്‍ഷിത് ദൗത്യം നിറവേറ്റാനുള്ള തിടുക്കത്തിലായിരുന്നു. നിരന്തരമുള്ള ശ്രമങ്ങള്‍ ആദ്യം ഫലം കണ്ടത് പത്താം പന്തിലാണ്. ക്രിസ്റ്റൻ ക്ലാര്‍ക്കിനെതിരെ ബാക്ക്‌വേഡ് പോയിന്റിലേക്ക് പായിച്ച് ബൗണ്ടറി. ശേഷം, 45-ാം ഓവറിലെ അവസാന പന്തില്‍ മിഡ് വിക്കറ്റിലേക്ക് പുള്‍ ഷോട്ടിലൂടെ സിക്‌സ്. അതും സ്ലോ ബോള്‍ കൃത്യമായി ജഡ്ജുചെയ്തുകൊണ്ട്. ക്ലാര്‍ക്ക് പിന്നീടെത്തിയപ്പോള്‍ കവറിലൂടെയും ബൗണ്ടറി നേടി ഹര്‍ഷിത്.

രാഹുലിനൊപ്പം ആറാം വിക്കറ്റില്‍ ചേര്‍ത്തത് 31 പന്തുകളില്‍ 37 റണ്‍സ്. ഇതില്‍ 29 റണ്‍സും ഹര്‍ഷിതിന്റെ ബാറ്റില്‍ നിന്നായിരുന്നു. മടങ്ങുമ്പോള്‍ ഹര്‍ഷിതിന്റെ സ്ട്രൈക്ക് റേറ്റ് 126 ആയിരുന്നു. ഇത്, രാഹുലിന്റെ മുകളിലെ സമ്മര്‍ദം ഒഴിവാക്കുകയും പിന്നീട് പരുക്കുണ്ടായിട്ടും ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദറിന് സാഹചര്യം എളുപ്പമാക്കിക്കൊടുക്കുകയും ചെയ്തു. ഒരുപക്ഷേ, ഹര്‍ഷിതിന്റെ സംഭാവന ഇല്ലായിരുന്നെങ്കില്‍ മത്സരം കൂടുതല്‍ സങ്കീ‍‍‍ര്‍ണമാകുമായിരുന്നു. ബാറ്റിങ്ങില്‍ മാത്രമായിരുന്നില്ല ഹര്‍ഷിതിന്റെ മികവ്, ബൗളിങ്ങിലും പ്രതിഫലിച്ചു.

ഡെവോണ്‍ കോണ്‍വെയും ഹെൻറി നിക്കോള്‍സും ചേര്‍ന്നുള്ള ന്യൂസിലൻഡിന്റെ ഓപ്പണിങ്ങ് കൂട്ടുകെട്ടൊരു കൂറ്റൻ ലക്ഷ്യത്തിനുള്ള അടിത്തറപാകുകയായിരുന്നു. തന്റെ ആദ്യ സ്പെല്ലിന് ശേഷം ഹര്‍ഷിതിന് ഗില്‍ പന്ത് കൈമാറുന്നത് 22-ാം ഓവറിലാണ്. നിക്കോള്‍സിനെ ഹര്‍ഷിത് വീഴ്ത്തിയതിന് പിന്നിലുണ്ടായിരുന്നു ബ്രില്യൻസ്. തുടരെ രണ്ട് ഷോര്‍ട്ട് ബോളുകള്‍, വഴങ്ങിയത് രണ്ട് ബൗണ്ടറി. ശേഷം, നിക്കോള്‍സിന് നല്‍കിയതൊരു വൈഡ് സ്ലോ ബോള്‍. നിക്കോള്‍സിന്റെ ജഡ്ജ്മെന്റ് തെറ്റി, സ്ക്വയ‍ര്‍ ലക്ഷ്യമാക്കി ബാറ്റ് വെച്ചു. പന്ത് എഡ്ജ് ചെയ്ത് രാഹുലിന്റെ കൈകളില്‍. 117 റണ്‍സിന്റെ കൂട്ടുകെട്ടിന് അവസാനം.

തന്റെ തൊട്ടടുത്ത ഓവറില്‍ കോണ്‍വയേയും മടക്കി. അതും കോണ്‍വെയുടെ പ്രതിരോധത്തെ തകര്‍ത്തൊരു ഇൻസ്വിങ്ങര്‍, അബ്‌സല്യൂട്ട് ബ്യൂട്ടി. 24-ാം ഓവറിലാണ് ഹര്‍ഷിതിന്റെ പന്തില്‍ നിന്ന് മൂവ്മെന്റ് ഉണ്ടായത് എന്നതുകൂടി ഓര്‍ക്കണം. പത്ത് ഓവറില്‍ 65 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളായിരുന്നു ഹര്‍ഷിതിന്റെ നേട്ടം, അതും ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍. ഹര്‍ഷിതിന്റെ റണ്‍റേറ്റാണ് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്ന മറ്റൊന്ന്. അതിന് പിന്നിലുമുണ്ട് ചൂണ്ടിക്കാണിക്കാൻ ചിലത്.

നിരവധി വേരിയഷനുകള്‍ പരീക്ഷിക്കുന്ന ബൗളറാണ് ഹര്‍ഷിത്. സ്റ്റമ്പിനെ ലക്ഷ്യമാക്കും, പേസ് ഓഫ് ഡെലിവെറികള്‍, പിന്നാലെ വൈഡ്, യോര്‍ക്കര്‍, വൈഡ് യോര്‍ക്കര്‍, ഷോര്‍ട്ട് പിച്ച് ഡെലിവെറികള്‍, സ്ലോ ബോളുകള്‍...ഇത് ബാറ്റര്‍മാരുടെ റിഥത്തെ ബാധിക്കുന്ന ശൈലിയാണ്. റാണയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കണമെന്നതില്‍ കൃത്യമായ ധാരണയുമുണ്ടാകില്ല. ഇതാണ് ന്യൂസിലൻഡ് ഓപ്പണര്‍മാരുടെ വിക്കറ്റുകളിലേക്ക് നയിച്ചതും.

റാണയുടെ റണ്‍ റേറ്റ് ഇന്ത്യയെ ബാധിക്കാത്തതിന്റെ കാര്യം മറുവശത്ത് അത് നികത്താൻ ജസ്പ്രിത് ബുമ്ര, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് പോലുള്ള താരങ്ങള്‍ക്കൂടി ഉള്ളതുകൊണ്ടാണ്. ഇത് തന്നെയായിരുന്നു 2027 ഏകദിന ലോകകപ്പിനിറങ്ങുമ്പോഴും ഇന്ത്യയുടെ തന്ത്രം.

ഇന്ത്യയെ ദുര്‍ബലമാക്കുന്ന ഒന്നാണ് ടെയില്‍ എൻഡ് ബൗളര്‍മാരുടെ ബാറ്റുകൊണ്ടുള്ള പരാജയം. ഇംഗ്ലണ്ട്, ഓസ്ട്രേലിയ പോലുള്ള ടീമുകളുടെ കാര്യം വ്യത്യസ്തമാണ്. അതുകൊണ്ട്, അവസാന ഓവറുകളില്‍ ഓള്‍ റൗണ്ടറായ റാണയുടെ സാന്നിധ്യം നിര്‍ണായകമാകും. ദക്ഷിണാഫ്രിക്കയിലെ പേസിന് അനുകൂലമായ വിക്കറ്റുകളില്‍ റാണയുടെ പ്രധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ടീമില്‍ നിലനിര്‍ത്തുന്നതും. അതുകൊണ്ട് ലോകകപ്പ് ടീമിലേക്കുള്ള റേസില്‍ ഹര്‍ഷിതിന്റെ പേര് മുന്നില്‍ത്തന്നെയുണ്ടാകും.

PREV
Read more Articles on
click me!

Recommended Stories

അഗ്രസീവ് വേർഷനില്‍ വിരാട് കോഹ്‌ലി; അപ്‌ഗ്രേഡ് 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടോ?
ഡബ്ല്യുപിഎല്‍ 2026: സൂപ്പർ സജന! മുംബൈ ഇന്ത്യൻസിന്റെ രക്ഷകയായി വയനാട്ടുകാരി