ഒടുവില്‍ ഓസ്ട്രേലിയയും കീഴടങ്ങി, 22-ാം വയസില്‍ ഇതിഹാസം! ഇത് കാര്‍ലോസ് അല്‍ക്കാരസിന്റെ കാലം

Published : Feb 02, 2026, 12:01 PM IST
 Carlos Alcaraz

Synopsis

ജോക്കോ മെല്‍ബണിലെ നീലക്കോര്‍ട്ടിലേക്ക് ആദ്യമായി റാക്കറ്റേന്തി എത്തുമ്പോള്‍ കാര്‍ലോസ് ആല്‍ക്കാരസിന് പ്രായം വെറും ഒരു വയസാണ്. മെല്‍ബണിലെ അധിപനെ കീഴടക്കി ഇതിഹാസപ്പട്ടവും നേടി

“22 വയസ് മാത്രമെ അവന് പ്രായമുള്ളു, ഏഴ് ഗ്രാൻഡ് സ്ലാമുകള്‍, അവിശ്വസനീയം. അവന്റെ കാര്യത്തില്‍ സാധ്യമല്ലാത്തത് ഒന്നുമില്ല, ഇതിനോടകം തന്നെ ഇതിഹാസമായിരിക്കുന്നു.” ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിന് ശേഷം കാര്‍ലോസ് അല്‍ക്കാരസിനെക്കുറിച്ച് നൊവാക്ക് ജോക്കോവിച്ച് പറഞ്ഞുവെച്ചു.

ജോക്കോ മെല്‍ബണിലെ നീലക്കോര്‍ട്ടിലേക്ക് ആദ്യമായി റാക്കറ്റേന്തി എത്തുമ്പോള്‍ ആല്‍ക്കാരസിന് പ്രായം വെറും ഒരു വയസാണ്. രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു, അസാധാരണ ചെറുത്തുനില്‍പ്പുകളുടെ പര്യായമായി അയാളിന്നും കളത്തിലുണ്ട്.

റോഡ് ലേവര്‍ അറീനയിലെ വെള്ളിവെളിച്ചതിന് കീഴില്‍ മൂന്ന് മണിക്കൂറും രണ്ട് മിനുറ്റും. ഒടുവില്‍ ജോക്കോയുടെ ഫോര്‍ഹാൻഡിന് പിഴയ്ക്കുകയാണ്. ഇതിഹാസപ്പടവുകള്‍ കയറ്റിയ കോര്‍ട്ടില്‍ ജോക്കോവിച്ച് വീഴുമ്പോള്‍, അല്‍ക്കാരസ് ടെന്നീസ് ചരിത്രത്തിലെ അതിശയമാകുകയായിരുന്നു. കരീര്‍ സ്ലാം പൂര്‍ത്തിയാക്കി, അതും കേവലം 22-ാം വയസില്‍. ഒരു നിയോഗം പോലെ റാഫേല്‍ നദാല്‍ സാക്ഷി.

2-6, 6-2, 6-2, 7-5. സ്കോര്‍‍ബോര്‍ഡിലെ അക്കങ്ങള്‍ അപ്രസക്തമായ ഒരു രാത്രിയെന്നുപോലും പറയാം. കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു ജോക്കോ. പ്രിസൈസായുള്ള സര്‍വുകള്‍, ക്ലീൻ ഫോര്‍ഹാൻഡ്, അല്‍ക്കാരസിന് സമയവും കോര്‍ട്ട് സ്പേസും നിഷേധിച്ച് ജോക്കോവിച്ചിന്റെ ടോപ് ലെവല്‍ ടെന്നീസ് കണ്ട ആദ്യ സെറ്റ്. അല്‍ക്കാരസെന്ന ജീനിയസിനെ സമീപകാലത്തൊന്നും മറ്റൊരാളും ഇത്രത്തോളം ഡൊമിനേറ്റ് ചെയ്തതായി തോന്നിയിട്ടില്ല. ജോക്കോയുടെ സര്‍വുകള്‍ക്കും റിട്ടേണുകള്‍ക്കും ഉത്തരമില്ലാതെ അല്‍ക്കാരസ് തുടര്‍ന്ന അരമണിക്കൂര്‍.

സമ്മര്‍ദം, ജോക്കോവിച്ച് ഡൊമിനേറ്റ് ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഇതിഹാസങ്ങള്‍ക്കുപോലും പിഴച്ച ചരിത്രമുണ്ട്. പക്ഷേ, കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണില്‍ ജോക്കോവിച്ചിന് മുന്നില്‍ അടിപതറിയ അല്‍ക്കാരസായിരുന്നില്ല കളത്തില്‍. He was more matured and composed this time.

ആദ്യ സെറ്റിലെ പവറിന് മുൻതൂക്കം കൊടുത്തുള്ള സമീപനം തിരുത്തി. ബാക്ക്‌ഹാൻഡിലേയും ഫോര്‍ഹാൻഡിലേയും കൃത്യത തിരികെയെത്തി. ബേസ്‌ലൈൻ ഗെയിംപ്ലെ കുറ്റമറ്റതാക്കി. അസാധരണ പ്രതിരോധവും കോര്‍ട്ട് കവറിങ്ങും. ഓരോ പോയിന്റ് കഴിയും തോറും അല്‍ക്കാരസ് തന്റെ ലെവല്‍ ഉയര്‍ത്തുകയും ജോക്കോവിച്ചിന്റെ ഊർജം നഷ്ടമാകുകയുമായിരുന്നു.

ടെന്നീസ് കണ്ട ഏറ്റവും ഇന്റലിജെന്റായ താരങ്ങളിലൊരാളാണ് ജോക്കോവിച്ച്, അതിന്റെ ഉദാഹരണമായിരുന്നു യാനിക്ക് സിന്നറിനെതിരായ സെമി ഫൈനല്‍. സിന്നറിന്റെ ശക്തി-ദൗര്‍ബല്യങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന ഉത്തമബോധ്യത്തോടെയായിരുന്നു ജോക്കോവിച്ച് സെമിയില്‍ ഇറങ്ങിയത്. അല്‍ക്കാരിസിനെതിരെയും സമീപനത്തില്‍ മാറ്റമുണ്ടായിരുന്നില്ല. പക്ഷേ, അല്‍ക്കാരസ് ക്ലിനിക്കലായിരുന്നു.

ജോക്കോവിച്ചിന്റെ തളരുന്ന കാലുകളെ അനായാസം കീഴടക്കുകയായിരുന്നില്ല അല്‍ക്കാരസ്. ജോക്കോവിച്ചെന്ന ടാക്റ്റിക്കല്‍ മാസ്റ്ററിന് അതിന്റെ എല്ലാ ബഹുമാനവും നല്‍കി തന്നെയായിരുന്നു നേരിട്ടതും ഔട്ട്‌പ്ലെ ചെയ്തതും. വൈഡ് ആംഗിള്‍ റിട്ടേണുകളും ബോഡി റിട്ടേണുകളും നല്‍കി ജോക്കോവിച്ചിന് ആംഗിള്‍ സൃഷ്ടിക്കാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല. ജോക്കോ ഔട്ട് സൈഡ് നെറ്റ് റിട്ടേണോടെ റോഡ് ലേവര്‍ അറീനയെ ത്രസിപ്പിച്ചപ്പോള്‍പ്പോലും അല്‍ക്കാരസിന് മറുപടിയുണ്ടായിരുന്നു. അണ്‍റിയല്‍ മൊമന്റ്.

നിര്‍ണായകമായ നാലാം സെറ്റില്‍ ഊര്‍ജം വീണ്ടെടുത്ത ജോക്കോയെയായിരുന്നു കണ്ടത്. അല്‍ക്കാരസിനെ ബ്രേക്ക് ചെയ്യാനുള്ള അവസരം വരെ ലഭിച്ചിരുന്നു ജോക്കോയ്ക്ക്. പക്ഷേ, ദൈര്‍ഘ്യമേറിയ റാലികളിലൂടെ ജോക്കോവിച്ചിന് സമ്മര്‍ദം തിരികെ നല്‍കിയും മൊമന്റുകള്‍ തനിക്ക് അനുകൂലമാക്കിയും അല്‍ക്കാരസ് എന്ന ടെന്നീസ് ആല്‍കെമിസ്റ്റ് മെല്‍ബണില്‍ പഴുതുകളെല്ലാം അടച്ചു. സെര്‍ബിയൻ താരത്തിന്റെ 25-ാം ഗ്രാൻഡ് സ്ലാമെന്ന മോഹത്തിനായുള്ള കാത്തിരിപ്പ് കാര്‍ലിറ്റോസ് നീട്ടിയിരിക്കുന്നു. ഓസ്ട്രേലിയൻ ഓപ്പണിലേക്ക് എത്തുമ്പോള്‍ ആല്‍ക്കാരസിന് മുകളില്‍ സമ്മര്‍ദം ചെറുതായിരുന്നില്ല. ഇതിഹാസമെന്ന തലക്കെട്ട് നേടുമ്പോഴും അകന്നുനിന്ന ഓസ്ട്രേലിയൻ ഓപ്പണ്‍. പരിശീലകൻ ജുവാൻ കാര്‍ലോസുമായുള്ള വേര്‍പിരിയല്‍. ജുവാന്റെ സഹായിയായിരുന്നു സാമുവല്‍ ലോപസിനൊപ്പമുള്ള ആദ്യ ഗ്രാൻഡ് സ്ലാം. പക്ഷേ, ഉത്തരം കിരീടത്തിലൂടെ നല്‍കി സ്പാനിഷ് താരം. ടൂര്‍ണമെന്റില്‍ ആകെ ഡ്രോപ് ചെയ്തത് മൂന്ന് സെറ്റുകള്‍ മാത്രം. അതില്‍ രണ്ടെണ്ണം സ്വരേവിനെതിരെ പരുക്കേറ്റ് തുടര്‍ന്നപ്പോള്‍.

ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം അല്‍ക്കാരസ് നേടുമ്പോള്‍ ഫൈനല്‍ ഓര്‍മ്മിക്കപ്പെടുക ജോക്കോവിച്ചിന്റെ കൂടെ പേരിലായിരിക്കും. 39-ാം വയസിലേക്ക് അടുക്കുന്നു, ഗ്രാൻഡ് സ്ലാം ഫൈനല്‍. സമകാലീനര്‍ ഗ്യാലറിയുടെ മുൻനിരയിലുള്ളപ്പോഴും അയാള്‍ കോര്‍ട്ടില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുകയാണ്. ഒരുപക്ഷേ, ജോക്കോയുടെ അവസാന ഓസ്ട്രേലിയൻ ഓപ്പണായിരിക്കാം ഇത്, പത്ത് കിരീടങ്ങള്‍ക്കൊടുവില്‍ മടക്കം.

കൊതിച്ച കിരീടം ഒടുവില്‍ അല്‍ക്കാരസിന്റെ കൈകളിലെത്തിയിരിക്കുന്നു. ഇനി ടെന്നീസ് ലോകത്ത് അയാളുടെ കാലം, ഒപ്പം സിന്നറും.

PREV
Read more Articles on
click me!

Recommended Stories

ഇനി എന്ത് പറഞ്ഞ് ന്യായീകരിക്കും! ലോകകപ്പില്‍ സഞ്ജു പുറത്തിരിക്കുമോ?
'അണ്‍ബ്രേക്കബിള്‍' നൊവാക് ജോക്കോവിച്ച്; ഇയാളെന്തൊരു മനുഷ്യനാ!